കണ്ണൂര്‍: വികസന രംഗത്ത് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രക്രിിയയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞകാലങ്ങളില്‍ മുടങ്ങി കിടന്ന കേന്ദ്ര പദ്ധതികളെല്ലാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൂര്‍ത്തികരിച്ചു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസടക്കം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. കൂടാതെ നിരവധി പുതിയ പദ്ധതികള്‍ സംസ്ഥാനത്ത് അനുദിനം മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട റോഡു പദ്ധതികള്‍.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സിപിഎം ബിജെപിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന മികച്ച പരിഗണന ജനങ്ങളില്‍ നിന്നും മറച്ചുവെയ്ക്കാനുളള നീക്കമാണ് ഇതിനു പിന്നിലുളളത്. വികസനത്തിന് ബിജെപി ഒരിക്കലും എതിരായിരുന്നില്ല. വികസനത്തിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സ്ഥിതിയുണ്ടാവരുത്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കണമെന്ന ആഗ്രഹം കൊണ്ടാണ് അലൈന്മെന്റ് മാറ്റാന്‍ കീഴാറ്റൂരില്‍ ബിജെപി സമരം നടത്തിയത്. അല്ലാതെ ദേശീയപാത വികസനത്തിന് ഒരിക്കലും ബിജെപി എതിരല്ല. ദേശീയപാത ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ കീഴാറ്റൂരല്ലാതെ മറ്റൊരു ഭൂമി ഏറ്റെടുത്തു നല്‍കാനാവില്ല എന്ന നിലപാടിലായിരുന്നു സിപിഎമ്മും സംസ്ഥാന ഭരണകൂടവും. അത് ദേശീയപാത വിഭാഗത്തിന് അംഗീകരിക്കേണ്ടി വരികയും റോഡ് വികസനം യാഥാര്‍ത്ഥ്യമാകണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം നിര്‍വ്വഹിക്കുകയുമായിരുന്നു.
അറുപത് വര്‍ഷം കോണ്‍ഗ്രസും സിപിഎം പിന്തുണയോടെ യുപിഎ സര്‍ക്കാരും കേന്ദ്രത്തില്‍ ഭരണം നടത്തിയിട്ടും കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നിരിക്കെ മോദി സര്‍ക്കാര്‍ ദേശീയപാതയ്ക്കായി 13000 ആയിരം കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ചരിത്രത്തിലൊരിക്കലും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്നും മറ്റ് സര്‍ക്കാരുകളില്‍ നിന്നും കേരളത്തിന് ഇത്രയും വലിയ തുക ലഭിച്ചിട്ടില്ല. ഇത്രയും വലിയ തുകയുടെ പദ്ധതിയെ പോലും സ്വന്തം പദ്ധതിയായി മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാന ഭരണകൂടവും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ് സിപിഎം കൈക്കൊളളുന്നത്. കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് വരുത്തി തീര്ക്കാര് ശ്രമിക്കുകയാണ്. തികഞ്ഞ കാപട്യമാണിത്. കേരളത്തിലെ പല വികസന പ്രക്രിയകള്‍ക്കും തുരങ്കംവെയ്ക്കുന്ന നടപടിയാണ് സിപിഎം എല്ലാ കാലത്തും കൈക്കൊണ്ടിട്ടുളളത്. കേരളത്തിലെ സ്ഥലമേറ്റെടുക്കലിനെതിരെ സമരം ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിനുളളതെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: