കൊച്ചി: എടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാവാതെ കുഴങ്ങുന്ന കെഎസ്ഇബി 500 കോടി രൂപ കടമെടുക്കുന്നു. നിലവില്‍ ബോര്‍ഡിന്റെ കടബാധ്യത 9404 കോടിയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൂറല്‍ ഇലക്്രടിഫിക്കേഷന് കോര്‍പ്പറേഷനില്‍ (ആര്‍ഇസി) നിന്ന് 9.5 ശതമാനം പലിശയ്ക്ക് 500 കോടിയും കാനറാ ബാങ്കില്‍നിന്ന് 100 കോടിയും (9.8% പലിശ) കടമെടുക്കാനാണ് തീരുമാനം.
ബാങ്കുകളില്‍നിന്ന് വൈദ്യുതി ബോര്‍ഡിന് കടം കിട്ടാത്ത സ്ഥിതിയായി. ബോര്‍ഡിന്റെ ബാങ്ക് വായ്പയ്ക്കുള്ള യോഗ്യത റേറ്റിങ് വളരെ താഴെയാണ്; ത്രി സി പ്ലസ് മാത്രം. അതിനാല്‍ കൂടിയ പലിശക്ക് കിട്ടുന്നിടത്തുനിന്ന് പണം ശേഖരിക്കുകയാണ്. എന്നാല്‍ ഇത് ബോര്‍ഡിന്റെ മെച്ചപ്പെട്ട നടത്തിപ്പിനല്ല വിനിയോഗിക്കുന്നതെന്നാണ് പ്രശ്നം. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ ഈ കടമെടുപ്പ് മറ്റു ചില ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടാണെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
വൈദ്യുതി ബോര്‍ഡ് 9404 കോടി രൂപ 27 സാമ്പത്തിക സ്രോതസ്സുകളില്‍നിന്ന് കടമെടുത്തിട്ടുണ്ട്. ഇതില്‍ കാനറ ബാങ്കിന് 835 കോടി കൊടുക്കാനുണ്ട്. പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് 2136 കോടിയാണ്. റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന് 4623 കോടി കൊടുക്കാനുണ്ട്. അതിനു പുറമെയാണ് 500 കോടി കടമെടുക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് 1500 കോടിയും യൂണിയന് ബാങ്കിന് 220 കോടിയും കടമാണ്. കടമെടുത്ത ഈ തുകയില്‍ നല്ലൊരു പങ്ക് ധൂര്‍ത്തടിച്ചതുമാണ്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിപ്രകാരം കേരള വൈദ്യുതി ബോര്‍ഡിന്, വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഊര്‍ജ ഉല്പാദനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ശതകോടികണക്കിന് രൂപയുടെ സഹായമാണ് ലഭിച്ചത്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളായി പ്രചരിപ്പിക്കുകയും ചെലവു ചെയ്ത് മുടിക്കാന്‍ കടമെടുക്കുകയുമാണ് ബോര്‍ഡ് ചെയ്യുന്നത് എന്നാക്ഷേപമുണ്ട്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ ഈ സ്ഥിതി.
ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 2011 ലാണ് വൈദ്യുതി ബോര്‍ഡ് ആദ്യം കമ്പനിയാക്കിയത്. ഇപ്പോള്‍ സ്വകാര്യവല്‍ക്കരണം വരുമെന്ന് പ്രചരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയപ്രചാരണം നടത്തുന്ന ബോര്‍ഡും സര്‍ക്കാരും 500 കോടിയുടെ പുതിയ കടമെടുപ്പിന് ആര്‍ഇസിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാറിലെ വ്യവസ്ഥ വിചിത്രമാണ്.
ഒരു വര്‍ഷത്തേക്കാണ് ഹ്രസ്വകാല വായ്പ. 9.8 ശതമാനമാണ് പലിശ. പലിശയുള്‍പ്പെടെ നിശ്ചയിക്കാനും വീഴ്ചകളുണ്ടായാല്‍ നടപടിയെടുക്കാനുമുള്ള അവകാശം ആര്‍ഇസിയ്ക്കാണ്. എന്നാല്‍ അതിനേക്കാളെല്ലാം പ്രധാനവും നിര്‍ണായകവുമായ വ്യവസ്ഥ ഇതാണ്- ”കടം തിരിച്ചടയ്ക്കാനുള്ള ഒരു വര്‍ഷത്തിനുള്ളില്‍ ബോര്‍ഡ് സ്വകാര്യവല്‍ക്കരിക്കുകയാണെങ്കില്‍ കെഎസ്ഇബി ഒരു വര്‍ഷത്തെ പലിശ സഹിതം മുഴുവന്‍ പണവും തിരിച്ചടക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: