ദുബായ്: വിജയവഴിയില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ കാത്തു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം ചെന്നൈ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഇരുപത് റണ്‍സിന് തോല്‍പ്പിച്ചു.
ഇത് വരെ നടന്ന ഐപിഎല്ലിലൊക്കെ പ്ലേഓഫിലെത്തിയ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് ആശ്വാസമായി ഈ വിജയം. അടുത്ത മത്സരങ്ങളിലും വിജയം ആവര്‍ത്തിച്ചാല്‍ ചെന്നൈയ്ക്ക് ഇത്തവണയും പ്ലേ ഓഫില്‍ കടക്കാം. എട്ട് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍ നേടിയ ചെന്നൈ ആറു പോയിന്റുമായി ആറാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ ശനിയാഴ്ച ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി 7.30 ന് ഷാര്‍ജ സ്റ്റേഡിയത്തിലാണ് ഈ മത്സരം.
ബൗളര്‍മാരുടെ മികവിലാണ് ചെന്നൈ ഹൈദരാബാദിനെ തോല്‍പ്പിച്ചത്. 168 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ഹൈദരാബാദിനെ ചെന്നൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 147 റണ്‍സെന്ന നിലയില്‍ പിടിച്ചുകെട്ടി.
ഡ്വെയയ്ന് ബ്രാവോ മൂന്ന് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. കെ.വി.ശര്‍മ നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് എടുത്തു. സാം കറന്, രവീന്ദ്ര ജഡേജ, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഹൈദരാബാദിനായി കെയ്ന്‍ വില്യംസണ് അര്‍ധ സെഞ്ചുറി (57) നേടി. ബെയര്‍സ്റ്റോ 23 റണ്‍സും പ്രിയം ഗാര്‍ഗ് 16 റണ്‍സും കുറിച്ചു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഒമ്പത് റണ്‍സിന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഷെയ്ന് വാട്സന് (42), അമ്പാട്ടി റായ്ഡു (41) എന്നിവരുടെ മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റിന് 167 റണ്‍സ് എടുത്തത്. 25 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: