കൊച്ചി : കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐസിയുവില്‍ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കി കഴിഞ്ഞു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കസ്റ്റംസ് കേസിലും മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. തിരുവനന്തപുരത്തുള്ള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലാണ് ശിവശങ്കര്‍. ശിവശങ്കറിന്റെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുകയാണ്.ഓര്‍ത്തോ ഐസിയുവില്‍ക്കഴിയുന്ന ശിവശങ്കറിന്റെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ നിയമപരമായി കസ്റ്റംസിന് കഴിയൂ.
വെള്ളിയാഴ്ച്ച വൈകുന്നേരം ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കരമനയിലെ സ്വകാര്യ ആശുപത്രിയിലാണ് ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ആന്‍ജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ ബുള്ളറ്റിന് പുറത്തു വന്നതിന് പിന്നാലെയാണ് ശിവശങ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം ശിവശങ്കറിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടര്‍ചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരാണുള്ളത്. നിലവില്‍ ശിവശങ്കര്‍ ഐസിയുവില്‍ തന്നെ തുടരട്ടെയെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഡോക്ടര്‍മാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: