തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന് പ്രണാമം അര്‍പ്പിച്ച് കെ. സുരേന്ദ്രന്. തന്റെ സാഹിത്യകൃതികളാല്‍ സാമൂഹികവും സാംസ്കാരികവുമായ പരിവര്‍ത്തനത്തിന് ഒരു ജനതയെ പ്രേരിപ്പിച്ച യുഗപ്രഭാവനായിരുന്നു അദ്ദേഹംമെന്ന് സുരേന്ദ്രന് പറഞ്ഞു.
മലയാള സാഹിത്യത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന് മുമ്പും ശേഷവും എന്ന് വിലയിരുത്താമെന്നാണ് എല്ലാ സാഹിത്യവിമർശകരും പറയുന്നത്. അതുവരെ സാഹിത്യമണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഭൗതികവാദ പ്രത്യയശാസ്ത്ര ആശയത്തിൻമേൽ ആർഷഭാരതീയ സംസ്കാരമെന്ന മഹത്തായ ആദർശത്തിന്റെ ആധിപത്യമുറപ്പിക്കലായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം. ഹിംസയെ എതിർക്കുകയും അഹിംസയുടെ മഹത്വം വിളംബരം ചെയ്യുകയും ചെയ്യുന്ന ഈ കൃതി അക്കാലത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒഴുക്കിനെതിരെ നീന്തുന്നതിന് തുല്ല്യമായിരുന്നു. എന്നാൽ അക്കിത്തമായിരുന്നു ശരിയെന്ന് അന്ന് അദ്ദേഹത്തെ എതിർത്തവർ പോലും ഇപ്പോൾ തുറന്ന് പറയുന്ന സാഹചര്യമുണ്ടായത് അദ്ദേഹത്തിന്റെ കൃതി ജനങ്ങളിലുണ്ടാക്കിയ സ്വാധീനത്തിന്റെ ശക്തിയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കള്‍, ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം തുടങ്ങിയ അദ്ദേഹത്തിന്റെ പ്രധാനകൃതികളെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരമാണ്. കലാകാരനും സാമൂഹികപരിഷ്ക്കര്ത്താവുമായ നവോത്ഥാനനായകന്റ ആത്മാവിന് വിഷ്ണുപദം ലഭിക്കാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: