ഇടുക്കി: ചെറുതോണിയില്‍ പെരിയാറിന് കുറുകെ പുതിയ പാലത്തിന്റെ നിര്‍മാണോദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ശിലാഫലം അനാവരണം ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ദേശീയപാതാ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഐ.കെ. പാണ്ഡെ ആമുഖപ്രഭാഷണം നടത്തി. കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് ചെറുതോണിയില്‍ പുതിയ പാലം വരുന്നത്. ചെറുതോണി ഉള്‍പ്പെടെ ഏഴു വികസന പദ്ധതികള്‍ക്കാണ് ഇന്നലെ തുടക്കമിട്ടത്.
കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരി അല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ ദേശീയപാതാ വികസനം യാഥാര്‍ഥ്യമാകുമോയെന്നു സംശയിക്കേണ്ടി വന്നേനെയേന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 24 കോടി മുതല്‍ മുടക്കി നിര്‍മിക്കുന്ന ഈ പാലം ഭാവിലെ ഏതു പ്രളയത്തെയും അതിജീവിക്കാന്‍ കഴിയുന്നതാണ്. 18 മാസത്തിനുള്ളില്‍ പാലം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദേശീയപാതയുടെ വികസനം അനിവാര്യമാണ്.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വലിയ പിന്തുണ നല്‍കി. ഉദ്യോഗസ്ഥ, ഭരണതലത്തിലെ സമയോചിത ഇടപെടല്‍ ഇതിന് സഹായകമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല വകുപ്പ് സഹ മന്ത്രി റിട്ട. ജനറല്‍ വി.കെ. സിംഗ്, വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, മറ്റ് മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മധുരയിലെ കെ.എസ്. കമ്പനിക്കാണ് പാലത്തിന്റെ നിര്‍മ്മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: