തൃശൂര്‍: ജില്ലയില്‍ വ്യാപകമായി പോലീസ്-എക്സൈസ് പരിശോധന നടക്കുമ്പോഴും ലഹരിക്കടത്ത് തുടരുന്നു. അധികൃതര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും കഞ്ചാവ്-മയക്കു മരുന്ന് മാഫിയാ സംഘത്തെ അമര്‍ച്ച ചെയ്യാനാവുന്നില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്ന മാഫിയ വേരോട്ടം നടത്തി കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ ജില്ലയില്‍ വ്യാപകമായെന്നതിന്റെ തെളിവാണ് സമീപകാലത്ത് നടന്ന ലഹരി വേട്ടകള്‍.
തൃശൂര്‍ റേഞ്ച് എക്സൈസ് പിടികൂടിയതിനു പുറമേ എക്സൈസ് സ്പെഷല്‍ സക്വാഡ് നടത്തിയ പരിശോധനയില്‍ ഒരു മാസത്തിനിടെ കഞ്ചാവുമായി 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏഴു കേസുകളിലായി അരകിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി കടത്തിനു പിന്നില്‍ കൂടുതലുമെന്ന് അധികൃതര്‍ പറയുന്നു. കഞ്ചാവും ഹഷീഷും മുതല്‍ ഏറ്റവും ആധുനിക ലഹരി ഉല്‍പന്നങ്ങള്‍വരെ ഇവരുടെ കൈകളില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. കഞ്ചാവ്, സ്റ്റാമ്പ് പോലുളള ലഹരി മരുന്നുകള്‍ എന്നിവ ജില്ലയില്‍ ഇപ്പോള്‍ സുലഭമാണ്.
കുതിരാനില്‍ നിന്ന് അതിമാരക മയക്കു മരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തതാണ് ഇതില്‍ ഒടുവിലത്തേത്. കാറില്‍ കടത്തിക്കൊണ്ടു വന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎ യുവാക്കളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തിരുന്നു. വാഹന പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ ഡോക്ടറുടെ ചിഹ്നം കാറില്‍ പതിച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. ബെഗ്ലൂൂരുവില് നിന്നു മയക്കു മരുന്നെത്തിച്ച് തൃശൂര്‍, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് ഈ യുവാക്കള്‍. കൊറോണ ജാഗ്രതയുടെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നെത്തുന്നവരില്‍ കാര്യമായ പരിശോധന നടത്താതിരുന്നത് വന്‍തോതില്‍ ലഹരി കടത്തിനു വഴിയൊരുക്കിയെന്നാണ് സൂചന.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും ലഹരി മരുന്നുകളും അനധികൃത മദ്യവും ഇപ്പോള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. 15നും 16നും മുകളില്‍ പ്രായമുള്ള പ്ലസ്ടു-ഡിഗ്രി വി്ദ്യാര്‍ത്ഥികള്‍ ലഹരിയുടെ പിടിയിലാണ്. പല വിദ്യാര്‍ത്ഥികളെയും ലഹരി പദാര്‍ത്ഥങ്ങളുടെ വിപണനത്തിന് മാഫിയാ സംഘങ്ങള്‍ ഉപയോഗിച്ചു വരുന്നതായും ഇവര്‍ക്ക് ധാരാളം പണം ലഭിക്കുന്നതായും സൂചനയുണ്ട്. ലഹരി മരുന്ന് ഉപയോഗവും കച്ചവടവും വര്‍ദ്ധിച്ചിട്ടും അധികൃതര്‍ക്ക് നടപടിയെടുക്കാനാവുന്നില്ല. ചില പ്രത്യേക സ്പോട്ടുകളില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ബൈക്കുകളിലും കാറുകളിലുമെത്തിയാണ് ഇടപാട് നടത്തുന്നത്.
പലപ്പോഴും അസമയങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ യുവാക്കളെയും വിദ്യാത്ഥികളെയും നാട്ടുകാര്‍ കാണുന്നുണ്ടെങ്കിലും അധികൃതരെ അറിയിക്കാത്തത് കൊണ്ട് കച്ചവടം സുഗമമായി നടക്കുന്നു. പരാതി നല്‍കുന്നവരെ ലഹരി മാഫിയാ -ഗുണ്ടാ സംഘം ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതിനാല്‍ നാട്ടുകാര്‍ മൗനം പാലിക്കുകയാണിപ്പോള്‍. ലഹരി വില്‍പ്പന ചോദ്യം ചെയ്യുന്ന നാട്ടുകാരെ ഗുണ്ടാസംഘം ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നുമുണ്ട്. അക്രമം ഭയന്ന് ലഹരി മരുന്ന് വില്‍പ്പനക്കെതിരെ അധികൃതരോട് പരാതിപ്പെടാന്‍ ഇപ്പോള്‍ നാട്ടുകാര്‍ തയ്യാറാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: