‘പുറം രാജ്യത്തുനിന്നു വന്ന ഒരു സംസ്കാരത്തിനും അന്യമതങ്ങളെ, അന്യസങ്കുചിത ചിന്താഗതികളെ സ്വന്തം ചിന്താഗതിയുടെ ഭാഗമാക്കി മാറ്റാന്‍ സാധ്യമല്ല. ഹിന്ദുമതത്തിന് അത് സാധിച്ചിട്ടുണ്ട്. ആ സാധ്യത ഇനിയും നിലനിര്‍ത്താന്‍ കഴിയണം എന്ന് ആഗ്രഹിക്കുന്നു’ ഹിന്ദു മതത്തെക്കുറിച്ച് അക്കിത്തത്തിന്റെ വാക്കുകളാണിവ. ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും അടിസ്ഥാനപരമായ സംസ്കാരം ഈ രാജ്യത്തുണ്ടായിരുന്നു. ഈ സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ് നാം നിലനില്‍ക്കുന്നത് എന്നതില്‍ സന്തോഷിക്കുകയാണു വേണ്ടത്.
ഈ രാജ്യത്ത് മതപരിവര്‍ത്തനം ചെയ്യാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുപോവുകയാണെങ്കില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ മുഴുവന്‍ മറ്റേതോ സങ്കുചിത മതങ്ങളില്‍ ചെന്നു പെടുകയും, അങ്ങനെ ആ രണ്ടു മതങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ എവിടെ നില്‍ക്കണം. അങ്ങനെ യുദ്ധമുണ്ടാകുമെങ്കില്‍ ആ യുദ്ധത്തെ നിരോധിക്കാന്‍ കഴിയുന്ന മതം ഹിന്ദുമതം തന്നെയാണ് എന്നു പറയാന്‍ കഴിയുന്ന ഒരു ചിന്താഗതി ഇവിടെ നിലനില്‍ക്കണം.’
1987 ല്‍ എറണാകുളത്ത് നടന്ന തപസ്യ 11-ാം വാര്‍ഷികോത്സവത്തില്‍ ഉദ്ഘാടകന്‍ കന്നട നോവലിസ്റ്റ് ശ്രീകൃഷണ അലഹനഹള്ളിയുടെ ഹിന്ദുത്വത്തെ ക്കുറിച്ചുള്ള സംശയത്തിന് വേദിയില്‍ വെച്ചു തന്നെ അക്കിത്തം നല്കിയ മറുപടിയാണിത്.
ക്രിസ്ത്യാനികളെയും മുസല്മാന്മാരെയും ജൂതന്മാരെയും എല്ലാവരെയും ഹിന്ദുവായി കാണാന്‍ കഴിയുന്നവരാണ് തപസ്യയിലുള്ളത് എന്നും അക്കിത്തം പറഞ്ഞു.
തപസ്യയുടെ ഹിന്ദുമതം വിശ്വധര്‍മിയാണെങ്കില്‍ ഞാന്‍ ഹിന്ദുവാണെന്നും അതേസമയം വൈദിക ധര്‍മിയാണ് തപസ്യയുടെ ഹിന്ദുമതമെങ്കില്‍ ഞാന്‍ അതിന്റെ ശത്രുവാണെന്നുമാണ് അലഹനഹള്ളി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചത്. തപസ്യയില്‍ പ്രവര്‍ത്തിക്കുന്ന
ആരും വൈദിക ധര്‍മിയായ ഹിന്ദുമതത്തിന്റ ആരാധകന്മാരല്ല എന്നായിരുന്നു അക്കിത്തം മറുപടി നല്‍കിയത്
പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
തപസ്യയുടെ ഉദ്ഘാടന സമ്മേളനം അവസാനിച്ചമാതിരിയാണല്ലോ. ഒരു ഉപസംഹാര പ്രസംഗം കൂടിയായാല്‍ തരക്കേടില്ലെന്ന് ചില ആളുകള്‍ അഭിപ്രായപ്പെട്ടു. ഇവിടെ കഴിഞ്ഞ പ്രസംഗങ്ങളുടെ ആകെത്തുകയായി എന്റെ മനസ്സില്‍ ബാക്കി നില്ക്കുന്ന ഭാവങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ പെട്ടെന്ന് ഒരു നിമിഷം പേറിയെടുത്ത് സംസാരിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷം ശ്രീകൃഷ്ണ ആലനഹള്ളി ഉദ്ഘാടന പ്രസംഗത്തില്‍ ഹൃദയത്തിലുള്ള ഭാവങ്ങളെ യാതൊന്നിനെയും മറച്ചുവയ്ക്കാതെ സംസാരിച്ചു എന്നുള്ളതില്‍ അദ്ദേഹത്തോടുള്ള നന്ദിയാണ്. ഇങ്ങനെ ഹൃദയം തുറന്ന് സംസാരിക്കാവുന്ന ഒരു വേദിയാണ് തപസ്യ ഉണ്ടാക്കാനാഗ്രഹിക്കുന്നത്, ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്, ഇനിയും ഉണ്ടാക്കാന്‍ പോകുന്നത്.
ഇത്രയും സ്പഷ്ടമായ രീതിയില്‍ തന്റെ ഹൃദയത്തിന്റെ വേദനകള്‍ ആവിഷ്കരിച്ച പ്രസംഗം കഴിഞ്ഞ കൊല്ലം എം.വി. ദേവന് നടത്തിയിരുന്നു. എങ്കിലും ഇത്രയും ശക്തിമത്തായ ഒരു ഭാവാവിഷ്കരണം ഈ രംഗത്ത് ഉണ്ടായിട്ടില്ല. അതുണ്ടാക്കിത്തന്നതിന് ആലനഹള്ളിയോട് വളരെ ഹൃദയംഗമമായി നന്ദി പറയുന്നു. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും തപസ്യക്കാര്‍ക്ക് എന്നല്ല, മനുഷ്യരൂപത്തില്‍ ഭൂമിയിലൂടെ നടക്കുന്ന ഒരുത്തനും ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ല എന്ന വിശ്വാസക്കാരാണ് തപസ്യക്കാര്‍. അല്ലെങ്കില്‍ ഞാന്‍. ഈ ചെറിയ ഞാന്‍. എങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അത് ഞാന്‍ തന്നെ സംസാരിക്കുന്നതായിട്ട് പല ഭാഗങ്ങളിലും എനിക്കനുഭവപ്പെട്ടു. മൗലികമായി അത് ഞാന്‍ തന്നെയാണ് സംസാരിക്കുന്നതെന്ന് എനിക്കു തോന്നി. എന്തുകൊണ്ട്?
അദ്ദേഹം പറഞ്ഞു, തപസ്യയുടെ ഹിന്ദുമതം വിശ്വധര്‍മിയാണെങ്കില്‍ ഞാന്‍ ഹിന്ദുവാണെന്ന്. അതേസമയം വൈദിക ധര്‍മിയാണ് തപസ്യയുടെ ഹിന്ദുമതമെങ്കില്‍ ഞാന്‍ അതിന്റെ ശത്രുവാണെന്ന്. ആശയമാണദ്ദേഹം പറഞ്ഞത്. ഇതുതന്നെയാണ് എന്റെ ധാരണപ്രകാരം തപസ്യയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആളുടെയും മനസ്സിലുള്ള ഹിന്ദുധര്‍മമെന്ന് പ്രഖ്യാപിക്കുവാന്‍ ഞാന്‍ ധൈര്യപൂര്‍വം മുന്നോട്ടുവരുന്നു. ഞങ്ങളാരും വൈദിക ധര്‍മിയായ ഹിന്ദുമതത്തിന്റ ആരാധകന്മാരല്ല. മറ്റൊരു പ്രശ്നം എനിക്ക് പറയാനുള്ളത് ആലനഹള്ളി വരുന്നത് കര്‍ണാടകത്തില്‍ നിന്നാണ്. കര്‍ണാടകത്തിലെ പ്രശ്നങ്ങളും കേരളത്തിലെ പ്രശ്നങ്ങളും വളരെ വ്യത്യസ്തമാണ്. ഇവിടെ അദ്ദേഹം പറയുന്ന രീതിയിലുള്ള സനാതനി എന്നു പറയുന്ന ഒരു ഹിന്ദുവില്ല എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.
ഉദാഹരണത്തിന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ലാണ്. ഈ 47 ന് മുന്‍പ് 1937 ല്‍ തന്നെ കേരളത്തിലെ ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുത്ത ഒരു മഹാരാജാവ് കേരളത്തിലുണ്ട്. ഇന്ത്യയില്‍ മറ്റൊരു സ്ഥലത്തും അങ്ങനെയൊരു മഹാരാജാവില്ല എന്ന വസ്തുത അദ്ദേഹം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹത്തിനറിയില്ല. നമുക്കറിയാം. തിരുവിതാംകൂര്‍ മഹാരാജാവ് തിരുവിതാംകൂറിന്റെ ക്ഷേത്രങ്ങള്‍ അന്നുതന്നെ തുറന്നുകൊടുക്കാന്‍ ധൈര്യപ്പെട്ടത് അദ്ദേഹത്തിന്റെ വിശാലഹൃദയമാണ്.
കേരളത്തില്‍ ഇന്ന് 70 മുതല്‍ 80 വരെയുള്ളയാളുകള്‍ക്ക് വിദ്യാഭ്യാസമുണ്ട് എന്നുള്ളതാണ് ഇതിന്റെ പിന്നില്‍ മനസ്സിലാക്കേണ്ടതായ കാര്യം. സാംസ്കാരികരംഗത്ത് ഹരിജനമര്‍ദ്ദനം എന്ന ഒരു പ്രശ്നം മിക്കവാറുമില്ല എന്നൊരവസ്ഥയിലേക്ക് കേരളം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഈ സംസാരിക്കുന്ന ഞാന്‍ ഗാന്ധിജിയെ വെടിവച്ച ദിവസം പാലിയം സത്യഗ്രഹം റോഡ് തുറന്നുകൊടുക്കുന്നതിനുവേണ്ടി സത്യഗ്രഹമനുഷ്ഠിക്കുന്നവരുടെ സംഘത്തിലുണ്ടായിരുന്നു. പാലിയത്തുവച്ച് പ്രസംഗിച്ചിരുന്നു. പാലിയം റോഡ് ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം എന്നുപറഞ്ഞ് സംസാരിച്ച വി.ടി. ഭട്ടതിരിപ്പാട്, എം.ആര്. ഭട്ടതിരിപ്പാട് മുതലായ ആളുകളുടെ കൂടെ ഞാനുണ്ടായിരുന്നു. ഞാനും സംസാരിച്ചിരുന്നു. ചെറിയ വാക്കുകളായിരുന്നു. ശക്തിമത്തായ വാക്കുകളായിരുന്നില്ല. എനിക്ക് ചെറിയ വാക്കേ പറയാന്‍ കഴിയൂ. പക്ഷേ പറഞ്ഞിരുന്നു. ഞങ്ങളിന്നും, കേരളത്തിലെ മിക്ക വിദ്യാസമ്പന്നരായ ആളുകളും, ഇന്നും, പാലിയം റോഡ് തുറന്നു കൊടുത്തിരിക്കുന്നു. അങ്ങനെ ഒരു പ്രശ്നവും അവിടെയില്ല. ഉണ്ടെങ്കില്‍ അവിടെപോയി സത്യഗ്രഹം വരിക്കാനും ജീവത്യാഗം ചെയ്യാനും തയ്യാറുള്ളവരാണെന്ന് ധൈര്യപൂര്‍വം നിങ്ങളോട് പറയുന്നു. അങ്ങനെയുള്ളയാളുകളാണ് തപസ്യയിലുള്ളതെന്ന് ഞാന്‍ എന്റെ നിഗൂഢതയിലിരുന്നുകൊണ്ട് തെറ്റിദ്ധരിക്കുന്നു, അല്ലെങ്കില്‍ നേരായി ധരിച്ചിരിക്കുന്നു. പക്ഷേ തപസ്യയ്ക്ക് ഇമ്മാതിരിയുള്ള സങ്കുചിതത്വമൊന്നുമില്ല, ഉണ്ടാവരുത് എന്ന ബോധത്തിലാണ് ഇതുമായി സഹകരിക്കുന്നത് എന്നുപറയാന്‍ ധൈര്യപ്പെടുന്നു. പക്ഷേ പ്രശ്നമുണ്ട് കര്‍ണാടകയില്‍ ആലനഹള്ളിക്ക് പ്രശ്നമുണ്ട്. ഹരിജന, അല്ലെങ്കില്‍ ദ്രാവിഡ-ആര്യസംഘര്‍ഷത്തിന്റെ പ്രശ്നം ബാക്കിയുണ്ട്. കേരളത്തിന് പുറത്ത് പലസ്ഥലങ്ങളിലും ആ പ്രശ്നമുണ്ട്. ആ പ്രശ്നങ്ങളെ നമ്മള് കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ കൂടെ നിന്നുകൊണ്ട് ഈ വൈദികധര്‍മിയായ ഹിന്ദുമതത്തെ എതിര്‍ക്കാന്‍ മുന്നോട്ടു വരണം, മുന്നോട്ടുവരും എന്ന് അദ്ദേഹത്തിന് ഞാന്‍ വാഗ്ദാനം നല്കുന്നു.
പിന്നെ എനിക്ക് പറയാനുള്ളത്, ഇന്ത്യയില്‍ 1757 ലാണെന്നു തോന്നുന്നു, സായിപ്പ് വരുന്നതിന് മുന്‍പ് കാലത്തെ സംബന്ധിച്ച് ഒരു ധാരണ ഇവിടെയുണ്ടായിരുന്നു. എ.ഡി അല്ലെങ്കില്‍ ബി.സി എന്നുപറയുന്ന ക്രൈസ്തവമായ, ക്രിസ്തു ജനിച്ചതിനു മുന്‍പും പിന്‍പുമുള്ള ഒരു കാലത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല ഇന്ത്യയില്‍ കാലഘട്ടങ്ങള്‍ പരിഗണിച്ചിരുന്നത്. അതെങ്ങനെയായിരുന്നുവെന്ന് അദ്ദേഹവും ചിന്തിക്കേണ്ടതാണെന്ന് ഞാന്‍ മെല്ലെ സൂചിപ്പിക്കുകയാണ്. എന്തുകൊണ്ടെന്നു പറഞ്ഞാല്‍, എന്റെ ധാരണ പ്രകാരം ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ വന്നതിന്റെ ഫലമായി അവര്‍, നമുക്കെല്ലാവര്‍ക്കുമറിയാവുന്ന ‘ഡിവൈഡ് ആന്‍ഡ് റൂള്‍’ എന്ന സമ്പ്രദായം ഇവിടുത്തെ സാംസ്കാരിക മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വ്യാപിപ്പിച്ചിട്ടുണ്ട്. അങ്ങനെയുണ്ടായ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇവിടെ പറഞ്ഞ ദ്രാവിഡ-ആര്യ വഴക്കുകള്‍. അതിനെപ്പറ്റിയുള്ള ധാരണകള്‍ നിലനില്‍ക്കുന്നത്. ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും അടിസ്ഥാനപരമായ സംസ്കാരം ഈ രാജ്യത്തുണ്ടായിരുന്നു. ഈ സംസ്കാരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ് നാം നിലനില്‍ക്കുന്നത് എന്നതില്‍ സന്തോഷിക്കുകയാണു വേണ്ടത്. കാരണം മറ്റ് പുറംരാജ്യത്തുനിന്നു വന്ന ഒരു സംസ്കാരത്തിനും അന്യമതങ്ങളെ, അന്യസങ്കുചിത ചിന്താഗതികളെ സ്വന്തം ചിന്താഗതിയുടെ ഭാഗമാക്കി മാറ്റാന്‍ സാധ്യമല്ല. ഹിന്ദുമതത്തിന് അത് സാധിച്ചിട്ടുണ്ട്. ആ സാധ്യത ഇനിയും നിലനിര്‍ത്താന്‍ കഴിയണം എന്ന് നാം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഒരൊറ്റ ചോദ്യം ചോദിച്ചുകൊള്ളട്ടെ. പുറംരാജ്യത്തുനിന്ന് പണംകൊണ്ടുവന്ന് ഈ രാജ്യത്ത് മതപരിവര്‍ത്തനം ചെയ്യാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുപോവുകയാണെങ്കില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ മുഴുവന്‍ മറ്റേതോ സങ്കുചിത മതങ്ങളില്‍ ചെന്നു പെടുകയും, അങ്ങനെ ആ രണ്ടു മതങ്ങളും തമ്മില്‍, മൂന്നു മതങ്ങളും തമ്മില്‍, സംഘര്‍ഷമുണ്ടാകുമ്പോള്‍ തപസ്യ എവിടെ നില്‍ക്കണം. ഇതൊരു പ്രശ്നമാണ്. ഇതാണ് പ്രശ്നം. ഹിന്ദുവിന് ഏത് മതത്തിലും ചേരാം. ഏത് മതവും എടുക്കാം. അങ്ങനെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും മറ്റേതോ മതത്തിലേക്ക് ഓടിപ്പോകുന്നു. അവരെല്ലാവരും പുറമെ നിന്ന് പണംകൊണ്ടുവന്ന് തന്റെ മതങ്ങളിലേക്ക് ആളുകളെ എടുക്കുന്നു. ഇവിടെ അങ്ങനെ ഹിന്ദുവില്ലാതെയാകുന്നു. നമുക്ക് സമാധാനമാകുമോ എന്നാണ് എന്റെ ചോദ്യം. ഈ രണ്ടുമതങ്ങളും തമ്മില്‍ ഒരു യുദ്ധം ഇവിടെയുണ്ടാവില്ലേ എന്നാണ് എന്റെ ചോദ്യം. അങ്ങനെ യുദ്ധമുണ്ടാകുമെങ്കില്‍ ആ യുദ്ധത്തെ നിരോധിക്കാന്‍ കഴിയുന്ന മതം ഹിന്ദുമതം തന്നെയാണ് എന്നു പറയാന്‍ കഴിയുന്ന ഒരു ചിന്താഗതി ഇവിടെ നിലനില്ക്കേണ്ടതല്ലേ എന്നു ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്. എന്റെ കൂട്ടുകാരും ആ രീതിയില്‍ ചിന്തിക്കാറുണ്ടായിരിക്കും. അങ്ങനെ ഈ ക്രിസ്ത്യാനികളെയും മുസല്മാന്മാരെയും ജൂതന്മാരെയും എല്ലാവരെയും ഹിന്ദുവായി കാണാന്‍ കഴിയുന്നവരാണ് തപസ്യയിലുള്ളത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: