കൊച്ചി: ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുമെന്ന് സിപിഎം വ്യക്തമാക്കിയതിനു പിന്നാലെ എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ജോസിന്റെ വരവില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് ആശങ്കയുള്ള എന്‍സിപി നിലപാട് കടുപ്പിച്ച് രംഗത്തെത്തി. മുന്‍പ് മത്സരിച്ച നാലു സീറ്റില്‍ ഒന്നു പോലും വിട്ടുകൊടുക്കരുതെന്നും വിട്ടുവീഴ്ച വേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വികാരമുയര്‍ന്നു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ദേശീയ അധ്യക്ഷന്‍ ശരത് പവാറും ഈ നിലപാടിനൊപ്പമാണ്. അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അതിനുശേഷം എന്‍സിപി നേതൃയോഗം ചേരാനും തീരുമാനിച്ചു. നിലവില്‍ എന്‍സിപിയുടെ സീറ്റുകള്‍ ഏറ്റെടുക്കുമെന്ന് ആരും അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കേണ്ടെന്ന് തീരുമാനിച്ച് വിഷയം അവസാനിപ്പിച്ചു.
പാലാ, കുട്ടനാട് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് എന്‍സിപിയുടെ ഭയം. നേരത്തെ മാവേലിക്കര, പള്ളുരുത്തി, പേരാവൂര്‍ സീറ്റുകളും തോമസ് ചാണ്ടിക്കു ശേഷം സ്ഥാനാര്‍ഥികളില്ലെന്ന കാരണം കണ്ടെത്തി കുട്ടനാട് സീറ്റും തട്ടിയെടുത്തത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ നിലപാടും യോഗത്തില്‍ ചിലര്‍ ഉന്നയിച്ചു. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന മുന്നണിയില്‍ നിന്നു വിട്ടുപോകണമെന്ന വികാരവും ചില നേതാക്കളുയര്‍ത്തി. പാലാ, കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകളിലാണ് എന്‍സിപി മത്സരിച്ചത്. അതിനു മാറ്റമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി. പിതാംബരന് യോഗത്തെ അറിയിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രന്, മാണി സി. കാപ്പന് എംഎല്‍എ, സലീം പി. മാത്യു, പി.കെ. രാജന്, പി. ഗോപിനാഥന്, സുല്‍ഫിക്കര്‍ മയൂരി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാലാ വിട്ടുകൊടുക്കില്ലെന്ന് നേരത്തെ മാണി സി. കാപ്പന് പരസ്യമായി പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: