ലഡാക്ക്: അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ലഡാക്കിലെ ഇന്ത്യന്‍ സൈന്യം പിടികൂടി. ലഡാക്കില്‍ ചുമാര്‍-ദെംചോക് മേഖലയിലാണ് സൈനികന് പിടിയിലായത്. ചൈനീസ് പട്ടാളക്കാരന് അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയുടെ മേഖലയിലെത്തിയ ചൈനീസ് പട്ടാളക്കാരന് അതിശൈത്യത്തില്‍ ആവശ്യമായ സഹായം ചെയ്തുകൊടുത്ത് ഇന്ത്യന്‍ സൈന്യം മാതൃകയായി.
ഉയര്‍ന്ന പ്രദേശമായതിനാല്‍ ഓക്സിജന്‍ ലഭിക്കാതെ വിഷമിച്ച ചൈനീസ് പട്ടാളക്കാരന് ആവശ്യമുള്ള ഓക്സിജനും ക്ഷീണമകറ്റാന്‍ ഭക്ഷണവും നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊടും തണുപ്പിനെ അതിജീവിക്കാനായി ആവശ്യമുള്ള വസ്ത്രങ്ങളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. കോര്‍പ്പറല്‍ വാങ് യാ ലോങ് എന്ന പട്ടാളക്കാരനാണ് ഡെംചോക് സെക്റ്ററില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായത്. കാണാതായ സൈനികനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് ചൈനീസ് പട്ടാളം അഭ്യര്‍ത്ഥന നടത്തിയെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ചുഷുല്‍-മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കും.
സൈനികമായ ചില രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സൈന്യം പറഞ്ഞു.അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങളായി സംഘര്‍ഷം പുകയുന്നതിനിടെയാണ് പുതിയ സംഭവവികാസം. കഴിഞ്ഞ മേയ് മാസം മുതല്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ഇരു രാജ്യത്തെയും ഉദ്യോഗസ്ഥ, സൈനിക വിഭാഗങ്ങള്‍ തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നെങ്കിലും ചൈന അതിര്‍ത്തിയിലെ തല്‍സ്ഥിതി പാലിക്കാന്‍ തയ്യാറാകാത്തതിനാല്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: