അബുദാബി: തലസ്ഥാന എമിറേറ്റില്‍ നിര്‍മിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. ക്ഷേത്രം നിര്‍മിക്കുന്ന ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥ പ്രതിനിധികളുമായി ഷെയ്ഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി. പദ്ധതിയെ യുഎഇയ്‌ക്ക് വേണ്ടിയുള്ള ദീര്‍ഘകാല സംഭാവനയാക്കി മാറ്റാനാണ് ക്ഷേത്ര നിര്‍മാണ സംഘവും സമൂഹവും പരിശ്രമിക്കുന്നതെന്ന് സ്വാമി പറഞ്ഞു.
യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂറും പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ശിലാസ്ഥാപനം നടത്തിയത് ക്ഷേത്രത്തിന്റെ നിര്‍മാണം ഡിസംബറിലാണ് തുടങ്ങിയത്. ക്ഷേത്ര ഗോപുരത്തിന്റെ ചെറിയ പതിപ്പ് ഷെയ്ഖ് അബ്ദുല്ലയ്‌ക്ക് സമ്മാനമായി കൈമാറി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദാനമായി നല്‍കിയ 11 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്.
അക്ഷർധാം മാതൃകയിലാണ് അബുദാബിയിലെ അബു മുറൈഖയില്‍ ക്ഷേത്രസമുച്ചയം നിര്‍മിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത ഭിത്തികള്‍ സ്ഥാപിച്ചായിരിക്കും ക്ഷേത്രം ഉയരുക. മധ്യപൂര്‍വദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റന്‍ ഗോപുരങ്ങളോടുകൂടിയാകും ക്ഷേത്രം നിര്‍മിക്കുക.
2022ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്ഷേത്രം സാംസ്‌കാരിക കേന്ദ്രംകൂടിയായിരിക്കും. ക്ഷേത്രത്തിന്റെ പരമ്പരാഗ വാസ്തുശില്‍പകലയും മേഖലയ്‌ക്ക് പുത്തന്‍ കാഴ്ചയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: