കുന്നത്തൂര്‍: കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ്ടോപ് നല്കുന്ന പദ്ധതി ഫയലിലുറങ്ങുന്നു. കോവിഡ് കാലത്ത് സ്കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്. ഇതിലേക്ക് പണമടച്ചത് ആയിരങ്ങളാണ്.
സംസ്ഥാനത്ത് രണ്ടു ലക്ഷം ലാപ്ടോപുകള് വിതരണം ചെയ്യുമെന്നാണ് ജൂണില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. സംസ്ഥാന ഐടി മിഷനും കെഎസ്എഫ്ഇയും കുടുംബശ്രീയും സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്. 15000 രൂപയാണ് ഒരു ലാപ്ടോപിനായി അനുവദിക്കുന്നത്. 500 രൂപ 30 മാസംകൊണ്ട് തവണകളായി അടയ്ക്കണം. മൂന്നുമാസത്തെ ഗഡുക്കള്‍ മുന്‍കൂര്‍ അടച്ച് കെഎസ്എഫ്ഇയുടെ വിദ്യാശ്രീ എന്ന ചിട്ടിയില്‍ അംഗങ്ങളാകുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
എന്നാല്‍ തവണ തുകയായ 1500 രൂപ അടയ്ക്കുകയും പദ്ധതി പ്രഖ്യാപിച്ചിട്ട് നാലുമാസം പിന്നിടുകയും ചെയ്തിട്ടും ലാപ്ടോപ് മാത്രം ആര്‍ക്കും ലഭിച്ചിട്ടില്ല. അധ്യയനവര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോഴും ലാപ്ടോപ് ലഭിച്ചിട്ട് ഇനി എന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.
പദ്ധതി തുക ലഭിക്കുമ്പോള്‍ ഐടി മിഷന് തെരഞ്ഞെടുത്തിരിക്കുന്ന ലാപ്ടോപുകള് മാത്രമേ വാങ്ങാവൂ എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ലാപ്ടോപ് കമ്പനികളുമായുള്ള ടെണ്ടര്‍ നടപടിപോലും ഐടി വകുപ്പ് കൈ കൊണ്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കെഎസ്എഫ്ഇയും കുടുംബശ്രീയും നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഐടി മിഷന്റെ മെല്ലപ്പോക്കാണ് പദ്ധതി വൈകാന്‍ കാരണമെന്നും പരാതിയുണ്ട്. ഇനി ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ ലാപ്ടോപ് തയ്യാറാക്കി വിതരണം ചെയ്യുമ്പോഴേക്കും ഈ അധ്യയന വര്‍ഷം കഴിയും.
സമീപകാലത്തായി ഐടി മിഷന് അഴിമതിയുടെ നിഴലിലാണ്. പദ്ധതികള്‍ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കുന്നതിലൂടെ ലക്ഷങ്ങളുടെ കമ്മീഷനാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും കൈപ്പറ്റുന്നത്. അതിനാല്‍ ലാപ്ടോപ് പദ്ധതി വൈകുന്നതിന് പിóിലും അഴിമതിയും കമ്മീഷനും കാരണമാകുന്നതായും സംശയമുണ്ട്.
‘ലാപ്ടോപ് എന്ന് കിട്ടുമമ്മേ? കുട്ടികളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അമ്മമാര്‍’
ഓണ്‍ലൈന്‍ പഠനമെന്ന ആശയം സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ എത്ര വീടുകളില്‍ അതിനുള്ള സൗകര്യമുണ്ടെന്ന അറിവു പോലുമില്ലായിരുന്നു സര്‍ക്കാരിന്. പഠന സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതോടെയാണ് പല വീടുകളിലും ടിവിയോ നല്ലൊരു ഫോണോ ഇല്ലന്ന കാര്യം പലരും അറിയുന്നത്.
വിവരമറിഞ്ഞ് നിരവധി സംഘടനകളും വ്യക്തികളും വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിച്ചെങ്കിലും ഇനിയും ലഭിക്കാത്തവര്‍ ഏറെ. ഈ അവസരത്തിലാണ് സൗജന്യമല്ലെങ്കില്‍ പോലും ലാപ്ടോപ് കിട്ടുമെന്ന ആഗ്രഹം കുട്ടികളിലുണ്ടായത്. ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായവര്‍ കടം വാങ്ങി 1500 രൂപ മുന്‍കൂര്‍ നല്‍കിയിട്ടും ലാപ്ടോപ് ലഭിക്കാതായതോടെ ആശങ്കയിലായി. ‘ലാപ്ടോപ് എന്ന് കിട്ടുമമ്മേ’ എന്ന ചോദ്യം ദിവസേന കുട്ടികള്‍ ചോദിക്കുമ്പോള്‍ എന്തു മറുപടി പറയുമെന്ന് അറിയാതെ വലയുകയാണ് അമ്മമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: