തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ വിവരങ്ങള്‍ വ്യക്തമാക്കി ബിജെപിയുടെ കേന്ദ്രആസ്ഥാനത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നടത്തിയ പത്രസമ്മേളനത്തിനെതിരെ സിപിഎം. പത്രസമ്മേളനം സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നാണ് സിപിഎം ന്യായീകരിക്കുന്നത്. പ്രതിയുടെ മൊഴി പത്ര സമ്മേളനത്തിലൂടെ ആധികാരികമാക്കിയ വി മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതും കൂടിയാണെന്നും സിപിഎം ന്യായീകരിക്കുന്നു.
ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി പാര്‍ട്ടി കേന്ദ്രത്തില്‍ പത്ര സമ്മേളനം നടത്തി അന്വേഷണ ഏജന്‍സി പോലും കണ്ടെത്താത്ത കാര്യങ്ങള്‍ നിഗമനങ്ങളായി പ്രഖ്യാപിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണ്. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തിട്ടുള്ളത്.
പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും കൂടിയാലോചിച്ചതു പോലെ നടത്തിയ പ്രസ്താവനകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തതെന്നും സിപിഎം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളത്തില്‍ പിണറായി സര്‍ക്കാരിനെ കേന്ദ്രമന്ത്രി തുറന്നുകാട്ടിയിരുന്നു. സ്വര്‍ണ്ണക്കടത്ത് വിഷയം ദേശീയതലത്തിലേക്ക് ബിജെപി ഉയര്‍ത്തിയതോടെ വിറളി പിടിച്ചാണ് കേന്ദ്രമന്ത്രിക്കെതിരെ സിപിഎം രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: