കൊച്ചി: ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സ്ത്രീയുടെ മൂല്യത്തെ തിരിച്ചറിയണം. അവളെ ദേവിയായി കരുതി പൂജാമുറിയിലോ വേലക്കാരിയായി അടുക്കളയിലോ അടച്ചിടരുത്. സാമ്പത്തികമായി സ്വയംപര്യാപ്തത നേടാനുള്ള അവസരം അവര്‍ക്ക് നല്‍കണം, പ്രവര്‍ത്തിക്കാനുള്ള കഴിവ് സ്ത്രീസമൂഹത്തിനുണ്ട്. അടച്ചിട്ട വാതിലുകള്‍ തുറന്നുകൊടുത്താല്‍ മതി. വീട്ടിനുള്ളിലെ ജോലിയല്ലാതെ മറ്റൊരു ജോലിയും സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന ധാരണയുണ്ട്. മറ്റു ജോലികളും അവര്‍ ചെയ്യും. അതിനായി വീട്ടുജോലികളില്‍ നിന്ന് കുറച്ച് മോചനവും അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യവും നല്‍കണം. കുടുംബത്തില്‍ അമ്മയുടെ സ്ഥാനമാണ് സ്ത്രീക്ക്. സര്‍ഗാത്മകതയാണ് അവരുടെ ശക്തി, വിവേക് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സര്‍സംഘചാലക് പറഞ്ഞു.
ശ്രീരാമജന്മഭൂമിക്കു വേണ്ടിയുള്ള പ്രക്ഷോഭം അവസാനിച്ചെങ്കിലും ഭാരതത്തിന്റെ ഭൂതകാലത്തിന്റെ അഭിമാനജനകമായ അവിഭാജ്യ ഘടകമെന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയേയും സ്വാധീനിക്കും. ശ്രീരാമന് ഇവിടെ ജീവിച്ചിരുന്നു. ആ ജീവിതത്തിന്റെ സ്വാധീനം നാളെയും ഉണ്ടാവും, അദ്ദേഹം പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രം, മഥുര ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ മോചിപ്പിക്കാനുള്ള പ്രക്ഷോഭം തുടങ്ങുമോ എന്ന ചോദ്യത്തിന് ആര്‍എസ്എസ് പ്രക്ഷോഭ സംഘടനയല്ല എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ മറുപടി. ഏതെങ്കിലും പ്രക്ഷോഭം തുടങ്ങുക എന്നത് ആര്‍എസ്എസിന്റെ അജണ്ടയല്ല. രാമജന്മഭൂമി പ്രക്ഷോഭം ആരംഭിച്ചത് ആര്‍എസ്എസ് അല്ല. വിഎച്ച്പിയുടെ ചുമതലയില്‍ അശോക് സിംഘാള്‍ എത്തുന്നതിന് മുമ്പേ പ്രക്ഷോഭം തുടങ്ങിയിരുന്നു. പിന്നീട് വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്തു. വ്യക്തികളില്‍ മാനസിക പരിവര്‍ത്തനം സാധ്യമാക്കുന്ന പ്രവര്‍ത്തനത്തിലാണ് ആര്‍എസ്എസ്, അദ്ദേഹം വിശദീകരിച്ചു.
രാമജന്മഭൂമിയില്‍ ക്ഷേത്രമുയരുന്നത് പൂജകള്‍ നടത്താന്‍ മാത്രമല്ല. പരമ വൈഭവ സമ്പന്നമായ വിശ്വഗുരുവായി ഭാരതത്തെ മാറ്റുന്നതിന് അത്തരമൊരു രാഷ്ട്രനിര്‍മിതിക്കായി ഓരോ വ്യക്തിയേയും യോഗ്യമാക്കണം. ആ ശ്രമത്തില്‍ എല്ലാവര്ക്കും അഭിമാനിക്കാവുന്ന മൂല്യമാണ് ശ്രീരാമന്. ഭേദചിന്തകളില്ലാതെ രാമന്റെ ആദര്‍ശങ്ങളേയും ഹൃദയത്തില്‍ സൂക്ഷിക്കാനാവണം, മോഹന്‍ ഭാഗവത് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: