ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതയില്‍ നിന്നുള്ള ഉത്പാദനം കൂട്ടിയതിന് പിന്നാലെ അധിക വൈദ്യുതി വില്‍പ്പന ആരംഭിച്ചു. ഇത്തരത്തില്‍ വൈദ്യുതി മുമ്പും വില്ക്കാറുണ്ടായിരുന്നെങ്കിലും കൊറോണ എത്തിയതോടെ ഡിമാന്റ് കുറഞ്ഞതാണ് തിരിച്ചടിയായത്.
ജലനിരപ്പ് ഉയരുകയും സംസ്ഥാനത്ത് ഡിമാന്റ് കൂടാതെ വരികയും ചെയ്തതോടെയാണ് അധികവൈദ്യുതി കേന്ദ്ര പൂള് വഴി വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ ശ്രമം ആരംഭിച്ചത്. ചൊവ്വാഴ്ച തന്നെ ഇക്കാര്യം പവര്‍ എക്സചേഞ്ചില്‍ അറിയിച്ചിരുന്നു. പിന്നാലെ ഇന്നലെ ശരാശരി യൂണിറ്റിന് 2.5 രൂപയ്ക്ക് 2 മില്യണ്‍ യൂണിറ്റിലധികം വൈദ്യുതി വില്‍ക്കാനായി. ഇന്ന് ശരാശരി 2.9 രൂപ യൂണിറ്റിന് 3.6 മില്യണ്‍ യൂണിറ്റ് വൈദ്യുതിയും വാങ്ങാന്‍ ആളെത്തിയിട്ടുണ്ട്.
സാധാരണയായി കെഎസ്ഇബി മഴക്കാലത്ത് വൈദ്യുതി വില്‍പ്പന നടത്തി കോടികള്‍ നേടാറുണ്ടെങ്കിലും ഇത്തവണ ചെറിയ തോതില്‍ മാത്രമാണ് വില്‍പ്പന നടത്താനായത്. ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഇവ വേണ്ടെന്ന് വെയ്ക്കുക എളുപ്പമല്ല. സാധിക്കുന്നതെല്ലാം സറണ്ടര്‍ ചെയ്തെങ്കിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരാതെ വന്നതോടെ തിരിച്ചടിയാകുകയായിരുന്നു.
നിലവില്‍ പരമാവധി ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്താനാണ് ശ്രമം. മൊത്തം ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാല്‍ ശരാശരി 40 മില്യണ്‍ യൂണിറ്റിന് മുകളില്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാകും. ഇപ്പോള്‍ ഇത് 27 മില്യണ്‍ യൂണിറ്റ് ആണ്. മൊത്തം ഉപഭോഗം ആകട്ടെ 64-66 ദശലക്ഷം യൂണിറ്റും.
ഉത്പാദനം കൂട്ടി; ഒഴുകിയെത്തുന്നത് മൂന്നിരട്ടി വെള്ളം
ഇടുക്കിയിലെ ഉത്പാദനം ഉയര്‍ത്തിയെങ്കിലും സംഭരണിയിലേക്ക് ഒഴുകിയെത്തുന്നത് മൂന്നിരട്ടിയോളം വെള്ളമാണ്. ഇന്നലെ 7.041 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചെങ്കിലും 22.081 മില്യണ്‍ യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
ഇന്നലെ രാത്രി ലഭിച്ച കണക്ക് പ്രകാരം 2392.10 അടിയാണ് ജലനിരപ്പ്, 87.45%. ഈ വെള്ളം ഉപയോഗിച്ച് 1904.46 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 4.34 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: