നാല്‍പ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പത്തിയഞ്ചുദിവസംകൊണ്ട് 4400 കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത് ഭാരത പര്യടനം നടത്തിയ മാടമന മാമച്ചന്‍ എന്ന സേവ്യര്‍.ജെ.മാടവന തൃശൂര്‍ ജില്ലയില്‍ പേരാമ്പ്രക്കടുത്ത് നാടുകുന്നിലെ വീട്ടിലുണ്ട്. ചേര്‍ത്തലയില്‍നിന്നും 1960 ലാണ് മാടമന കുടുംബം പേരാമ്പ്രയിലെത്തുന്നത്. ഈ തറവാട്ടിലെ ജോസഫ്-റോസ ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായി ജനിച്ച സേവ്യറിനെ പേരാമ്പ്ര സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ചത് എം.പിയും എംഎല്‍എയും സംസ്ഥാന മുന്‍മന്ത്രിയുമായിരുന്ന ലോനപ്പന്‍ നമ്പാടനായിരുന്നു. തുടര്‍ന്ന് കൊടകരയില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി കൊടകര ഷഷ്ഠിപ്പറമ്പിനോടു ചേര്‍ന്ന ഗുരുകുലത്തില്‍ അഗ്രിക്കള്‍ച്ചര്‍ കോഴ്സിനുചേര്‍ന്നു.
പത്തൊമ്പതാമത്തെ വയസ്സില്‍ ചാലക്കുടിയിലെ പാരലല്‍ കോളേജിലെ ഓഫീസ് ജോലിയിലേര്‍പ്പെട്ടു. ഇതിനുശേഷമാണ് പൂനയിലെ സത്താറ ജില്ലയില്‍ ബേക്കറിയില്‍ ജീവനക്കാരനാവുന്നത്. അവിടെനിന്ന് ഇന്ത്യാഗവണ്‍മെന്റിന്റെ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് കമ്പനിയില്‍ സ്റ്റോര്‍ ഇന്‍ചാര്‍ജ് ആയി സേവനമനുഷ്ഠിച്ചു. ശേഷം ആഗ്രയിലെത്തി പോള്‍ എന്നയാളുടെ വെല്‍ഡിങ്ങ് കമ്പനിയില്‍ സഹായിയായും പഞ്ചാബിലെ ജലന്ധറില്‍ ട്യൂബ് ലൈറ്റ് വിതരണകേന്ദ്രത്തിലും ജോലി നോക്കി.
ഇക്കാലത്താണ് ഇന്ത്യ മുഴുവന്‍ കാണണമെന്ന് സേവ്യറിന് മോഹമുദിക്കുന്നത്. ജലന്ധറില്‍ മിലിട്ടറി ക്യാമ്പിലുണ്ടായിരുന്ന ജ്യേഷ്ഠ സഹോദരന്‍ അലക്സാണ്ടറിനോട് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സൈക്കിളില്‍ യാത്രചെയ്യണമെന്നും, സൈക്കിള്‍ ചേട്ടന്‍ വാങ്ങിത്തരണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അനുജന്റെ അഭിലാഷത്തിന് അലക്സാണ്ടറേട്ടന്‍ അനുവാദം നല്‍കുക മാത്രമല്ല, അന്നുതന്നെ 300 രൂപ കൊടുത്ത് ബിഎസ്എ സൈക്കിള്‍ വാങ്ങിനല്‍കുകയായിരുന്നു. അങ്ങനെ 1980 സെപ്തംബര്‍ അവസാനവാരം ജലന്ധറില്‍നിന്നും സേവ്യറും സൈക്കിളും ജമ്മുവിലെത്തി. 10 രൂപ വാടകക്ക് മുറിയെടുത്ത് അവിടെ രാത്രിയില്‍ തങ്ങി. പിറ്റേന്ന് ശ്രീനഗറിലേക്ക് ബസ്സില്‍ യാത്രയായി.
സൈക്കിള്‍ ബസ്സിനുമുകളിലായിരുന്നു. ശ്രീനഗറിലെത്തിയ സേവ്യര്‍ രണ്ട് ദിവസം ഹൗസ്ബോട്ടിലായിരുന്നു താമസം. കയ്യില്‍ നയാപൈസയില്ല, മലയാളമല്ലാതെ മറ്റൊരു ഭാഷയറിയില്ല, മുന്നൊരുക്കങ്ങളില്ല. സൈക്കിളില്‍ തൂക്കിയിട്ട സഞ്ചിയില്‍ അത്യാവശ്യം വസ്ത്രങ്ങളും, സൈക്കിള്‍ ടയറുകളില്‍ കാറ്റടിക്കാനുള്ള പമ്പും ഇന്ത്യയുടെ ഒരു ഭൂപടവും മാത്രമായിരുന്നു കൈവശമുണ്ടായിരുന്നത്. എന്നാലും മറ്റൊന്നും ചിന്തിക്കാത്ത മാടമനയുടെ മോഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും മാറ്റമുണ്ടായില്ല. ശ്രീനഗറിലെ പോലീസ് സ്റ്റേഷനില്‍നിന്നും യാത്രക്കുവേണ്ട രേഖകള്‍ സംഘടിപ്പിച്ചു. അവിടെനിന്നും മലയാളിയായ സിറ്റിപോലീസ് കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം അഞ്ചുരൂപയും നല്‍കിയത് മാടമനക്ക് മനക്കരുത്തേകി.
അങ്ങനെ 1980 ഒക്ടോബര്‍ ഒന്നിന് അതിരാവിലെ ‘കന്യാകുമാരി ടു കാശ്മീര്‍’ എന്നെഴുതിവച്ച ബോര്‍ഡും സൈക്കിളിനുമുന്‍പില്‍ തൂക്കി മാടവന സേവ്യര്‍ ഭാരതപ്രയാണമാരംഭിച്ചു. ആദ്യദിവസം 49 കിലോമീറ്റര്‍ യാത്രചെയ്ത് ബിജ്ബെഹാറോ എന്ന സ്ഥലത്തെത്തി. അവിടെവച്ചു പരിചയപ്പെട്ട കാശ്മീരിയുവാവിന്റെ വസതിയില്‍ രാത്രി കഴിച്ചുകൂട്ടി. തൊട്ടടുത്തദിവസം 67 കിലോമീറ്റര്‍ യാത്രചെയ്ത് ജസിഗുണ്ട് എന്ന സ്ഥലത്തെത്തി. അവിടത്തെ പോലീസ് സ്റ്റേഷനിലായിരുന്നു താമസം. ഇവിടന്നങ്ങോട്ടുള്ള യാത്രകളിലെ ഒട്ടുമിക്ക രാത്രികളിലും അന്തിയുറങ്ങിയത് ഓരോ പോലീസ് സ്റ്റേഷനുകളിലായിരുന്നു.
ശ്രീനഗറിലെ സിറ്റിപോലീസ് കമ്മീഷണര്‍ നല്‍കിയ എഴുത്താണ് ഓരോ രാത്രിയിലും നിയമപാലകരുടെ കേന്ദ്രങ്ങളില്‍ അത്താഴത്തിനും അന്തിയുറങ്ങാനും അവസരമൊരുക്കിയത്. താമസവും ഭക്ഷണവും മാത്രമല്ല പിറ്റേന്ന് പുറപ്പെടുമ്പോള്‍ കുറച്ചുപണവും നല്‍കിയാണ് സ്റ്റേഷനുകളില്‍നിന്നും പോലീസ് ഓഫീസര്‍മാര്‍ യാത്രയാക്കിയിരുന്നത്. ഒമ്പതാംതീയതി ജലന്ധറിലെത്തി. അവിടെ പഴയ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ദിവസം താമസിച്ചു. ജലന്ധറില്‍നിന്നും ഗ്രാന്റ് ട്രെങ്ക് റോഡിലൂടെ യാത്രചെയ്ത് 14 നാണ് ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയിലെത്തുന്നത്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ സമാധിസ്ഥലമായ ശാന്തിവനം, ലാല്‍ബഹദൂര്‍ശാസ്ത്രിയുടെ സമാധികേന്ദ്രമായ വിജയ്ഘട്ട് എന്നിവിടങ്ങളിലെത്തി ചിത്രങ്ങളുമെടുത്താണ് യാത്ര തിരിച്ചത്.
അടുത്തദിവസം ദല്‍ഹിയില്‍നിന്ന് സെക്കന്തരാബാദ് വഴി സഞ്ചരിച്ച് 91 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ കുര്‍ജയിലെത്തി. അവിടെനിന്നും 117 കിലോമീറ്ററോളം യാത്രചെയ്താണ് യുപിയിലെത്തന്നെ ആട്ടെയിലെത്തുന്നത്. അവിടെ ക്രിസ്ത്യന്‍ കോണ്‍വെന്റില്‍ സേവ്യറിനുലഭിച്ചത് ഹൃദ്യമായ സ്വീകരണമായിരുന്നു. വെല്‍ഡറായി അവിടെ മുമ്പ് ജോലിചെയ്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന പോള്‍ എന്നയാള്‍ക്കൊപ്പമാണ് കഴിച്ചുകൂട്ടിയത്. അടുത്തദിവസത്തെ യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ന് നാല്‍പ്പതുകൊല്ലങ്ങള്‍ക്കിപ്പുറം സേവ്യറിന്റെ മുട്ടുകള്‍ കൂട്ടിയിടിക്കുന്നു. എന്നാല്‍ അന്ന് ആ യാഥാര്‍ഥ്യം മാടമനക്കറിയില്ലായിരുന്നു. ആഗ്രയ്‌ക്കും ഗ്വാളിയോറിനുമിടയില്‍ മുള്‍ച്ചെടികളാല്‍ നിബിഡമായ കുറ്റിക്കാട്ടിലൂടെ ചമ്പല്‍ക്കൊള്ളക്കാരുടെ വിഹാരകേന്ദ്രത്തിലൂടെയായിരുന്നു സേവ്യറിന്റെ ബിഎസ്എ മുന്നോട്ടു കുതിച്ചിരുന്നത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി നൂറുകണക്കിന് കിലോമീറ്ററുകള്‍ നീളുന്ന ചമ്പല്‍ക്കാട്. ബസ്സിലും കാറിലും ഇരുചക്രവാഹനങ്ങളിലും സഞ്ചരിക്കുന്നവരും കാല്‍നടയാത്രക്കാരും കൊള്ളക്കിരയായിരുന്ന ചമ്പല്‍ അക്രമികളുടെ കേന്ദ്രം. ചമ്പല്‍ക്കാടിനു നടുവിലൂടെ ചമ്പല്‍നദിയും പിന്നിട്ട് സൈക്കിള്‍ നീങ്ങി. ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ദേവി കത്തിക്കാളിനിന്നിരുന്ന നാളുകളായിരുന്നു അത്. എന്നാല്‍ 24 വയസുപ്രായമുള്ള സേവ്യറിന് അന്ന് ചമ്പല്‍ക്കാടുകളോ ഫൂലന്‍ദേവിയോ ഒന്നും അറിയുമായിരുന്നില്ല. അതെന്തായാലും നന്നായി.
ഗ്വാളിയോറില്‍ നിന്ന് മഹാരാഷ്‌ട്രയിലെത്തി അജന്ത ഗുഹകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് കര്‍ണാടകത്തിലെ ഹൊസൂരിലും ബാംഗ്ലൂരിലുമെത്തി. എല്ലായിടത്തും അഭയം പോലീസ്റ്റേഷനുകള്‍ തന്നെയായിരുന്നു. അവിടെനിന്നും തമിഴ്നാട്ടിലെത്തി മദുക്കരയും ഭവാനിപ്പുഴയും കോയമ്പത്തൂരും കടന്ന് പാലക്കാട് കാലു കുത്തി. തൃശൂര്‍ ടൗണിലേക്കുപോകാതെതന്നെ മണ്ണുത്തിയില്‍നിന്നും ചാലക്കുടി ഭാഗത്തേക്കു തിരിഞ്ഞു. ജില്ലയിലെ കൊടകര പിന്നിട്ട് പേരാമ്പ്ര നാടുകുന്നെത്തിയപ്പോള്‍ പാതയോരത്ത് അവരെത്തി- സേവ്യറിന്റെ അപ്പച്ചനും അമ്മച്ചിയും സഹോദരങ്ങളും. എന്തുകൊണ്ടോ അവിടെ സൈക്കിള്‍ നിര്‍ത്തിയില്ല. രക്ഷിതാക്കളെ കൈവീശിക്കാണിച്ചു പ്രത്യഭിവാദ്യം ചെയ്ത് സേവ്യര്‍ യാത്ര തുടര്‍ന്നു. ചാലക്കുടിയിലെത്തിയ മാടമനയ്‌ക്ക് സുഹൃത്തായ ജോണിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. അങ്കമാലിയിലും ആലപ്പുഴയിലെ പുന്നപ്രയിലും ചാത്തന്നൂരിലും കാക്കിക്കാരുടെ കാരുണ്യത്തില്‍ സേവ്യര്‍ അന്തിയുറങ്ങി.
തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ കയറി കാണാനുള്ള അവസരമുണ്ടായി. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരെ കാണുകയും അദ്ദേഹം സേവ്യറിനെ അഭിനന്ദിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമുണ്ടായി. ചാലക്കുടിയില്‍ ഓറിയന്റല്‍ പാരലല്‍ കോളേജില്‍ സേവ്യര്‍ ജോലിചെയ്തിരുന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ചായ്പന്‍കുഴി സ്വദേശിയായ സുഹൃത്ത് സെക്രട്ടേറിയറ്റിലെ ക്ലാര്‍ക്കായിരുന്നു. സെക്രട്ടേറിയറ്റില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകന്‍ ക്യാമറയുമായെത്തുന്നത്. സൈക്കിളുമായി നീങ്ങുന്ന ചിത്രമെടുത്തു യാത്രയുടെ വിവരങ്ങളും ചോദിച്ചു. പിറ്റേന്ന് പ്രഭാതപത്രത്തില്‍ ‘കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ:’ യെന്ന തലക്കെട്ടില്‍ ചിത്രമടക്കമുള്ള വാര്‍ത്ത. അടുത്തദിവസം പാറശാലയും പിന്നിട്ട് കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയിലെത്തി ഭാരതപര്യടനം സമാപിച്ചു.
ഭാരതം കാണാനുള്ള മോഹത്തിന് ചാടിപ്പുറപ്പെട്ട ആ യാത്ര സേവ്യറിന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒട്ടനവധി അനുഭവങ്ങളാണ് സമ്മാനിച്ചത്. നൂറുകണക്കിനു കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കൊള്ളക്കാരുടെ വിഹാരകേന്ദ്രമായ ചമ്പല്‍ക്കാടുകളിലൂടെയാണ് താന്‍ സഞ്ചരിച്ചതെന്ന കാര്യം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അല്‍ഭുതപ്പെടുകയാണ് സേവ്യര്‍. ഗൂഗിള്‍ മാപ്പൊന്നുമില്ലാതിരുന്ന ആ നാളുകളില്‍ സഞ്ചിയില്‍ കരുതിയിരുന്ന ഇന്ത്യയുടെ ഭൂപടം നോക്കിയായിരുന്നു യാത്ര. 24 വയസ്സുള്ളപ്പോള്‍ മോഹം കൊണ്ടുള്ള എടുത്തുചാട്ടംപോലെ നടത്തിയ പര്യടനം സേവ്യറിന് അനുഭവങ്ങളുടെ ആത്മജ്ഞാനത്തിനൊപ്പം ജീവിതത്തില്‍ എന്തിനേയും നേരിടാനുള്ള ആത്മധൈര്യവും സമ്മാനിച്ചു.
യാത്രയുടെ തുടക്കംമുതല്‍ ഒടുക്കം വരെ ഡയറിക്കുറിപ്പെഴുതിയ ഇദ്ദേഹം ഇന്ന് അറുപത്തിനാലിന്റെ നിറവില്‍ ആ പഴയ കയ്‌പ്പടകള്‍ മറിച്ചുനോക്കുമ്പോള്‍ അറിയാതെത്തന്നെ പഴയകാലസ്മരണകള്‍ മനസ്സില്‍ നിറയുന്നു. ഭാരതപര്യടനം പൂര്‍ത്തിയാക്കിയ സേവ്യര്‍ വീണ്ടും പഴയ പാരലല്‍കോളേജും ചാലക്കുടിയിലെ ഓഫ്സെറ്റ് പ്രസ്സും സ്റ്റേഷനറിക്കടയുമൊക്കെയായി ജീവിതപ്രയാണം തുടര്‍ന്നു. ഇപ്പോള്‍ ചാലക്കുടിക്കടുത്ത പോട്ടയില്‍ സിമെന്റ് വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ്. പോട്ട വാഴക്കുന്ന് താഴേക്കാടന്‍ കുടുംബാംഗം ലിസ്സിയാണ് ഭാര്യ. മക്കള്‍: ഡെന്നി(നിയമസഭാ ലൈബ്രറിയിലെ അസി.ലൈബ്രേറിയന്‍), ഡാന്റോ (ഗ്രാഫിക് ഡിസൈനര്‍), ഡെയ്സി(അധ്യാപിക, തൃപ്പൂണിത്തുറ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: