കോഴിക്കോട്: മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ. പ്രദീപ് കുമാര്‍ എംഎല്‍എയും മാവൂര്‍ റോഡ് ശ്മശാന വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ പുത്തൂര്‍മഠം. ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിന് മുന്‍പില്‍ നടത്തിവരുന്ന സായാഹ്നപ്രതിഷേധത്തിന്റെ ആറാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ പതിനാല് ചൂളകള്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനം പൊളിച്ചുമാറ്റി മൂന്ന് ഗ്യാസ് ചൂളകളാണ് പണിയാന്‍ പോകുന്നത്. മൂന്ന് കോടി മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പണിയാന്‍ പോകുന്ന കെട്ടിടം പൊതുധനം ദുര്‍വ്യയം ചെയ്യുന്നതും ഹിന്ദുസമൂഹത്തെ വഞ്ചിക്കുന്നതുമാണ്. ശ്മശാന സംരക്ഷണ പോരാട്ടത്തില്‍ ശ്രീനാരായണസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി പെരുമണ്ണ പഞ്ചായത്ത് സമിതി പ്രസിഡണ്ട് വി.പി. സജിത്ത് അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് സുദേവന്‍ മാളിക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ടി. മനോജ് കുമാര്‍, പി.എം. പ്രമോദ്, യു.എം. ഷാജി എന്നിവര്‍ സംസാരിച്ചു. ഇന്നത്തെ സായാഹ്ന പ്രതിഷേധം തിയ്യ മഹാസഭ സംസ്ഥാന രക്ഷാധികാരി മാമിയില്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: