കരുനാഗപ്പള്ളി: ആലപ്പാട്ട് തീരദേശ പരിപാലനത്തിന് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിക്കുന്ന ജിയോബാഗുകള്‍ കാര്യക്ഷമമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ തിരമാലകളെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് സാധിക്കില്ലത്രെ. കുറ്റന്‍ പാറകള്‍ കൊണ്ട് സംരക്ഷിച്ചിരുന്ന കടല്‍ഭിത്തികള്‍ പോലും ശക്തമായ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നാണ് അനുഭവം. അതിനാല്‍ അടിയന്തരമായി പുലിമുട്ട് നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പോളി പ്രൊപ്ലെന്‍ കൊണ്ടുണ്ടാക്കിയ ജിയോബാഗുകള്‍ രണ്ടോ മൂന്നോ വര്‍ഷം മാത്രമേ സംരക്ഷണം നല്‍കുന്നതിന് ഉപയുക്തമാകൂ എന്നാണ് ജിയോബാഗുകള്‍ സ്ഥാപിച്ച ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഇത് ഫലപ്രദമാകണമെങ്കില്‍ ശാസ്ത്രീയമായി സ്ഥാപിക്കേണ്ടതുണ്ട്. മുമ്പ് ജിയോബാഗുകള്‍ സ്ഥാപിച്ചത് ശാസ്ത്രീയമായിട്ടല്ലാത്തതിനാലാണ് ശക്തമായ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ കഴിയാതെ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മാത്രമല്ല കടലാക്രമണം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളും ദുരിതങ്ങളും ഒഴിവാക്കാന്‍ പുലിമുട്ട് നിര്‍മാണം മാത്രമാണ് ശാശ്വത പരിഹാരമെന്നും അവര്‍ വ്യക്തമാക്കി. പഠനറിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് പുലിമുട്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്നും ഇവര്‍ പറയുന്നു.
ജിയോബാഗുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് പഞ്ചായത്തിന്റെയും സ്ഥലം എംഎല്‍എ ആര്. രാമചന്ദ്രന്റെയും ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ബിജെപി ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്തെങ്കിലും ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവരുടെ ശ്രമം.
തീരദേശം ശക്തിപ്പെടുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന തീരവാസികളുടെ കാലങ്ങളായുള്ള ആവശ്യം എന്തു വില കൊടുത്തും നിറവേറ്റുമെന്ന് ഉറപ്പുനല്‍കി അധികാരത്തിലെത്തിയ എംഎല്‍എ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: