ദുബായ്: രണ്ട് സൂപ്പര്‍ ഓവറുകളിലേക്ക് നീണ്ട സൂപ്പര്‍ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിലവിലെ ചാമ്പ്യന്മാരാ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. നിശ്ചത ഇരുപത് ഓവറിലും ആദ്യ സൂപ്പര്‍ ഓവറിലും സ്‌കോറുകള്‍ ഒപ്പത്തിനൊപ്പം നിന്നതോടെയാണ് രണ്ടാം ഓവറില്‍ ജേതാക്കളെ നിശ്ചയിച്ചത്.
രണ്ടാം സൂപ്പര്‍ ഓവറില്‍ പന്ത്രണ്ട് റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത പഞ്ചാബിനെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പൊക്കി യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ വിജയത്തിന്റെ പടിവാതിലിലെത്തിച്ചു. രണ്ട് പന്തുകള്‍ ശേഷിക്കെ പങ്കാളിയായ മായങ്ക് അര്‍ഗവാളിനൊപ്പം ഗെയ്ല്‍ ടീമിന് വിജയം സമ്മാനിച്ചു. ട്രെന്റ് ബോള്‍ട്ടാണ് മുംബൈയുടെ രണ്ടാം സൂപ്പര്‍ ഓവര്‍ എറിഞ്ഞത്.
പഞ്ചാബിന്റെ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈക്കായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. പാണ്ഡ റണ്‍ ഔട്ടായി. തുടര്‍ന്ന് സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. പതിനൊന്ന് റണ്‍സാണ് മുംബൈ ഈ സൂപ്പര്‍ ഓവറില്‍ കുറിച്ചത്.
ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് മുന്നോട്ടുവച്ച ആറു റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്‌ക്ക് അഞ്ച് റണ്‍സേ നേടാനായുള്ളൂ. ഇതോടെയാണ് കളി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. മുഹമ്മദ് ഷമിയാണ് പഞ്ചാബിനായി ആദ്യ സൂപ്പര്‍ എറിഞ്ഞത്. നേരിട്ടത് മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കും.
മുംബൈയുടെ പേസര്‍ ബുംറ എറിഞ്ഞ ആദ്യ സൂപ്പര്‍ ഓവറില്‍ കിങ്ങ്‌സ് ഇലവന് അഞ്ചു റണ്‍സേ എടുക്കാനായുള്ളൂ. സൂപ്പര്‍ ഓവറിലെ രണ്ടാം ഓവറില്‍ നിക്കോളസ് പൂരനെ കൂടാരം കയറ്റിയ ബുംറ അവസാന പന്തില്‍ കെ.എല്‍. രാഹുലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി.
നിശ്ചത ഇരുപത് ഓവറില്‍ മുംബൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റിന് 176 റണ്‍സ് എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നിങ്ങിയത്.
പഞ്ചാബിനായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 51 പന്തില്‍ 77 റണ്‍സ് നേടി. ഏഴു ഫോറും മൂന്ന് സിക്‌സറും പൊക്കി. രാഹുലാണ് കളിയിലെ കേമന്‍. ക്രിസ് ഗെയ്ല്‍ 21 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സറും അടക്കം 24 റണ്‍സ് നേടി. നിക്കോളസ് പൂരനും 24 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. പന്ത്രണ്ട് പന്ത് നേരിട്ട പൂരന്‍ രണ്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. ദീപക് ഹൂഡ 16 പന്തില്‍ 23 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ അര്‍ധ സെഞ്ചുറിയുടെ (53) മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റിന് 176 റണ്‍സ് എടുത്തത്. ക്രുണാല്‍ പാണ്ഡ്യ (34) , പൊള്ളാര്‍ഡ് (34 നോട്ടൗട്ട്), കോള്‍ട്ടര്‍ നൈല്‍ (24 നോട്ടൗട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഈ വിജയത്തോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒമ്പത് മത്സരങ്ങളില്‍ ആറു പോയിന്റുമായി ആറാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: