അക്കിത്തത്തെ അച്യുതന് നമ്പൂതിരി ഇന്നത്തെ അക്കിത്തമായി വളര്‍ന്ന വഴിക്ക് നൂറ്റാണ്ടിന്റെ നീളമുണ്ട്. അക്കിത്തം അങ്ങനെ വിലയിരുത്തുമ്പോള്‍ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’–മെഴുതിയ കവി മാത്രമല്ല, ഒരു ‘നൂറ്റാണ്ടിന്റെ ഇതിഹാസം’- -തന്നെയാണ്. അത് ഭാരതത്തിന്റെ, കേരളത്തിന്റെ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹ്യ ചരിത്രവുമാണ്. ‘ഇതല്ല, ഇതല്ല’- എന്ന് അക്കിത്തവും ഒപ്പം ശതകോടി ജനങ്ങളും ചിന്തിച്ച് ചരിച്ച വഴികൂടിയാണ്. യുഗപ്പകര്ച്ചകള്ക്കൊപ്പം സഞ്ചരിച്ച ഈ ആള് ഏറെ വ്യാപരിച്ച സാഹിത്യ മണ്ഡലത്തിലെ ഏറ്റവും വലിയ ബഹുമാനാദരമായ ജ്ഞാനപീഠ പുരസ്കാരത്താല്‍ സമ്മാനിതനാവുകയും ചെയ്തുവെന്നത്, ഈ 94-ാം വയസില്‍ അസാധാരണതയാണ്.
തനി നമ്പൂതിരി കുടുംബത്തില്‍ പിറവി; ഓത്തും യജ്ഞവും കര്‍മവും ജന്മിത്വവും അയിത്തവും ആചാരവും എല്ലാമെല്ലാം തികഞ്ഞ ഇല്ലത്ത്. പക്ഷേ, കാലത്തിന്റെ വിളിയും കളിയും അറിഞ്ഞ്, പരിഷ്കാരങ്ങളെ പരീക്ഷിച്ച്, പുരോഗമനമാര്‍ഗമെന്ന് ചിന്തിച്ച്, വഴികളിലും ഇടവഴികളിലും സഞ്ചരിച്ച്, കവിതയും കഥയും നാടകവും രചിച്ച്, അഭിനയവും കഴിച്ച്, ഔദ്യോഗിക ജീവിതം നയിച്ച്, രാഷ്ട്രീയ ജീവിതം ത്യജിച്ച്, വിപ്ലവത്തിലും ഗാന്ധിമാര്‍ഗത്തിലും ചരിച്ച്, ‘സര്‍വം നാരായണമയം’– എന്ന് സ്ഥിരീകരിച്ച് പുഞ്ചിരിച്ചിരിക്കുമ്പോള് കവിതയിലും ജീവിതത്തിലും അക്കിത്തം നടന്നലഞ്ഞളന്ന വഴികള്‍ നെടുതാണ്.
ആകാശവാണിയില്‍ ഔദ്യോഗിക ജീവിതം, സാഹിത്യപ്രവര്‍ത്തനം, കുഞ്ഞുന്നാളില്‍ പരിചയിച്ച ഭാരതീയ ദര്‍ശനവും ആചാരപദ്ധതികളും ജീവിതവും തിരക്കിയുള്ള തിരിച്ചുപോക്ക്, ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആഭുമുഖ്യവും സമ്പര്‍ക്കവും, തപസ്യയുടെ തലപ്പത്തെത്തല്, ശ്രീമദ് ഭാഗവത വിവര്‍ത്തനം, ജ്ഞാനപീഠ പുരസ്കാര ലബ്ധി, വിശ്രാന്ത വിനീത കാലം… സഫല ജീവിതം ദിനംപ്രതി നീളുമ്പോള്‍, ആരും പറയും, കവിയുടെ വീട്ടുപേരുപോലെതന്നെ ‘ദേവായന’–മാണ് ആ ജീവിതമെന്ന്; ദേവമാര്‍ഗത്തിലൂടെ…
ഗവേഷണ വിഷയം
അക്കിത്തം കവിതകളെക്കുറിച്ചും കാവ്യജീവിതത്തെക്കുറിച്ചും വന്നിട്ടുള്ള പഠനങ്ങളും വിശകലനങ്ങളും എഴുത്തുകളും നോക്കുമ്പോള്‍ കവിയുടെ ജീവിതവഴികളെക്കുറിച്ച് പറഞ്ഞിട്ടുള്ളവ കുറവാണ്. ഇല്ലെന്നല്ല, പല പ്രമുഖ കവികളേയും കുറിച്ചുവന്നിട്ടുള്ളത്ര ഇല്ല. ഗവേഷണ വിഷയംപോലുമാക്കാവുന്നതാണ് അക്കിത്തം ജീവിതവഴി. കാരണം ഒരു നൂറ്റാണ്ടിന്റെ ഇതിഹാസമാണ് ആ ജീവിതം. അക്കിത്തം കടന്ന, നടന്ന, പടര്‍ന്ന സാമൂഹ്യ- രാഷ്ട്രീയ വഴികളെക്കുറിച്ചാണ് അതുകൊണ്ടുതന്നെ ഇവിടെ ചിന്തിക്കുന്നത്.
സംഭവ ബഹുലം എന്ന് ചിലരുടെ ജീവിതത്തെ വിശേഷിപ്പിക്കാറുണ്ട്. അക്കിത്തം ജീവിതത്തെ സങ്കീര്‍ണ ബഹുലം എന്ന് വേണം പറയാന്‍. 1925ലാണ് ജനനം. നിസ്സഹകരണ പ്രസ്ഥാനത്തിലെത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട കാലം. ആ വര്‍ഷമാണ് കാണ്‍പൂരില്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുന്നത്. നാഗ്പൂരില്‍ രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) രൂപം കൊണ്ടതും ആ വര്‍ഷം; അക്കിത്തത്തിന്റെ ജനന- ജീവിത കാലത്തെ രാഷ്ട്രീയ പശ്ചാത്തലം പറഞ്ഞുവെന്നുമാത്രം.
ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണം, അതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ ലബ്ധി, ഭാരത സര്‍ക്കാര്‍, ഭരണഘടന, ഐക്യ കേരളപ്പിറവി, പൊതു തെരഞ്ഞെടുപ്പ്, കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍, സായുധ സമരം, അടിയന്തരാവസ്ഥ, കോണ്‍ഗ്രസ് ഇതര ഭരണം, കൂട്ടുകക്ഷി ഭരണം, വീണ്ടും ഒറ്റക്കക്ഷി ഭരണം… അങ്ങനെ രാഷ്ട്രീയ സാമൂഹ്യ സാഹിത്യ രംഗത്തെ സംഭവ പരമ്പരകളിലൂടെ കടന്നു പോകുന്ന അക്കിത്തം, യൗവനത്തിലേ ഋഷിതുല്യമായ പ്രവചനങ്ങള്‍ കവിതാ കര്‍മ്മത്തിലൂടെ നടത്തിയെന്നതാണ് വലിയ പ്രത്യേകത. ആ പ്രവചനങ്ങള്ക്കടിസ്ഥാനം അറിഞ്ഞതോരോന്നും തിരിച്ചറിഞ്ഞ്, ഇതല്ല, ഇതായാല്‍ പോരാ എന്ന് തിരഞ്ഞലഞ്ഞതുതന്നെയാണ്.
അവിടെയും പോരായ്മ
എങ്ങും സ്ഥിരമായി നില്‍ക്കാത്ത ചിലരുടെ ശീലംകൊണ്ടായിരുന്നില്ല അത്. ഇതിനുമപ്പുറം ഉണ്ട് എന്നും അത് കണ്ടെത്തണമെന്നുമുള്ള ശീലമായിരുന്നു കാരണം. വര്‍ഗസമര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി-കര്‍ഷക ഐക്യനിര കെട്ടിപ്പടുത്ത് ആ നേതൃത്വത്തില്‍ പോരാടിവേണം മര്‍ദിത ജനവിഭാഗങ്ങള്‍ക്ക് മോചനം നേടിക്കൊടുക്കാനെന്ന ചിന്തകള്‍ പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന്റെ പ്രായോഗിതയില്‍ അക്കിത്തം പോരായ്മ കണ്ടു. കമ്യൂണിസം നടപ്പിലാക്കേണ്ടത് ബലപ്രയോഗമില്ലാതെയാകണമെന്ന ആശയം കമ്യൂണിസ്റ്റ് സാഹിത്യങ്ങളിലേ ഉള്ളുവെന്നും തിരിച്ചറിഞ്ഞു. ‘സമാനഃ’ എന്ന വേദ മന്ത്ര പാഠവും കാള്‍ മാര്‍ക്സിന്റെ സിദ്ധാന്ത സങ്കല്‍പ്പങ്ങളും ‘സമാന’മെന്ന് ചിന്തിച്ച അക്കിത്തത്തിന് ‘നിരുപാധികമായ സ്നേഹം’ എന്ന പ്രമാണം അതിനകം ജീവവായുപോലെയായി.
പി.എം. നാരായണനുമായുള്ള അഭിമുഖത്തില്‍ അക്കിത്തം വിശദീകരിക്കുന്നതിങ്ങനെ: ”നിരുപാധികമായ സ്നേഹം എന്നു പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് അഖണ്ഡമായ വികാസമെന്നാണ്. പ്രണവത്തിന്റെ അഖണ്ഡമായ വികാസമാണ് ഇന്നുകാണുന്ന പ്രപഞ്ചം മുഴുവനും.” (‘നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാല്‍ ഇതാണഴകിതേ സത്യം ഇതു ശീലിക്കല്‍ ധര്‍മവും’ എന്ന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തില്‍, ‘സത്യം ശിവം സുന്ദരം’ എന്ന ശാശ്വത സങ്കല്‍പ്പത്തെക്കുറിച്ച് അക്കിത്തം എഴുതി. ‘വിശ്വദര്‍ശനം’ നടത്തിയ കവി ജി. ശങ്കരക്കുറുപ്പിന്റെ ‘വന്ദനം സനാതനാനുക്ഷണ വികസ്വര സുന്ദര പ്രപഞ്ചാദികന്ദമാം പ്രഭാതമേ’ എന്ന സംബോധനയും ചേര്‍ത്തുവെക്കുക). അങ്ങനെ പ്രണവവും പ്രപഞ്ചവും വികാസവും തേടിയുള്ള യാ്രതയില്‍ അക്കിത്തം പിന്നെയും കമ്യൂണിസത്തില്‍നിന്ന് മുന്നോട്ടുപോയി; നേതി, നേതി എന്നു ജപിച്ചുകൊണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: