കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎം തിരക്കഥയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശിവശങ്കര്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡ് കാലത്ത് ബിജെപി കോഴിക്കോട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ ഇ – ബുക്ക് പ്രകാശനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം.
അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യാന്‍ എത്തുമ്പോള്‍ ആശുപത്രിയില്‍ പോയ നേതാക്കള്‍ ഉള്ള പാര്‍ട്ടിയാണ് സിപിഎം. നാലോ അഞ്ചോ തവണ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കറിന് യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ ആശുപത്രിവാസം. സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ശിവശങ്കറിനെക്കാള്‍ ഉന്നത സ്ഥാനങ്ങളിലുള്ളവരിലേക്കും അന്വേഷണം എത്തുമെന്ന തോന്നലുണ്ടായപ്പോഴാണ് സിപിഎം പ്രതിരോധിക്കാന്‍ ഇറങ്ങിയത്. അതുകൊണ്ട് തന്നെ പലര്‍ക്കും നെഞ്ച് വേദനയടക്കമുള്ള വേദനയുണ്ടാകും.
കേരളത്തിലെ ആരോഗ്യമേഖലയില്‍ പുഴുവരിച്ചു എന്നു പറഞ്ഞവരെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ടെസ്റ്റുകളുടെ കാര്യത്തില്‍ കാണിച്ച അലംഭാവമാണ് കോവിഡ് വ്യാപനം കൂടാന്‍ കാരണമായത്. ദുരഭിമാനം വെടിഞ്ഞ് ജനങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയണം. സര്‍വകക്ഷി യോഗത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനവികാരത്തെ ഉള്‍കൊള്ളാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ഉത്തര മേഖല ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: