അബുദാബി: പേസര്‍ ലോക്കി ഫെര്ഗൂസനിന്റെ തീപാറുന്ന ബൗളിങ്ങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും വിജയം. ആവേശത്തില്‍ ആറാടിയ പോരാട്ടത്തിനൊടുവില്‍ കൊല്‍ക്കത്ത സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി.
സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ക്ലീന്‍ ബൗള്‍ഡാക്കിയ ഫെര്ഗൂസന് മൂന്നാം പന്തില്‍ അബ്ദുള്‍ സമദിന്റെ കുറ്റിയും തെറിപ്പിച്ചു. ഇതോടെ സണ്റൈസേഴ്നിന്റെ ഇന്നിങ്സ് രണ്ട് റണ്‍സിന് അവസാനിച്ചു. തുടര്‍ന്ന് ക്യാപ്റ്റന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് മൂന്ന് റണ്‍സ് എടുത്ത് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. നേരത്തെ മൂന്ന് വിക്കറ്റും സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റും പോക്കറ്റിലാക്കിയ ലോക്കി ഫെര്‍ഗൂസനാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി.
164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 163 റണ്‍സ് എടുത്തതോടെയാണ് മത്സരം ടൈ ആയത്. അവസാന പന്തില്‍ സണ്റൈസേഴിന് ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ,പന്ത് നേരിട്ട വാര്‍ണര്‍ക്ക് ഒരു റണ്‍സേ നേടാനയുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 163 റണ്‍സാണെടുത്തത്.
സണ്‍റൈസേഴ്സിനായി വാര്‍ണര്‍ 33 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്നു. വാര്‍ണര്‍ അഞ്ചു പന്ത് അതിര്‍ത്തികടത്തി. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ (36), വില്യംസണ് (29), അബ്ദുള്‍ സമദ് (23) എന്നിവരും തിളങ്ങി. കൊല്‍ക്കത്തക്കായി പേസര്‍ ഫെര്ഗൂസന് നാല് ഓവറില്‍ പതിനഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ , ക്യാപ്റ്റന്‍ മോര്ഗന് എന്നിവരുടെ മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 163 റണ്‍സ് എടുത്തത്. ഗില്‍ 37 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 36 റണ്‍സ് നേടി. മോര്ഗന് 23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും അടക്കം 34 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ദിനേശ് കാര്‍ത്തിക്ക് പതിനാല് പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും രണ്ട് സിക്സറും അടിച്ചു.
ബാറ്റിങ്ങനയക്കപ്പെട്ട കൊല്‍ക്കത്തയ്ക്ക് ഗില്ലും രാഹുല്‍ ത്രിപാഠിയും ആദ്യ വിക്കറ്റില്‍ 48 റണ്‍സ് അടിച്ചെടുത്ത് മികച്ച തുടക്കം നല്കി. ത്രിപാഠി പതിനാറ് പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും സഹിതം 23 റണ്‍സ് കുറിച്ചു. തുടര്‍ന്നെത്തിയ റാണ ഇരുപത് പന്തില്‍ 29 റണ്‍സ് നേടി. അതേസമയം വെടിക്കെട്ട് ബാറ്റ്സ്മാനായ ആന്ദ്രെ റസ്സല്‍ വീണ്ടും പരാജയപ്പെട്ടു. പതിനൊന്ന് പന്തില്‍ ഒമ്പത് റണ്‍സേ നേടാനായുള്ളൂ.
സണ്‍റൈസേഴ്സിനായി നടരാജന് നാല് ഓവറില്‍ 40 റണ്‍സിന് രണ്ട് വിക്കറ്റ് വീഴത്തി. മലയാളി താരം ബേസില്‍ തമ്പി നാല് ഓവറില്‍ 46 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ വിജയത്തോടെ കൊല്‍ക്കത്ത ഒമ്പത് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: