മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ കേരളമനസ്സില്‍ ഉണര്‍ത്തിയ ആധുനികകവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയത് മഹാകവി അക്കിത്തമാണ്.
ഭാരതീയ കാവ്യസംസ്കൃതിയുടെ അഗ്നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിച്ചു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.
ശ്രീമല്‍മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നതിന് അക്കിത്തം തന്റെ ഇത:പര്യന്തമുള്ള സാര്‍ത്ഥകജീവിതത്തില്‍ അവിശ്രമം അനുസ്യുതം പരിശ്രമിച്ചുപോരുന്നു
കേരളത്തിന്റെ സാംസ്കാരികരംഗത്ത് രൂപംകൊണ്ട അധികാരകേന്ദ്രങ്ങളെ കൂസാത്ത നിസ്വന്റെ പ്രതികരണങ്ങളാണ് മഹാകവി അക്കിത്തത്തിന്റെ കവിതകളുടെ തന്റേടമായി വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി. എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി. പത്മശ്രീ, മൂര്‍ത്തീദേവി പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന് പുരസ്കാരം, വയലാര്‍, വള്ളത്തോള്‍, ആശാന് അവാര്‍ഡുകള്‍ ഓടക്കുഴല്‍ പുരസ്കാരം,ആര്‍ഷദര്‍ശന പുരസ്ക്കാരം,ജന്മഭൂമിയുടെ ലെജന്‍ഡ്സ് കേരളപുരസ്ക്കാരം, ജ്ഞാനപീഠവും തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: