റിയോഡിജനീറോ: സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മറുടെ ഹാട്രിക്കില്‍ ബ്രസീലിന് ഉശിരന്‍ വിജയം. ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ട് തവണ പെനാല്‍റ്റിയിലൂടെ സ്കോര്‍ ചെയ്ത നെയ്മര്‍ അധികസമയത്ത് മൂന്നാം ഗോള്‍ നേടി ഹാട്രിക് തികച്ചു.
രണ്ട് തവണ പിന്നില്‍ നിന്ന ശേഷമാണ് ബ്രസീല്‍ വിജയത്തിലേക്ക് പൊരുതിമുന്നേറിയത്. ഈ വിജയത്തോടെ ബ്രസീല്‍ പോയിന്റ് നിലയില്‍ അര്‍ജന്റീനയ്ക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചു. റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലും അര്‍ജന്റീനയും രണ്ട് വിജയങ്ങള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബ്രസീലാണ് മുന്നില്‍. ആദ്യ മത്സരത്തില്‍ ബ്രസീല്‍ മടക്കമില്ലാത്ത 5 ഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പ്പിച്ചിരുന്നു.
തുടക്കത്തില്‍ ബ്രസീലിനെതിരെ പെറുവാണ് തകര്‍ത്തുകളിച്ചത്. ആറാം മിനിറ്റില്‍ ആന്ദ്രെ കാറിലോ പെറുവിനെ മുന്നിലെത്തിച്ചു. പൊരുതിക്കയറിയ ബ്രസീല്‍ 28-ാം മിനിറ്റില്‍ സമനില നേടി. പെനാല്‍റ്റിയിലൂടെ നെയ്മറാണ് സ്കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പെറു വീണ്ടും മുന്നില്‍ എത്തി. റൊഡ്രീഗോയാണ് ഗോള്‍ അടിച്ചത്. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ബ്രസീലിന്റെ റിച്ചാര്ലിസണ് ഗോള്‍ മടക്കി. പിന്നീട് നെയ്മര്‍ പെനാല്‍റ്റി ഗോളാക്കി ബ്രസീലിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ വീണ്ടു നെയ്മര്‍ പെറുവിന്റെ ഗോള്‍ വല കുലുക്കിയതോടെ ബ്രസീല്‍ 4-2 ന് ജയിച്ചു.
മറ്റൊരു മത്സരത്തില്‍ കൊളംബിയ ചിലിയെ സമനിലയില്‍ പിടിച്ചു നിര്‍ത്തി. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: