പ്രവാചകനായിരുന്നു മഹാകവി. നിസ്വനായ പ്രവാചകന്… തന്നെക്കുറിച്ചല്ല, പരനെ ഓര്‍ത്ത് തപിച്ചവന്‍… മറ്റുള്ളവര്ക്കായിറ്റുവീഴുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ ഒരായിരം സൗരമണ്ഡലം ദര്‍ശിക്കാന്‍ സൗഭാഗ്യം ലഭിച്ച നിരുപമന്‍…
വൈകാരികമായ സൂക്ഷ്മതകള്‍ ഈ കവിയെ എത്രകണ്ട് ആവേശഭരിതനാക്കുന്നു എന്നതിന് ദൃഷ്ടാന്തമായി ഒരു സംഭവം ഓര്‍ക്കുന്നു. കഥകളിയില്‍ കുചേലനെ സ്വീകരിക്കുന്ന ശ്രീകൃഷ്ണന്റെ ഭാവവൈവശ്യം കാണാന്‍ തനിക്ക് ശക്തിയില്ല. ആ രംഗം വന്നപ്പോള്‍ മാറിനില്‍ക്കാനാണ് അദ്ദേഹത്തിന് തോന്നിയത്. ഇതേപ്പറ്റിയാണ് ‘ശ്യാമസുന്ദരം’ എന്ന എന്റെ ഗ്രന്ഥത്തിലെ ‘കളിയരങ്ങ്’ എന്ന കവിത. അതിലെ ചില വരികള്‍;
”അക്കിത്തവും ഞാനുമൊന്നി-
ച്ചമ്പലക്കളി കാണ്കവേ,
മന്ദമന്ദം കുചേലന്റെ
പാതിമെയ്യന്നു ചൊല്കയായ്:
”ശ്രീകൃഷ്ണസവിധം ചെല്ലൂ
ദുഃഖശാന്തി വരിക്കുവാന്‍”
കുചേലഭാവവൈവശ്യം
കുഞ്ചുക്കുറുപ്പു കാട്ടവേ
മുഖം പൊത്തിക്കേണുകൊണ്ടു
സഭവിട്ടകലുന്നതാര്-
അക്കിത്തം; പിന്നാലെ ചെന്നേന്‍
കവിയെ കൊണ്ടിരുത്തുവാന്
”ദേവന് സുദാമാവിനൊപ്പം
സ്വീകരിച്ചീടും അങ്ങയെ-
തീര്ച്ചയുണ്ടങ്ങയെക്കണ്ടാല്
തിരിച്ചറിയമേ ഹരി”
അങ്ങനെ കവിയെ കൊണ്ടുവന്നിരുത്തി. കളി തീര്‍ന്നപ്പോള്‍ നടന് സമ്മാനം കൊടുക്കേണ്ടിവന്നു അക്കിത്തത്തിന്. ശ്രീകൃഷ്ണന്റെ പാദം തൊട്ട് വണങ്ങാന്‍ ശ്രമിച്ചു- നടന് അത് സമ്മതിച്ചില്ല.
‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന തലക്കെട്ടുതന്നെ ആ കാവ്യശൈലിയുടെ നിര്‍വചനമാണ്. ശാസ്ത്രീയ-സാങ്കേതിക-യന്ത്രവല്‍ക്കൃത സംസ്കാരം മാനവരാശിയുടെ ദുരന്തത്തിലേ കലാശിക്കൂ എന്ന ഉള്‍ക്കാഴ്ച; ഇന്നു നാം കാണുന്ന ആഗോള ഭീകരതയുടെയും പോരാട്ടങ്ങളുടെയും ആണവ സ്ഫോടനത്തിന്റെയും ചുറ്റുപാടില്‍ ഒരു പ്രവചനംപോലെ അനുഭവപ്പെടുന്നു. സംഗീതാത്മകതയ്ക്ക് ഇവിടെ സ്ഥാനമില്ല. കല്പനാഭംഗികള്‍ എത്തിപ്പിടിക്കുന്നതിനും പ്രസക്തിയില്ല. അപ്പോള്‍,
‘ഇനിയും കൈവരാനില്ല
വഴിയെന്നറിയുന്നു ഞാന്‍
സപ്തര്‍ഷികള്‍ മുതല്‍ക്ക് അല്ലില്‍
മാനത്തെത്തുന്ന കൂട്ടരെ
അമ്മ ചൂണ്ടിക്കാട്ടിടുമ്പോള്
ഉള്ള ഹര്ഷവും അറ്റുപോയ്!’
എന്ന നിരീക്ഷണം ഇന്ന് ബഹിരാകാശത്തില്‍ ഉറവയെടുക്കുന്ന വൈറസുകളുടെ ആക്രമണത്തെത്തന്നെയോ പ്രവചിക്കുന്നത്! ലോകാവസാനം തന്നെയോ സംഭവിക്കുന്നത്! അപ്പോള്‍,
‘മരണത്തെ നിലപ്പിക്കും
ഔഷധം കണ്ടുകിട്ടിയാല്‍,
ജയില്‍വാസം നിത്യമായീ!
-മറ്റെന്തുണ്ടു പുരോഗതി!
കര്‍മ സാക്ഷിയെയും, തന്നെ
ചുറ്റും ഗോളഗണത്തെയും
കീഴിലാക്കിക്കഴിഞ്ഞാലും
ജയിച്ചിട്ടില്ല മാനവന്!
എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തൊട്ടടുത്ത നൂറ്റാണ്ടിലും അരങ്ങേറുന്നു. അതാണ് കവിത്വം നമുക്ക് കാഴ്ചവയ്ക്കുന്ന വെളിപാട്, അപ്പോള്‍,
‘വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം’
ഈ നാളുകള്‍ മനുഷ്യനെ പിശാചാക്കിമാറ്റി എന്ന കവിനിരീക്ഷണം അതിശയോക്തിപരമല്ല – കവിതയില്‍ ആദ്യന്തമുള്ളത് കേവല വസ്തുനിഷ്ഠസത്യങ്ങളാണ്.
മരണഭയത്തെ നര്‍മരസത്തോടെ വിവരിക്കുന്ന ‘ആലഞ്ഞാട്ടമ്മ’ എന്ന കവിതയില്‍ പോഴത്തം ഭക്തിയായി പരിണമിക്കുന്നു. നര്‍മവും സത്യപ്രസ്താവവും എങ്ങനെ ഇടകലരുന്നു, അന്യോന്യം പുഷ്ടിപ്പെടുത്തുന്നു എന്ന ഒരു അപൂര്‍വ കവികര്‍മമാണ് അദ്ദഹം നിര്‍വഹിച്ചത്. സ്വാനുഭവത്തെ മുന്‍നിര്‍ത്തി താനേ തോന്നിച്ചെയ്യുന്ന ഒരു കവികര്‍മം. അതിന് പൂര്‍വ ദൃഷ്ടാന്തം ഇല്ലാ. എന്നാല്‍ അത് സംസ്കാരത്തിന്റെ മുദ്രയാണ്. അതൊരു കൊമ്പനാനയാണ് കവിയുടെ മുന്നില്‍.
”എന്റേതല്ലെന്റേതല്ലിക്കൊമ്പനാനകള്
എന്റേതല്ലീ മഹാക്ഷേത്രവും മക്കളേ”
ആനപ്പുറത്തുകയറാന്‍ തിടുക്കംകൂട്ടുന്ന കുട്ടികളോട് ആനക്കാരന് പറയുന്നതുപോലെയാണ്, കാവ്യ സംസ്കാരത്തെപ്പറ്റി കവിക്കും പറയാനുള്ളത്. എന്റേതല്ല എന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍, തന്റെ ഉള്ളിലുള്ള, തന്റെ സ്വന്തമായ, ഈശ്വരശക്തിയുടെ ഉണ്മയെയാണ് കവി സൂചിപ്പിക്കുന്നത് എന്ന് സ്പഷ്ടം.
”ഉറക്കെ കരയുവാന്‍ ധൈര്യമി, ല്ലതുമൂലം
ഉറക്കെ കൂടെ കൂടെ പൊള്ളയായ് ചിരിപ്പൂ ഞാന്‍.”
ഈ പൊള്ളയായ ചിരിയുടെ ഒരു ഹൃദ്യമായ പകര്‍പ്പാണ് ഒരേ സമയം ഗൗരവതത്ത്വങ്ങളിലേക്കും പോഴത്തത്തിലേക്കും പടര്‍ന്നുകയറുന്ന, അക്കിത്തത്തിന്റെ ‘ഇടിഞ്ഞുപൊളിഞ്ഞലോകം’ എന്ന കവിത. ആ ലോകത്തിന്റെ അവസ്ഥ ഇങ്ങനെയാണ്!
”ശിഷ്ടഗുണാവലി നടനം ചെയ്യും ഹൃഷ്ടജനപ്രാസാദത്തെ
നമ്മളുരുക്കാല് കോണ്ക്രീറ്റാലും ചങ്ങലവച്ചുതളയ്ക്കുന്നു”
ആധുനിക കവിതയ്ക്ക് വിപ്ലവബോധം ഉണ്ടാവണമെന്നാണല്ലോ നമ്മുടെ ധാരണ. ”വെളിച്ചം ദുഃഖമാണുണ്ണീ” എന്ന പ്രസ്താവം ശരിക്കും വിപ്ലവാത്മകം തന്നെ. ”തമസോ മാ ജ്യോതിര്‍ഗമയ” എന്ന വേദവാക്യം ഇന്നത്തെ ലോകത്ത്, അനുഭവത്തിന്റെ വെളിച്ചത്തില്‍ തലകുത്തിവീണു എന്ന പ്രസ്താവനം വേദവിരുദ്ധം തന്നെ. അതേസമയം ആധുനിക പരിതോവസ്ഥയില്‍ സത്യസന്ധവും. വിപ്ലവം സാമൂഹികതലത്തില്‍ രാഷ്ട്രീയക്കാരുടെ കുത്തകയായപ്പോള്‍, സംസ്കാരം വഴിയാധാരമായി എന്ന കാഴ്ചപ്പാട് നമുക്ക് ഉണ്ടായേ പറ്റൂ. അപ്പോള്‍, കവിയുടെ അറ്റകൈ, കാലോചിതമായ വിപ്ലവദര്‍ശനമായി നമുക്ക് അനുഭവപ്പെടുക.
ഒട്ടിട ഞാനാശിപ്പൂ കയറില്‍
കെട്ടിത്തൂങ്ങി മരിക്കാനും
ആയിരമാറ്റംബോംബുകളാല് ഈ
പ്പാരൊരു വീര്‍പ്പില്‍ മുടിക്കാനും
ഇല്ല വിശേഷം ചിത്തഭ്രമമാ-
ണീയിടെ നമ്മള്‍ക്കല്പാല്പം”
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം).
ഈ ചിത്തഭ്രമത്തിന്റെ പ്രകടനം കവിയില്‍ കാണപ്പെടുന്നതോ ഇങ്ങനെ,
”ഉദിക്കയായ് എന്നാത്മാവില്
ആയിരം സൗരമണ്ഡലം”
ഹൃദയത്തിലുലാവുന്നൂ
നിത്യനിര്‍മ്മല പൗര്‍ണമി”
ആധുനിക മനുഷ്യന്റെ ‘മുഴുപ്പിരി’യെപ്പറ്റി പാടുവാന്‍ ആവശ്യമായ ‘അരപ്പിരി’ യാണ് കവിക്കുള്ളത്. അത് ഇല്ലാത്തവരാണ് നമ്മുടെ അത്യാധുനിക കവികള്‍. അവര്‍ തല്ലിക്കൂട്ടി പടച്ചുവിടുന്നത് പത്രങ്ങളിലൂടെയുള്ള സ്വയം പ്രചരണത്തിനുവേണ്ടി മാത്രം. ഇന്ന് കാവ്യരംഗം ശുഷ്കമായിപ്പോയതിന് കാരണം അത്തരം കവികളുടെ ബാഹുല്യമാണ്. അക്കിത്തം മാത്രമാണ് ഇന്ന് മഹാകവി. മുഖം നോക്കാതെ (പാര്‍ട്ടി നോക്കാതെ) സത്യം വിളിച്ചുപറയണമെങ്കില്‍ യോഗിതുല്യമായ നിസ്സംഗത – കവിയിലെ ഋഷിത്വം – വേണം.. അത് തികച്ചും കണ്ടത് അക്കിത്തത്തില്‍ മാത്രമാണ്.
പി.നാരായണക്കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: