കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാന്‍ തയ്യാറാകാതെ ഗവ. ബീച്ച് ആശുപത്രി അധികൃതരുടെ ക്രൂരത. വാഹനം കിട്ടാത്തതിനാല്‍ രോഗി വീട്ടിലേക്ക് നടന്നത് ഏഴു കിലോമീറ്റര്‍. കുണ്ടൂപറമ്പ് സ്വദേശിയായ മധ്യവയസ്ക്കനാണ് ഈ ദുരനുഭവം. ഇന്നലെയാണ് സംഭവം.
വലിയങ്ങാടിയിലെ തൊഴിലാളിയായ കൂണ്ടൂപറമ്പ് സ്വദേശി താന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ കടുത്ത പനിയെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. ആര്‍ആര്‍ടി പ്രവര്‍ത്തകരെത്തി ഇയാളെ കോവിഡ് ആശുപത്രിയായ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആര്‍ആര്‍ടി പ്രവര്‍ത്തകര്‍ മടങ്ങിപ്പോവുകയും ചെയ്തു.
വൈകിട്ട് പരിശോധനാഫലം ലഭിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാതെ ഇയാളോട് വീട്ടിലേക്ക് പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ട് അറിയിക്കാം അപ്പോള്‍ വന്നാല്‍ മതിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
വീട്ടിലേക്ക് പോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും സമയം വൈകുന്നേരമായി ഇനി വാഹനമൊന്നും കിട്ടില്ലെന്നും അവിടെ നില്‍ക്കരുതെന്നും പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു. മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടയാക്കരുതെന്ന് കരുതി കനത്ത പനി ഉണ്ടായിട്ടും വീട്ടിലേക്ക് നടന്നുപോകാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. കുണ്ടൂപറമ്പ് അങ്ങാടി എത്തുമ്പോഴേക്കും തളര്‍ന്ന് അവശനായ ഇദ്ദേഹത്തെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: