അച്യുതമാണ് അക്കിത്തജീവിതം… ജ്ഞാനപീഠമേറിയ ഇതിഹാസജീവിതം. കാലാതിവര്‍ത്തിയായ കലയുടെ, കവിതയുടെ, പ്രതിഭയുടെ വറ്റാത്ത ഉറവയുതിര്‍ന്ന കുലപര്‍വതം. മുന്‍പെങ്ങും പ്രസൂതമായിട്ടില്ലാത്ത ഈശ്വരലാസ്യമാണ് കലയെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഋഷികവി പറഞ്ഞതൊന്നും പതിരായില്ല. സത്യദര്‍ശനത്തിന്റെ, നിരുപാധിക സ്നേഹത്തിന്റെ സമ്പൂര്‍ണതയാണ് അതത്രയും. ശ്രീമദ്ഭാഗവതത്തെ തനിമയാര്‍ന്ന മലയാളത്തിലേക്ക് പകര്‍ത്തി തൂലികമുനയൊടിച്ച് പിന്നെയും പിന്നെയും ഉയിര്ത്തെഴുന്നേല്ക്കുന്ന സര്‍ഗാത്മകതയെ മൗനവാല്മീകത്തില് ഒതുക്കി തപസ്സിരുന്ന ഒരു മഹാകവി…. അക്കിത്തം അച്യുതന് നമ്പൂതിരി. ഇനി ഒരാള്‍ ഇങ്ങനെയുണ്ടാകുമോ? സംശയമാണ്. ദീനാനുകമ്പയാല്‍ ആവിയായ്ത്തീര്ന്നൊരാള്…..
പുരോഗമന രാഷ്ട്രീയം ചുവന്ന കൊടി ഉയര്‍ത്തിപ്പിടിച്ച് ഇതാ ഞങ്ങളുടെ സൂര്യന് ഉദിച്ചിരിക്കുന്നു എന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച കാലത്തിന്റെ ആ നട്ടുച്ചയില്‍ നിന്നാണ് ഇരുപത്തഞ്ച് വയസ്സ് മാത്രം പ്രായമുള്ള ആ യുവഋഷി ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം എന്ന് ലോകത്തോട് ചിരിച്ചത്. എന്തൊരു ധീരമായ പ്രവചനമായിരുന്നു അത്. തപസ്വികള്‍ക്ക് മാത്രം കഴിയുന്നത്. ഇനിയൊരു നൂറ്റാണ്ട് കാലം കേരളത്തിന്റെ വര്‍ത്തമാനങ്ങളെ ചെന്തളിരണിയിക്കുമെന്ന് കരുതി വിരിഞ്ഞ കതിരുകള്‍ക്ക് അന്നേ മൃതിഗീതമെഴുതി അക്കിത്തം. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദമെന്ന് പ്രതീക്ഷകളും സ്വപ്നങ്ങളും തൊങ്ങലുചാര്‍ത്തിയ പ്രകാശത്തിലേക്ക് അതിമോഹത്തോടെ പറന്നടുത്ത ഈയാംപാറ്റകളോട്, ഒരു വലിയ ജനസമൂഹത്തോട് കാത്തിരിക്കുന്ന വിപത്തുകളെക്കുറിച്ച് എണ്ണിയെണ്ണിപ്പറയുകയായിരുന്നു അക്കിത്തം. അമ്പലക്കുളക്കടവിലെ ചുവരില്‍ തുമ്പില്ലാതെ വരച്ച നിഷ്കളങ്ക ബാല്യം സോമത്തെ, സാമത്തെ വെല്ലുന്നൊരു ലയരോമാഞ്ചമായി മാറുമ്പോഴും കാത്തുസൂക്ഷിക്കുകയായിരുന്നു കവി ജീവിതത്തിലും കവിതയിലും.
അദൈ്വത സാരസ്വത്തിനപ്പുറം എന്ത് സോഷ്യലിസം, എന്ത് കമ്മ്യൂണിസമെന്ന് ചോദിക്കാന്‍ മടികാട്ടിയില്ല അക്കിത്തം. കലയ്ക്കും സാഹിത്യത്തിനും ചേര്‍ന്ന ഒറ്റപ്പേര് തപസ്യ എന്നതാണെന്ന് പ്രഖ്യാപിക്കാന്‍ തലകുനിച്ചാല്‍ തനിക്ക് വന്നുചേര്‍ന്നേക്കാമായിരുന്ന വാഴ്ത്തുപാട്ടുകളുടെയും പുരസ്കാരങ്ങളുടെയും പകിട്ട് അദ്ദേഹത്തിന് തടസ്സമായില്ല. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി തപസ്യയോടൊപ്പം യാത്ര ചെയ്തു. കേരളവും ഭാരതവും രണ്ടെന്ന് കണ്ടവരുടെ ഇണ്ടല്‍ തീര്‍ക്കാന്‍, ഭാഷയുടെയും മതത്തിന്റെയും പേരില്‍ വീതംവയ്പിന് തുനിഞ്ഞിറങ്ങിയവര്‍ക്ക് സാംസ്കാരിക ഏകതയിലൂടെ ഭാവാത്മകമായ മറുപടി നല്‍കാനായി നടത്തിയ ആ തീര്‍ത്ഥയാത്രയ്ക്ക് നായകനായി. പുരോഗമനത്തിന്റെ മറ പിടിച്ച് പിന്നോട്ടുനടക്കാന്‍ ശീലിച്ച കേരളത്തെ സംസ്കൃതിയിലേക്ക് ആനയിച്ച നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയായിരുന്നു മഹാകവി. തപസ്യ സഹ്യാദ്രിയും കടന്ന് ഹിമാലയത്തോളം ഉയരണമെന്നും അതിന് തപസ്യ തന്നെയെന്നാകണം പേരെന്നും അക്കിത്തം പ്രാര്‍ത്ഥിച്ചു.
‘ഇദം ന മമ’ എന്ന നിസ്വന്റെ മന്ത്രമായിരുന്നു കവിയുടേത്. പക്ഷം പറഞ്ഞ് ചോദ്യം ചെയ്തവരെ അദ്ദേഹം പുഞ്ചിരി എറിഞ്ഞ് വരവേറ്റു. പരാതിയോ പരിഭവമോ ഇല്ലാതെ, ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍, എന്റയല്ലീ മഹാക്ഷേത്രവും മക്കളേ’ എന്ന് കൈകള്‍ വിടര്‍ത്തിപ്പിടിച്ച് ഒരു കവി മടങ്ങുന്നു. ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന് നടുവില്‍ നിന്ന് ‘ഭഗവത്ഗീത അറിയുന്നവന് പ്രധാനമന്ത്രിയാകണം’ എന്ന് ഹൃദയംതൊട്ട് പാടിയ കവി. മറ്റുള്ളവര്‍ക്കായി ചൊരിയുന്ന ഒരു കണ്ണീര്‍കണം ആത്മാവിലുദിപ്പിക്കുന്നത് ആയിരം സൗരമണ്ഡലമാണെന്ന് പുതിയകാലത്തിന് പകര്‍ന്നുനല്‍കിയ ഋഷി, മറ്റുള്ളവര്‍ക്കായി ചൊരിഞ്ഞ പുഞ്ചിരിയില്‍ വിരിഞ്ഞ കാലത്തിന്റെ നിത്യനിര്‍മ്മല പൗര്‍ണമി…
പരിവര്‍ത്തനത്തിന്റെ ഒരു യുഗം പാടിപ്പതിഞ്ഞ് മറയുകയാണ്. വര്‍ഗശത്രുക്കളെ സൃഷ്ടിക്കുകയും അവരെ ഉന്മൂലനം ചെയ്യുകയും സാംസ്കാരിക ലോകത്തെയാകെ തുട്ടെറിഞ്ഞ് വരുതിയിലാക്കി ഇടനാഴികളിലെ അടക്കംപറച്ചില്ക്കൂട്ടമാക്കി മാറ്റുകയും ചെയ്ത സ്വേച്ഛാധിപത്യരാഷ്ട്രീയത്തെ പരമമായ നിസംഗതയെ സമരായുധമാക്കി പടപൊരുതി തോ
ല്പ്പിച്ച ധീരനായ ഒരു കവി. അഹന്തയുടെ അധികാരം സര്‍വ ആയുധങ്ങളുമെടുത്ത് പ്രതാപികളായി വാണകാലത്തും സര്‍ഗാത്മകതയുടെ ഹിമാലയപ്പൊക്കം കൊണ്ട് ജ്ഞാനപീഠത്തിനുമുയരെ വളര്‍ന്ന ഋഷി… മഹാകാശം പോലെ ഒരാള്‍…
നഷ്ടത്തിന്റെ വലിപ്പം ഭയാനകമാണ്. ഭാഷയുടെ പാരമ്പര്യവും സംസ്കാരവും പരസ്യമായി വെല്ലുവിളിക്കപ്പെടുന്ന ഈ കാലത്ത് പ്രത്യേകിച്ചും. മഹാകവിക്ക് പ്രണാമങ്ങള്‍.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: