ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെതിരായ വാക്സിനുകള്‍ തയാറാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടി പങ്കിട്ടു നല്‍കണമെന്ന ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശത്തെ പിന്തുണച്ച് ലോകാരോഗ്യ സംഘടന. ലോക വ്യാപാര സംഘടന മുഖാന്തിരം വാക്സിനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ അയവു വരുത്തി ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടി വാക്സിനുകള്‍ വിതരണം ചെയ്യണമെന്നാണ് ഇന്ത്യയുടെ നിലപാട്.
വാക്സിനുകള്‍ സമ്പന്ന രാജ്യങ്ങള്‍ മാത്രം പങ്കിട്ട് സ്വന്തമാക്കുന്നത് വാക്സിന് ദേശീയത എന്ന പ്രതിഭാസത്തിന് കാരണമായേക്കും. അമേരിക്ക, യുകെ, ജര്‍മനി, ജപ്പാന്, ഫ്രാന്‍സ് തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ ഇതിനോടകം തന്നെ വാക്സിന് നിര്‍മാണ കമ്പനികളുമായി വലിയ കരാറുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ദരിദ്ര രാജ്യങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയ്ക്കാണ് കരാറുകള്‍.
ലോകത്ത് ആദ്യം കണ്ടെത്തി നിര്‍മിക്കുന്ന വാക്സിനുകള്‍ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. എല്ലാ രാജ്യങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് വാക്സിനും മറ്റ് ടെസ്റ്റ് കിറ്റുകളും നല്‍കണമെന്നാണ് ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഈ നിര്‍ദേശത്തിനാണ് ലോകാരോഗ്യ സംഘടന പിന്തുണ അറിയിച്ചത്.
ദരിദ്ര രാജ്യങ്ങള്‍ക്ക് നല്കാന് ലോകാരോഗ്യ സംഘടനയും പരിമിതമായ തോതില്‍ വാക്സിന് ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക വിപണിയില്‍ വാക്സിന് നിര്‍മാണത്തിന് വലിയ മത്സരമാണ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന വാക്സിന് പരീക്ഷണങ്ങളും അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: