കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കുറ്റക്കാരായ പ്രതികളെ വെറുതെവിട്ട കേസ് അട്ടിമറിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്, ശിശുക്ഷേമ സമിതി അധ്യക്ഷന്‍, എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
പുനര്‍വിചാരണ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ നടത്തിപ്പിലും, അന്വേഷണത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് തുറന്ന് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ അന്വേഷണവീഴ്ചകള്‍ തുറന്ന് സമ്മതിച്ച സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി അനിവാര്യമാണ്. കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സോജന് ആണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നല്കി എസ്പി ആയി നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശിശുക്ഷേമം ഉറപ്പുവരുത്തേണ്ട സമിതി അധ്യക്ഷനായി സിപിഎം നിയോഗിച്ച അഡ്വ. എന്‍. രാജേഷ് ആണ് ഒരു പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായതും, വാദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി കുടുംബത്തില്‍ പെട്ട കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തയാറായില്ലെന്നത് പോലീസിന്റെ അനാസ്ഥയും, കടുത്ത വീഴ്ചയുമാണ്. വാളയാര്‍ കേസ് പുനരന്വേഷിക്കുക, കൊലക്കുറ്റം ചുമത്തി കേസെടുക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കുക, ഇരകളുടെ രക്ഷിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യമുന്നയിച്ച് ഹിന്ദു ഐക്യവേദി പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജു പറഞ്ഞു. പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമരൂപം നല്കാന് 25ന് സംഘടനാ നേതാക്കളുടെ നേതൃയോഗം ഗൂഗിള്‍ മീറ്റിലൂടെ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: