കൊച്ചി : ലൈഫ് മിഷന് അഴിമതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സിബിഐ എഫ്ഐആര്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയില്ല. അതേസമയം, വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളും രേഖകളും സംബന്ധിച്ച് വിശദമായ വാദം ആവശ്യമാണെന്നു കണ്ട് ലൈഫ്മിഷന് സിഇഒ യു.വി. ജോസിനെതിരായ സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. എന്നാല്‍ യൂണിടാക് ബില്‍ഡേഴ്സ് എംഡി സന്തോഷ് ഈപ്പനടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയില്‍ സിബിഐ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി. ജോസും യൂണിടാക് എംഡി സന്തോഷ് ഈപ്പനും നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ സിബിഐ ഇടപെടുന്നതു വിലക്കണമെന്നുമുള്ള യൂണിടാക്കിന്റെ ഹര്‍ജിയിലെ ആവശ്യം നിഷേധിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളും രേഖകളും ലൈഫ് മിഷന് സിഇഒയെ ഈ കേസില്‍ പ്രതി ചേര്‍ക്കുന്നതിനെ ന്യായീകരിക്കുന്നില്ല. ഇതിനാല്‍ സിഇഒക്കെതിരായ അന്വേഷണം രണ്ടു മാസം സ്റ്റേ ചെയ്യുന്നു, ഉത്തരവില്‍ പറയുന്നു.
വിദേശ സഹായ നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 3(1) ല്‍ വിദേശ സഹായം സ്വീകരിക്കാന്‍ വിലക്കുള്ള വിഭാഗങ്ങളേതൊക്കെയെന്നു പറയുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ലൈഫ് മിഷനും ബില്‍ഡര്‍മാരും ഇതിലുള്‍പ്പെടില്ല. അതിനാല്‍ യുഎഇ കോണ്‍സുലേറ്റിലെ വ്യക്തികള്‍ക്കും മറ്റുള്ളവര്‍ക്കും യൂണിടാക് കൈക്കൂലിയും ഫെസിലിറ്റേഷന്‍ ചാര്‍ജും നല്‍കിയതില്‍ കുറ്റമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് ഉത്തരവ് പറയുന്നു.
ഈ നിയമത്തിലെ സെക്ഷന്‍ 3(2) (ബി) പ്രകാരം വിദേശ സ്രോതസ്സില്‍ നിന്ന് പണം കൈപ്പറ്റി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സെക്ഷന്‍ 3(1) ല്‍ പറയുന്ന വിഭാഗത്തിലുള്ളവര്‍ക്കോ നല്‍കുന്നത് കുറ്റകരമാണ്. ഈ കേസില്‍ യൂണിടാകില്‍ നിന്ന് പണം വാങ്ങിയവര്‍ തുക മതിയായ അനുമതിയും ക്ലിയറന്‍സും ലഭിക്കാന്‍ ഉപയോഗിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ പണത്തിലൊരു പങ്ക് പൊതു സേവകര്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ നല്‍കാനിടയുണ്ടെന്ന് ബില്‍ഡര്‍മാര്‍ക്ക് അറിയാമായിരുന്നെന്ന് ആരോപിക്കാനാവും. തന്മൂലം സന്തോഷ് ഈപ്പനെതിരെയുള്ള കേസില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല.
വിദേശ സ്രോതസ്സുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി നടത്തുന്ന ഇടപാടുകളില്‍ ഏജന്റുമാര്‍ക്ക് വിദേശ സഹായ നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 4 (സി) പ്രകാരം നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. തങ്ങള്‍ക്ക് ഇതു ബാധകമാണെന്നാണ് യൂണിടാക്കിന്റെ വാദം. എന്നാല്‍ കെട്ടിട നിര്‍മാണ കരാര്‍ ലഭിച്ചുവെന്നതിനാല്‍ നിര്‍മാണ കമ്പനിക്ക് ഏജന്റെന്ന പദവി ലഭിക്കില്ല. ആ നിലയ്ക്ക് സിബിഐ അന്വേഷണം വിലക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
വിദേശ സഹായ നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് സിബിഐ കേസെടുത്തത്. ഹര്‍ജികളില്‍ പിന്നീടു വിശദമായ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: