തിരുവനന്തപുരം: എല്ലാം മുഖ്യമന്ത്രിക്ക് അറിയാമെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ ലൈഫ്മിഷന്‍ അഴിമതി, സ്വണക്കടത്ത് തുടങ്ങിയവയില്‍ പിണറായി വിജയന്‍ കൂടുതല്‍ കുരുക്കിലേക്ക്. ലൈഫ്മിഷന്‍ അഴിമതിയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവയിലേക്ക് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എത്തിയത് പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമെന്ന് വ്യക്തം. സ്വപ്‌നയുടെ നിയമനം അടക്കം അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിഞ്ഞു.
ശിവശങ്കറിനെ പരിചയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനോടൊപ്പം ഉള്ള സ്വകാര്യ സന്ദര്‍ശനത്തിലായിരുന്നു എന്നാണ് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി. ഇത് കഴിഞ്ഞ ദിവസം ജന്മഭൂമി പുറത്തുവിട്ടിരുന്നു. ശിവശങ്കറായിരിക്കും യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരുമായുള്ള മുഖ്യകണ്ണി എന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഈ നിര്‍ദേശമാണ് യുഎഇ കോണ്‍സുലേറ്റിന്റെ മറവിലുള്ള സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലും എത്തി നില്‍കുന്നതെന്ന് ഇതോടെ വ്യക്തമായി.
മുഖ്യമന്ത്രിയുടെ വീട്ടില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയത് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇത് അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിക്കുന്നത്. ആ ബന്ധമാണ് പ്രോട്ടോകോള്‍ ഓഫീസില്‍ ഫയലുകളില്ലാതെ നയതന്ത്രബാഗേജുകള്‍ക്ക് അനുമതി നല്‍കിയതെന്നും അതുവഴി സ്വര്‍ണം കടത്തിയതെന്നും ഇതോടെ തെളിഞ്ഞു. സ്വര്‍ണം കടത്തിയെന്ന് സംശയിക്കുന്ന ഈന്തപ്പഴ വിതരണത്തിന് പദ്ധതി തയാറാക്കിയതും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ബലത്തിലാണ്. സ്‌പേസ് പാര്‍ക്കിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് സ്വപ്‌നയെ ശിവശങ്കര്‍ നിര്‍ദേശിക്കുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളുടെ ബലത്തിലാണെന്ന് തെളിഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റ് കൈപ്പറ്റിയതും ഖുറാന്റെ മറിവില്‍ വിവാദ പാക്കേജുകള്‍ സിആപ്ട് വാഹനത്തിലൂടെ കടത്തിയതും മുഖ്യമന്ത്രിയുമായി സ്വപ്‌ന നടത്തിയ കൂടിക്കാഴ്ചയുടെ മറ്റൊരു ഫലമാണ്.
പ്രളയ ദുരിതാശ്വാസത്തിന് പണം പിരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ദുബായ് യാത്രയില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി. ലൈഫ് മിഷന്‍ സഹായപദ്ധതിക്ക് യുഎഇ റെഡ്ക്രസന്റുമായി ധാരണാ പത്രത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയതും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ്. ധാരണാ പത്രം ഒപ്പിടാന്‍ നിര്‍ദേശിച്ചത് ജയശങ്കറാണ്. നടപടികള്‍ വേഗത്തിലാക്കാനും ശിവശങ്കര്‍ ഇടപെട്ടെന്നാണ് ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ് വിജിലന്‍സിന് നല്‍കിയ മൊഴി. ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് നിര്‍മ്മാണ കരാര്‍ നല്‍കിയതും ശിവശങ്കര്‍ ഇടപെട്ടാണെന്നും യു.വി. ജോസ് സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയുടെ പിന്‍ബലത്തിലാണെന്ന് സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ വ്യക്തമായി. ഇതോടെ സ്വര്‍ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകാത്ത വിധം മുഖ്യമന്ത്രി കൂടുതല്‍ കുരുക്കിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: