കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേരു മാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ താക്കീതു നല്കി കേന്ദ്ര മന്ത്രി സദാനന്ദഗൗഡ. സകല മേഖലയിലും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്‍.ബി ടിവി, നേഷന്‍ ഫസ്റ്റ് മൂവ്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത് മൂന്ന് വിധത്തിലാണ്. പദ്ധതികളുടെ പേരുകള്‍ മാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നതാണ് ഒന്നാമത്തെ രീതി. പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന പദ്ധതി കേരളത്തില്‍ അവതരിപ്പിക്കുന്നത് ലൈഫ് പദ്ധതി എന്ന പേരിലാണ്. രണ്ടാമത്തെ രീതി പദ്ധതികളുടെ പേരുകളുടെ ചുരുക്കരൂപം പ്രചരിപ്പിക്കുക എന്നതാണ്. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന എന്നതിനെ പി.എം.കെ.വി.വൈ എന്ന് മാത്രം അവതരിപ്പിക്കും. മൂന്നാമത്തേത് പദ്ധതികളെ നടപ്പില്‍ വരുത്താതെ അട്ടിമറിക്കലാണ്. ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ അയുഷ്മാന് ഭാരത് കേരളത്തില്‍ അവതരിപ്പിക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കേരളത്തില്‍ പേരു മാറ്റി അവതരിപ്പിക്കുന്നതിനെതിരെ നിരവധി പരാതികളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുള്ളത്. പദ്ധതി ചെലവിനായി നല്കിയ പണമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രതിഷേധാത്മകമാണെന്നും സദാനന്ദഗൗഡ കുറ്റപ്പെടുത്തി. ഇത്തരം നിലവാരം കുറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിണറായി വിജയന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കേന്ദ്രമന്ത്രി താക്കീതു നല്കി.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ജനങ്ങള്‍ക്കുള്ള അജ്ഞത ചൂഷണം ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് പരിപാടിയില്‍ സംസാരിച്ച ആര്.എസ്.എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റേത് കേവലം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വികസ പദ്ധതികളല്ലെന്നും അടിസ്ഥാന ജനവിഭാഗങ്ങളെ പ്രാപ്തരാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അദ്ധ്യക്ഷനായ പരിപാടിയില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്, എന്‍.ബി ടീവി ചീഫ് എഡിറ്റര്‍ ആദര്‍ശ് തുളസീധരന്‍, നേഷന്‍ ഫസ്റ്റ് ഓര്‍ഗനൈസര്‍ എം.എസ് വിഷ്ണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: