കാളിയാര്‍: കൊറോണ പോസിറ്റീവായ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്വാറന്റൈന് ലംഘിച്ചു മുങ്ങി. കാളിയാര്‍ എസ്റ്റേറ്റില്‍ പൈനാപ്പിള്‍ കൃഷിപ്പണിക്കായി എത്തിയ ജാര്‍ഖണ്ഡ് സ്വദേശികളായ 13 തൊഴിലാളികളെയാണ് താമസ സ്ഥലത്ത് നിന്ന് കാണാതായതെന്ന് ആരോഗ്യവകുപ്പ് നല്കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ സമാനമായ സംഭവം ഉണ്ടായെങ്കിലും ഇവരെ അടിമാലി പോലീസ് പിടികൂടിയിരുന്നു.
ഇവരില്‍ ആറ് പേരുടെ പരിശോനാ ഫലം പോസിറ്റീവാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ജാര്‍ഖണ്ഡ് സ്വദേശികളായ 40 തൊഴിലാളികളെ തോട്ടത്തിലെ പണികള്‍ക്കായി കരാറുകാരന് എത്തിച്ചത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരെ താമസ സ്ഥലത്ത് ക്വാറന്റൈനിലാക്കുകയും നിരീക്ഷണത്തിരുന്ന ഇവരുടെ സ്രവം കോടിക്കുളം പിഎച്ച്സി ജീവനക്കാര്‍ പരിശോധനക്കായി ശേഖരിക്കുകയും ചെയ്തിരുന്നു.
നാല്പത് പേരുടെ സ്രവം പരിശോധിച്ചതില്‍ 16 പേര് പോസിറ്റീവ് ആണ്. ഇതിനിടെയാണ് പതിമൂന്ന് പേരെ താമസസ്ഥലത്ത് നിന്ന് കാണാതായത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായി കാളിയാര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സാം പറഞ്ഞു. എന്നാല്‍ കൊറോണ പോസിറ്റീവായ നാലു പേരെ മാത്രമാണ് കാണാതായതെന്ന് കാളിയാര്‍ പോലീസ് പറഞ്ഞു. തൊഴിലാളികളുടെ ക്വാറന്റൈന് ഉറപ്പുവരുത്താത്ത കരാറുകാരനെതിരേ കേസ് എടുത്തതായും കാണാതായ തൊഴിലാളികള്‍ കാഞ്ഞിരപ്പിള്ളിയില്‍ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: