വാഷിംഗ്ടണ്‍: കോവിഡ് 19ന് പ്രതിവിധിയിലേക്ക് നയിക്കുന്ന കണ്ടെത്തല്‍ നടത്തിയ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനിയ്‌ക്ക് 25,000 ഡോളറിന്റെ യു.എസ് പാരിതോഷികം. അമേരിക്കയിലെ ടെക്സാസിലെ ഫ്രിസ്കോയില്‍ താമസിക്കുന്ന പതിനാലുകാരി അനിക ചെബ്രോലുവാണ് ഈ നേട്ടത്തിന് ഉടമ.
2020 3എം യംഗ് സയന്റിസ്റ്റ് ചലഞ്ചില്‍ പങ്കെടുത്തുകൊണ്ടാണ് അനിക കോവിഡിനെതിരെ ഫലപ്രദമായ ഒരു തെറാപ്പി ചികിത്സ നിര്‍ദേശിച്ചത്. കോവിഡിന് കാരണമായ വൈറസിനെ പ്രതിരോധിക്കുന്ന തന്മാത്രകള്‍ അടങ്ങിയ പ്രോട്ടീന്‍ സംയുക്തം വേര്‍തിരിച്ചെടുത്താണ് അനിക ശ്രദ്ധേയയായത്. ഇത് ഫലപ്രദമായ മരുന്ന്, വാക്സിന്‍ എന്നിവ വികസിപ്പിക്കുന്നതില്‍ ഏറെ പ്രധാനമാണ്.
അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ അനിക പറഞ്ഞു. ജലദോഷപ്പനിയെ പ്രതിരോധിക്കാനുള്ള ഗവേഷണത്തിലായിരുന്ന അനിക പിന്നീട് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗവേഷണം അതിലേക്ക് തിരിച്ചു.
ഒന്നിലധികം കമ്പ്യൂട്ടർ പ്രോഗ്രാമുകളുപയോഗിച്ചാണ് അനിക സൂക്ഷ്മകണത്തെ വികസിപ്പിച്ചത്. ഇതിനായി ഇന്‍ സിലിക്കോ മെത്തഡോളജിയാണ് അനിക ഉപയോഗപ്പെടുത്തിയത്. അനികയുടെ ഗവേഷണഫലം ജീവനുള്ള വസ്തുവില്‍ പരീക്ഷിച്ച കാര്യത്തില്‍ വ്യക്തതയില്ല.
ഒരു മെഡിക്കല്‍ ഗവേഷകയും അദ്ധ്യാപികയും ആകണമെന്നാണ് അനികയുടെ ആഗ്രഹം. കെമിസ്ട്രി അധ്യാപകനായ മുത്തശ്ശനാണ് ശാസ്ത്രത്തിലുള്ള തന്റെ താത്പര്യം മനസിലാക്കി പ്രോത്സാഹനം നല്‍കിയതെന്ന് അനിക പറഞ്ഞു. ‘കഴിഞ്ഞ രണ്ട് ദിവസമായി, എന്റെ പ്രോജക്റ്റ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഈ മഹാമാരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഇത്. ഉടന്‍ തന്നെ ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇത്തരം കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ അനിക സിഎന്‍എന്നിനോട് പറഞ്ഞു.
നന്നായി പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന അനിക മികച്ച ഒരു ഭരതനാട്യം നര്‍ത്തകി കൂടിയാണ്. മികച്ച യുവ ശാസ്ത്രജ്ഞയ്‌ക്കുള്ള സമ്മാനവും പദവിയും നേടിയത് ഒരു ബഹുമതിയാണെന്നും എന്നാല്‍ തന്റെ ജോലി പൂര്‍ത്തിയായിട്ടില്ലെന്നും അനിക പറഞ്ഞു.
മഹാമാരിയുടെ രോഗാവസ്ഥയും മരണനിരക്കും നിയന്ത്രിക്കാന്‍ പോരാടുന്ന ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് അനികയുടെ ലക്ഷ്യം. സ്വന്തം കണ്ടെത്തലുകള്‍ വൈറസിന് യഥാര്‍ത്ഥ പരിഹാരമായി വികസിപ്പിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയും അനികയ്‌ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: