കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. എന്‍ഐഎ, സിബിഐ അന്വേഷണ ഏജന്‍സികളും സ്വപ്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം സ്പേസ്പാര്‍ക്കിലെ ജോലിയെ മറയാക്കി സ്വപ്ന സ്വര്‍ണക്കടത്ത് നടത്തുകയായിരുന്നെന്ന് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതെന്തിനാണെന്ന് എന്‍ഫോഴ്സ്മെന്റ് സ്വപ്നയോട് ചോദിച്ചെങ്കിലും അതിന് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. കോണ്‍സുലേറ്റില്‍നിന്ന് സ്പേസ് പാര്‍ക്കിലെത്തിയ തൊട്ടടുത്ത മാസമാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത് എന്നതിനാല്‍ കേസിനെ സംബന്ധിച്ച് സ്വപ്നയുടെ മറുപടി നിര്‍ണായകമായിരുന്നു.
2019 സെപ്റ്റംബറില്‍ കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിച്ചെന്നാണ് സ്വപ്ന നല്കിയ മൊഴിയില്‍ പറയുന്നത്. കുറ്റപത്രത്തില്‍ അഞ്ചുമുതല്‍ 12 വരെ ഖണ്ഡികകളിലാണ് സ്വപ്നയുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണനയ്ക്ക് വരുന്നുണ്ട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ളവരാണ് കേസില്‍ ഹാജരായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: