തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗത്തിലാണ് ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തുപകര്‍ന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് വെള്ളാപ്പള്ളി പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണെന്ന് വിമര്‍ശിക്കുന്നത്. ഒപ്പം, വിഷംനിറഞ്ഞ വര്‍ഗീയ പ്രചാരണം വെള്ളാപ്പള്ളി അവസാനിപ്പിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സംഘപരിവാറിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ലെന്നും പാര്‍ട്ടി പത്രം ആരോപിക്കുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പണ്‍ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നില്‍. അതിനെ നയിക്കാന്‍ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതില്‍, ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാര്‍ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമര്‍ശിക്കുന്നതിനെ ആരും ആ അര്‍ത്ഥത്തിലേ കാണൂ. എന്നാല്‍ ഗുരുദേവന് ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികള്‍ക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല.
ജന്മംകൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി ഒരിക്കലും ശ്രീനാരായണ ഗുരു അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിര്‍ണ്ണയം പോലുള്ള ഗുരുവിന്റെ ജാതിസങ്കല്പം വ്യക്തമാക്കുന്ന കൃതികളെ പുതിയതലമുറയ്ക്ക് മുന്നില്‍ വെറും കടലാസുകെട്ടായി ചിത്രീകരിക്കാനാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ഈവിധം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാന കേരളത്തിനും മലയാളികള്‍ക്കാകെയും ഇതിന് ഐക്യംനേരാനാവില്ല. ഗുരുദേവന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വാശികാണിച്ചെന്നാണ് ഗുരുദേവ ദര്‍ശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്. ഇതേ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാര്‍ലമെന്റംഗവുമെല്ലാം രംഗത്തുവന്നത് തീര്‍ത്തും രാഷ്ട്രീയവും ജാതിബോധവും ഉള്ളില്‍വച്ചുതന്നെയാണ്.
അനാവശ്യമായ വിചാരവികാര പ്രകടനങ്ങളും വിലകുറഞ്ഞ അഭിപ്രായങ്ങളും വിഷംനിറഞ്ഞ വര്‍ഗീയ പ്രചാരണവും ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉയര്‍ത്തുന്നത് ജനങ്ങള്‍ തള്ളിക്കളയണമെന്നും പാര്‍ട്ടി പത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: