കുവൈത്ത് സിറ്റി: ഇന്ത്യൻ പെട്രോളിയം – പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്തിലെത്തി. കുവൈത്തിന്റെ മുൻ അമീറായ ഷെയ്ഖ് സബ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബയുടെ നിര്യാണത്തിൽ ഭാരത സർക്കാരിന്റെ ഔദ്യോഗിക അനുശോചനം രേഖപ്പെടുത്താനായാണ് അദ്ദേഹം കുവൈത്തിലെത്തിയത്.
രാഷ്‌ട്രപതിയുടെയും, പ്രധാനമന്ത്രിയുടെയും ഔദ്യോഗിക അനുശോചനം കുവൈത്ത് ഭരണാധികാരികൾക്ക് ധർമേന്ദ്ര പ്രധാൻ കൈമാറും. ഓയില്‍ മിനിസ്റ്റര്‍ ഡോ.ഖാലിദ് അലി അല്‍ ഫദെല്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ്, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും സ്വീകരിക്കാന്‍ എത്തിയിരുന്നു. കുവൈത്ത് ഭരണാധികാരികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പുതിയ അമീറിനും കിരീടാവകാശിക്കും ഇന്ത്യയുടെ ആശംസകളും അറിയിക്കും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ മോദി എന്നിവരുടെ കത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് ഭരണനേതൃത്വത്തിന് കൈമാറും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഊഷ്മളമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ മാസം 29 നാണു കുവൈത്ത് അമീർ ആയിരുന്ന ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അന്തരിച്ചത്. അമീറിന്റെ നിര്യാണത്തിൽ രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നീ നേതാക്കൾ അനുശോചനം അറിയിച്ചിരുന്നു. അതോടൊപ്പം അന്തരിച്ച അമീറിനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ഒക്റ്റോബർ 4നു രാജ്യ വ്യാപകമായി ഔദ്യോഗിക ദുഃഖമാചരിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ഒക്ടോബർ 1 ന് ന്യൂഡൽഹിയിലെ കുവൈറ്റ് എംബസി സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: