കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് കീഴിലുള്ള എട്ട് പാര്‍ക്കുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നു. ഇതിനായി കോര്പറേഷന് താല്പര്യപത്രം ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മാനാഞ്ചിറ മൈതാനം ഉള്‍പ്പെടെയുള്ള എട്ട് പാര്‍ക്കുകളാണ് പരിപാലനത്തിന്റെ പേരില്‍ സ്വകാര്യ ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും കൈമാറുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് കൈമാറ്റം. എരവത്ത്കുന്ന് പാര്‍ക്ക്, എലത്തൂര്‍ ജെട്ടി പാര്‍ക്ക്, തടമ്പാട്ടുതാഴം, ഗരുഡന്‍കുളം, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, എസ്കെ പാര്‍ക്ക് എന്നിവയാണ് കൈമാറുന്ന മറ്റ് പാര്‍ക്കുകള്‍.
പാര്‍ക്കുകളുടെ സംരക്ഷണത്തിനാവശ്യമായ വരുമാനം പാര്‍ക്കില്‍ നിന്നു തന്നെ സ്വരൂപിക്കാമെന്നാണ് വ്യവസ്ഥ. ഇതിനായി വിവിധതരം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാം. കൂടാതെ ചിലയിടങ്ങളില്‍ വിനോദപരിപാടികള്‍ നടത്തിയും മറ്റും പണം ഈടാക്കാനും അനുവാദമുണ്ടായിരിക്കും.
മാനാഞ്ചിറ മൈതാനത്ത് ഐസ്ക്രീം, പോപ്പ് കോണ്‍, സ്നാക്സ് എന്നിവ വില്‍ക്കുന്നതിനുള്ള താല്‍ക്കാലിക കിയോസ്കുകള്‍ സ്ഥാപിക്കാന്‍ അനുമതിയുണ്ട്. ഇതുകൂടാതെ ആറ് ഇലക്ട്രോണിക് ഡിസ്പ്ലോ ഹോള്‍ഡിംഗുകള്‍, അഞ്ച് ഡിജിറ്റല്‍ അഡ്വര്‍ട്ടൈസ്മെന്റ് ബോര്‍ഡ് എന്നിവയും സ്ഥാപിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും താല്പര്യപത്രം സമര്‍പ്പിക്കാം. 20ന് വൈകിട്ട് മൂന്നുമണിവരെയാണ് താല്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയം.
സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രസംഗിച്ച് നഗരത്തിലെ പാര്‍ക്കുകള്‍ പോലും സ്വകാര്യവല്‍ക്കരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള കോര്പറേഷന് ഭരണസമിതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: