കൊച്ചി: അടിമുടി വ്യാകരണത്തെറ്റുകള്‍ നിറഞ്ഞ ഈ കാലഘട്ടത്തിന്റെ ഉടല്‍വടിവ് നേരെയാക്കുക എന്ന മഹാദൗത്യമേറ്റെടുത്ത പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മകള്‍ക്ക് മൂന്ന് വയസ്. അധര്‍മ്മത്തെ ധര്‍മ്മമെന്ന് വാഴ്ത്തുകയും അധര്‍മ്മികള്‍ ധര്‍മ്മപ്രഭാഷണം നടത്തുകയും ചെയ്യുന്ന തലതിരിഞ്ഞ ഈ കലികാലത്തിലും കൃഷ്ണദൗത്യം നിറവേറ്റിയ വിശ്വംഭരന് മാഷ് സാന്നിധ്യം കൊണ്ടും തീക്ഷ്ണമായ ചിന്തകള്‍ കൊണ്ടും കേരളത്തിന്റെ ധാര്മ്മികപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. തപസ്യ കലാസാഹിത്യവേദിക്ക് കരുത്തായി, ജന്മഭൂമിക്ക് പത്രാധിപരായി, അമൃതഭാരതിക്ക് നാഥനായി, സംശയാത്മാക്കളായ അനേകലക്ഷം പാര്ത്ഥന്മാര്ക്ക് ധര്‍മ്മഗീത പകര്‍ന്ന ആചാര്യനായി മലയാളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം.
തപസ്യ കേരളത്തിലുടനീളം നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രകള്‍, ഭാരതസ്വാതന്ത്ര്യത്തിന്റെ സുവര്‍ണജയന്തി വേളയില്‍ നടന്ന സുവര്‍ണജയന്തി രഥയാത്രകള്‍ തുടങ്ങിയ സാംസ്കാരിക മുന്നേറ്റങ്ങളുടെ മുന്‍നിരക്കാരനായിരുന്നു തുറവൂര്‍ വിശ്വംഭരന്. ആദ്യം സമകാലിക മലയാളത്തിലെ പരമ്പരയായും പിന്നെ അമൃത ടിവിയിലെ ഭാരതദര്ശനമായും നിറഞ്ഞ അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രഭാഷണവേദികളിലൂടെ കെട്ടുകഥകള്‍ കെടുത്തിക്കളഞ്ഞ ധര്മ്മപ്രകാശത്തെ ഒരു തലമുറയുടെ ജീവിതത്തിലേക്കും ആദര്‍ശത്തിലേക്കും സംക്രമിപ്പിക്കുകയായിരുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ തുറവൂര്‍ വിശ്വംഭരന് അനുസ്മരണം ഗൂഗിള്‍ മീറ്റ് വഴി ഇന്ന് വൈകിട്ട് ആറിന് നടക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എം.വി. ബെന്നി അനുസ്മരണ ഭാഷണം നടത്തും. ‘തപസ്യയും തുറവൂര്‍ വിശ്വംഭരനും’ എന്ന വിഷയത്തില്‍ തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ശ്രീഹര്ഷന് പ്രഭാഷണം നടത്തും. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്, ഡോ.ആര്. അശ്വതി, അനൂപ് കുന്നത്ത്, കെ. സതീഷ്ബാബു എന്നിവര്‍ സംസാരിക്കും.
ഇത്തവണത്തെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സ്മാരക പുരസ്കാരം കവിയും തുളസീദാസ രാമായണത്തിന്റെ വിവര്‍ത്തകനുമായ പ്രൊഫ.സി.ജി. രാജഗോപാലിന് പിന്നീട് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയില്‍ സമര്‍പ്പിക്കുമെന്ന് തപസ്യ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: