ഒമ്പത് രാവും ഒമ്പത് പകലും ദേവീപൂജയാല് പവിത്രമാകുന്ന ഭൂമി. മന്ത്രധ്വനികളാല് മുഖരിതമാകുന്ന പൂജാ മണ്ഡപം. നൂറ്റാണ്ട് പിന്നിട്ട ഈ ആചാരപ്പെരുമയാല്‍ സ്ഥലത്തിന് പൂജപ്പുരയെന്നു പേരു വന്നു. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയുടെ സ്ഥലനാമോല്‍പത്തിയില്‍ അങ്ങനെ നവരാത്രിയുടെ ധന്യത നിറഞ്ഞു.
ദേവിയെ ഉപാസിക്കാന്‍ പുരാതനകാലം മുതല്‍ ഇവിടെയൊരു കല്മണ്ഡപമുണ്ടായിരുന്നു. തിരുവിതാംകൂര്‍ വാണിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പണികഴിപ്പിച്ചതാണ് മണ്ഡപവും സരസ്വതീ ക്ഷേത്രവുമെന്ന് കരുതുന്നു. 28 കരിങ്കല്‍ത്തൂണുകളാണ് മണ്ഡപത്തെ താങ്ങിനിര്‍ത്തുന്നത്. ഓരോ തൂണിലും ഇതിഹാസകഥാപാത്രങ്ങളാല് ശില്പ ചാരുതയാര്‍ന്ന ഈ മണ്ഡപമാണ് കാലാന്തരത്തില്‍ സരസ്വതീ മണ്ഡപമെന്ന് വിഖ്യാതമായത്. മണ്ഡപത്തിനടുത്തായി സരസ്വതീ ക്ഷേത്രവുമുണ്ട്. ഉഗ്രരൂപിണിയായ ഭദ്രകാളീ സങ്കല്പത്തിലാണ് പുരാതന കാലത്ത് ഇവിടെ ദേവിയെ ആരാധിച്ചിരുന്നത്. പിന്നീട് ആദിപരാശക്തിയെ സരസ്വതീഭാവത്തില്‍ വാഴിച്ചു. നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തില്‍ നടന്നു വരുന്ന ദേവീപൂജ, പൂജയെടുപ്പു മഹോത്സവമായി മാറിയത് സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ്. സര്‍വ വിജയങ്ങളുമരുളുന്ന ആദിപരാശക്തിയുടെ വാസസ്ഥാനമായതിനാല്‍ മണ്ഡപത്തിന് വിജയമണ്ഡപമെന്നും വിളിപ്പേരുണ്ട്.
വിജയദശമി ദിവസം രാവിലെ (വിദ്യാരംഭ ദിനത്തില്‍) പൂജയെടുക്കാന്‍ ആര്യശാല ദേവീ ക്ഷേത്രത്തില്‍ നിന്ന് കുമാരസ്വാമി, പൂജപ്പുര മണ്ഡപത്തിലേക്ക് വെള്ളിക്കുതിരയില്‍ യാത്ര തിരിക്കും. പൂജപ്പുര സരസ്വതി ദേവീ സന്നിധിയില്‍ എത്തുന്ന കുമാരസ്വാമിയെ കേരളാ പോലീസ് ‘ഗാര്‍ഡ് ഒഫ് ഓണര്‍’ നല്കി വരവേല്‍ക്കും. തുടര്‍ന്ന് കുമാരസ്വാമി സരസ്വതീ മണ്ഡപത്തില്‍ ഉപവിഷ്ടനാകും. ഇതിനു പിന്നിലൊരു ചരിത്രമുണ്ട്.
ചരിത്രം: തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ ആയുധവിദ്യയുടെ ഗുരുവാണ് ദേവസേനാധിപനായ വേല്മുരുകന്. പൂജപ്പുരയിലെ സരസ്വതീ മണ്ഡപത്തിനു മുന്നിലായിരുന്നു തിരുവിതാംകൂര്‍ രാജാക്കന്മാര് ആയുധവിദ്യ അഭ്യസിച്ചിരുന്നത്. അതിനാല്‍ തന്നെയാണ് കുമാരസ്വാമി ഇവിടെ എഴുന്നള്ളുന്നത്. തുടര്‍ന്ന് ദേവന്റെ മുന്നില്‍ ശസ്ത്രവിദ്യയ്ക്ക് ആരംഭം കുറിക്കുന്നു. തിരുവിതാംകൂര്‍ ഭരണകാലത്ത് അക്ഷരപൂജ പകിടശാലയിലെ നവരാത്രി മണ്ഡപത്തിലും, ആയുധപൂജ സരസ്വതീ മണ്ഡപത്തിലും ആയിരുന്നു. കാലങ്ങള്‍ പിന്നിട്ടെങ്കിലും തിരുവിതാംകൂര്‍ വാണിരുന്ന സ്വാതിതിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയ അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങള്‍ കൃത്യമായി പാലിച്ചും കാലോചിതമായ പരിഷ്കരണങ്ങള്‍ വരുത്തിയും ഇന്നും നടത്തി വരുന്നു.
ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: