തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നതോടെ ഉത്തരം മുട്ടി സിപിഎം. സ്വപ്നയുടെ മൊഴിയില്‍ മുഖ്യമന്ത്രി മൗനം പാലിച്ചതോടെ സിപിഎമ്മും എന്തുപറയണമെന്നറിയാതെ കുഴങ്ങി. ചാനല്‍ ചര്‍ച്ചകളില്‍നിന്ന് നേതാക്കള്‍ ഒളിച്ചോടി.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് വിവാദങ്ങളിലെ സംവാദങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ തത്ക്കാലം പങ്കെടുക്കില്ലെന്നാണ് ചാനലുകളോട് കഴിഞ്ഞ ദിവസം എകെജി സെന്ററില്‍നിന്നു വ്യക്തമാക്കിയത്. ഒരേ വിഷയം ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടെന്നാണു തീരുമാനമെന്നാണ് സിപിഎമ്മിന്റെ ന്യായം. എന്നാല്‍ സ്വപ്നയുമായുള്ള സ്വകാര്യ കൂടിക്കാഴ്ച സംബന്ധിച്ച് മുഖ്യമന്ത്രി ഇപ്പോഴും പ്രതികരിക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ സിപിഎമ്മും എന്ത് നിലപാട് എടുക്കണമെന്നതില്‍ കടുത്ത ആശങ്കയിലാണ്. ഇതാണ് തത്കാലം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് നയിച്ചത്. മുഖ്യമന്ത്രി ആദ്യം പ്രതികരിക്കട്ടെ എന്ന നിലപാടാണ് സിപിഎം നേതൃത്വം കൈക്കൊണ്ടെതെന്നും സൂചനയുണ്ട്.
സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും സ്വപ്നയുടെ മൊഴിയില്‍ വെട്ടിലായി. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പിണറായി വിജയന് പറഞ്ഞത് ഏറ്റുപറയുക മാത്രമാണ് സിപിഐയും മറ്റ് ഘടക കക്ഷികളും ഇതുവരെ ചെയ്തത്. ഇനി മാറ്റിപ്പറയാനും സിപിഐക്കോ മറ്റ് ഘടക കക്ഷികള്‍ക്കോ കഴിയുകയുമില്ല. മൊഴിപുറത്ത് വന്നതോടെ സൈബര്‍ ഇടങ്ങളിലും ചാനല്‍ ചര്‍ച്ചകള്‍ പോലെ സിപിഎം ഭാഗം നിശ്ശബ്ദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: