കൊല്ലം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠപുസ്തക വില്പനയില്‍ ദുരിതം പേറി പ്രിന്‍സിപ്പാളുമാര്‍. ആവശ്യക്കാരുടെ എണ്ണം മുന്‍കൂട്ടി നിശ്ചിയിക്കാന്‍ കഴിയാതെ വരുന്നതാണ് പ്രിന്‍സിപ്പാളുമാരുടഡെ ദുരിതത്തിന് കാരണം.
അവധിക്കാലത്ത് സമയബന്ധിതമായി ടെക്സ്റ്റ് ബുക്കിന് ഇന്‍ഡന്‍ഡ് നല്‍കേണ്ടി വരുന്ന പ്രിന്‍സിപ്പാളിന് വരാനിരിക്കുന്ന കുട്ടികളില്‍ ആര്‍ക്കൊക്കെ പുസ്തകം വേണ്ടി വരുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ ആകാത്തതിനാല്‍ ഏകദേശ കണക്ക് മാത്രമേ നല്‍കാനാവൂ. അഡ്മിഷനെടുക്കുന്ന കുട്ടികള്‍ പുസ്തകമെടുത്തില്ലങ്കില്‍ പുസ്തകം കെട്ടിക്കിടക്കും. കൂടാതെ സമയത്തിന് പുസ്തകങ്ങള്‍ സ്‌കൂളിലെത്താത്തതിനാല്‍ കുട്ടികള്‍ പുറത്തുനിന്ന് വാങ്ങുന്നതിനാലും പുസ്തകങ്ങള്‍ കെട്ടിക്കിടക്കും. ഇനി മതിയായ എണ്ണം കാണിക്കാതെ ഇന്‍ഡന്റ് കൊടുത്താല്‍ കുട്ടികള്‍ക്ക് പുസ്തകം കിട്ടാതെ വരികയും ചെയ്യും. ഇതിന്റെയും ബാധ്യതയും ഉത്തരവാദിത്വവും അതത് വര്‍ഷം പ്രിന്‍സിപ്പാളിന് ഏല്‍ക്കേണ്ടി വരുന്നു.
സാമ്പത്തിക ബാധ്യത ഭയപ്പെട്ട് ഇന്‍ഡന്റ് നല്‍കാന്‍ പോലും പ്രിന്‍സിപ്പാളുമാര്‍ തയ്യാറാകാത്ത പ്രവണത വര്‍ധിക്കുകയാണ്. റിട്ടയര്‍മെന്റ് സമയത്ത് പല പ്രിന്‍സിപ്പാളുമാര്‍ക്കും എന്‍എല്‍സിക്കായി കൈയില്‍ നിന്നും പണമടച്ച് ബാധ്യത തീര്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ കിട്ടി പോകുന്നവര്‍ക്കും പുതുതായി ചാര്‍ജ്ജ് എടുക്കുന്നവര്‍ക്കും ഈ സാമ്പത്തികബാധ്യത പൊല്ലാപ്പായി മാറിയിരിക്കുകയാണ്. പുസ്തക വിതരണത്തിന് ജില്ലാതല ഡിപ്പോകളില്ലാത്തതിനാലും വിതരണത്തിന് സ്വകാര്യഏജന്‍സികളെ ഏല്പിക്കുന്നതിനാലും എടുത്ത പുസ്തകങ്ങള്‍ വിറ്റശേഷം ബാക്കി തിരിച്ചേല്‍പ്പിക്കാനോ തിരിച്ചെടുപ്പിക്കനോ കഴിയാത്തതാണ് ബാധ്യത പ്രിന്‍സിപ്പാളുമാരുടെ തലയില്‍ വരാന്‍ കാരണമാകുന്നതെന്ന് കേരളാ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ അസോസിയേഷന്‍ പറയുന്നു.
ഓഫീസ് ജീവനക്കാര്‍ പോലുമില്ലാത്ത മുഴുവന്‍സമയ അദ്ധ്യാപകനായ പ്രിന്‍സിപ്പാളിനെ പുസ്തക വില്പനക്കാരനാക്കി ബുദ്ധിമുട്ടിച്ച് വില്ക്കാത്ത പുസ്തകങ്ങളുടെ വിലയും അതിന്റെ പലിശയും സ്വന്തം കൈയില്‍ നിന്ന് അടപ്പിക്കുന്ന അന്യായത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് സി ആപ്റ്റിനെ അറിയിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: