തൊടുപുഴ: സ്ത്രീകള്‍ അടക്കമുള്ള മാനസിക രോഗികളുടേയും സാമൂഹ്യ വിരുദ്ധരുടേയും അഴിഞ്ഞാട്ടത്തില്‍ വീര്‍പ്പുമുട്ടി തൊടുപുഴ നഗരം. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ നഗരത്തിലെ ജനങ്ങളുടെ സ്വൈര ജീവിതം തകര്‍ക്കുന്നവയാണ്.
കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ സെലീനയെന്ന യുവതി വെട്ടി പരിക്കേല്‍പ്പിക്കുകയും പിന്നാലെ തയ്യല്‍കട നടത്തിയിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരുമ്പോഴും നടപടികള്‍ എങ്ങുമെത്തുന്നില്ല എന്നതാണ് വസ്തുത.
ഇടുക്കിയിലെ ഏറ്റവും വികസിത നഗരമായ തൊടുപുഴയിലേക്ക് എത്താന്‍ ഇതോടെ ജനങ്ങള്‍ ഭയപ്പെടുകയാണ്. വികസനമുണ്ടെങ്കിലും നടപടി എടുക്കേണ്ടവര്‍ കൃത്യ സമയത്ത് ഇടപെടാത്തതാണ് പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നത്.
സ്ത്രീയുടെ അക്രമണം തുടര്‍ക്കഥ
നഗരവാസികളെ ഭയപ്പാടിലാക്കിയ സ്ത്രീയുടെ അതിക്രമം തുടര്‍ക്കഥയാണ്. അക്രമം ഉണ്ടാക്കിയ സെലീന എന്ന സ്ത്രീ മദ്യവും മറ്റ് ലഹരി വസ്തുക്കളും സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസും പറയുന്നു. ഇവര്‍ നഗരത്തില്‍ ഇതിന് മുന്‍പും പലരെയും ആക്രമിച്ചിട്ടുണ്ട്. പക്ഷേ നഗരത്തിലൂടെ അലഞ്ഞു തിരിയുന്ന ഇവര്‍ക്ക് എതിരെ കാര്യമായ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ വീണ്ടും ഇവര്‍ അക്രമം നടത്തുകയാണെന്ന് നഗരവാസികള്‍ പറയുന്നു.
വര്‍ഷങ്ങള്‍ മുന്‍പ് ഒരു നാടോടി നഗരത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിക്ക് ഒപ്പം സെലീനയെയും പോലീസ് പിടികൂടിയിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. സമരങ്ങളില്‍ അടക്കം പങ്കെടുത്ത് ഇവിടെ ബഹളമുണ്ടാക്കുക ഇവരുടെ പതിവ് ശൈലിയാണ്. കേട്ടാള്‍ അറയ്ക്കുന്ന തെറിയും ചീത്തയും പതിവ് പരിപാടിയാണെന്ന് പ്രദേശവാസികളും പറയുന്നു. മുമ്പ് തൊടുപുഴ പാലത്തിന്റെ നടപ്പാതയില്‍ ഭിക്ഷയാചിച്ചിരുന്നയാളുടെ കൃത്രിമ കാല് ഈ യുവതി എടുത്ത് പുഴയില്‍ എറിഞ്ഞ സംഭവം ഉണ്ടായിരുന്നു. ഇത്തരത്തില്‍ യാതൊരു പ്രകോപനമില്ലാതെയാണ് ഇവരുടെ നടപടികള്‍. വിശക്കുമ്പോള്‍ കടകളില്‍ അടക്കം കയറിച്ചെന്ന് ചീത്ത വിളിച്ച് ഭക്ഷണം വാങ്ങാറുണ്ട്. നഗരത്തിലെ വിവാഹ സ്ഥലങ്ങളിലെത്തിയും ഇതേ ശൈലി തുടരുന്നതായും പരാതി ഉയരുന്നുണ്ട്. ഏതാനും മാസം മുന്‍പ് ബാര്‍ ഹോട്ടലിന് സമീപം വച്ച് ഒരാളെ ഇവര്‍ ബ്ലേഡ് പോലുള്ള കത്തി ഉപയോഗിച്ച് മുറിവേല്പിച്ചിരുന്നു.
ഒരു മാസം മുന്‍പ് പോലീസ് സ്റ്റേഷന് മുന്പിലെ റോഡിലൂടെ നടന്ന് പോകുക ആയിരുന്ന അഭിഭാഷകയുടെ മാല പറിച്ചെടുക്കാന്‍ ഇവര്‍ ശ്രമിച്ചതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന യാചകന്റെ കാലില്‍ മുറിവ് ഏല്പിച്ച സംഭവത്തിലും നേരത്തെ കേസ് എടുത്തിരുന്നു. നഗരത്തില്‍ പിടിച്ചുപറിയും അക്രമങ്ങളും നടത്തുന്ന സാമൂഹിക വിരുദ്ധരായ സംഘങ്ങളുടെ ഒപ്പം ഇതേ സ്ത്രീയും ഉണ്ടാകാറുണ്ടെന്ന് കാല്‍നടയാത്രക്കാര്‍ പറയുന്നു. ലോക്ക് ഡൗണിനിടെ തൊടുപുഴ പോലീസ് സ്റ്റേഷന്റെ മുമ്പില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറ സിസ്റ്റം തകര്‍ത്തതും ഇവരാണ്.
നഗരത്തിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ശല്യമായി മാറിയ ഇവരെ പിടികൂടി പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് നഗരസഭയും പോലീസും ഒരു നടപടിയും എടുക്കുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. അക്രമം നടക്കുമ്പോള്‍ പോലീസ് കേസ് എടുക്കുന്നതല്ലാതെ തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടാകുന്നില്ല. അതിനാല്‍ ഇത്തരം അതിക്രമങ്ങള്‍ നഗരത്തില്‍ തുടരുകയാണ്. ബസ് സ്റ്റോപ്പുകളിലും മറ്റും സ്ഥിരമായി നിന്ന് യാത്രക്കാരെ ശല്യം ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
സമാനമായി നിരവധി പേര്
അതു പോലെ നഗരത്തില്‍ ജനങ്ങള്‍ക്ക് ഭീഷണി ആയി അലഞ്ഞു തിരിയുന്ന മറ്റ് ചില ആളുകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ഇത്തരം ആളുകളെ പിടികൂടി പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം എന്നാണ് നഗരവാസികള്‍ ആവശ്യപ്പെടുന്നത്. സെലീന അടക്കം ഇത്തരത്തില്‍ അലഞ്ഞ് തിരിയുന്നവര്‍ കൊറോണയുടെ പ്രശ്നമുണ്ടായിട്ടും മുഖാവരണം പോലും ധരിക്കാറില്ല. കയറിക്കിടക്കാന്‍ വീടില്ലാതിരിന്നിട്ടും മാറി മാറി ധരിക്കാന്‍ ഇഷ്ടം പോലെ വസ്ത്രവും മറ്റ് സൗകര്യങ്ങളും ഇവര്‍ക്ക് എവിടെ നിന്ന് കിട്ടുന്നുവെന്നും ഇതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ് അടക്കം പരിശോധിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.
ഇത്തരത്തിലൊരു മൊട്ടത്തലയുമായി നടക്കുന്ന ഒരാള്‍ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. പോലീസുകാരെ അടക്കം ഇയാള്‍ ആക്രമിച്ചിട്ടുണ്ട്. സമാനമായി തൊടുപുഴ അമ്പലത്തിന് സമീപത്തൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു യുവാവ് കൂടിയുണ്ട്. തനിച്ച് നടന്ന് വരുന്ന സ്ത്രീകളെ ഉപദ്രവിക്കുക ഇയാളുടെ സ്ഥിരം പണിയാണ്. ഇത്തരത്തില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 20ല്‍ അധികം പേരാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ഇവരില്‍ പ്രശ്നക്കാരയാവരെ എത്രയും വേഗം മാറ്റണമെന്നാണ് നഗരവാസികളുടെ ആവശ്യം.
സെലീനക്കെതിരെ പോലീസ് കേസെടുത്തു
സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരുക്കേല്പിച്ച സംഭവത്തില്‍ നഗരത്തില്‍ അലഞ്ഞ് നടക്കുന്ന സെലിന എന്ന സ്ത്രീയുടെ പേരില്‍ കേസ് തൊടുപുഴ പോലീസ് കേസ് എടുത്തു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സില്‍ കാവല്‍ ജോലി ചെയ്യുന്നതിനിടെയാണ് പട്ടാമ്പി കുമരനല്ലൂര്‍ മാവറ വീട്ടില്‍ മോഹനന് നായരുടെ ഇടത് കൈക്ക് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ചികിത്സയില്‍ ആയതിനാല്‍ സ്ഥാപന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തേകാലോടെ സെലീന, മോഹനന് നായര്‍ ജോലി നോക്കുന്ന സ്ഥലത്ത് എത്തി അസഭ്യം പറഞ്ഞു. മോഹന്‍ നായര്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മോഹനന് നായരുടെ കൈക്ക് സെലീന വെട്ടുകയായിരുന്നു. വലിയ മുറിവാണ് ഉണ്ടായത്, ഇതിനു സമീപം കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രണ്ട് പേര്‍ക്ക് നേരെയും ഇതേ സ്ത്രീ മൂര്‍ച്ചയേറിയ ആയുധം വീശി. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയവരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി മോഹനന് നായരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി.
മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും
യുവതിയെ മാനസിക ആരോഗ്യ കേന്ദ്രത്തലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് തൊടുപുഴ എസ്ഐ ബൈജു പി. ബാബു പറഞ്ഞു. താന്‍ ക്വാറന്റൈനിലാണെന്നും ഇത് പൂര്‍ത്തിയാക്കിയ ശേഷം നടപടി എടുക്കുമെന്നും എസ്ഐ പറഞ്ഞു.
ഇവരുടെ കൊറോണ പരിശോധന നടത്തിയ ശേഷം ഡോക്ടറുടെ മുന്നില്‍ ഹാജരാക്കണം. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം തൃശൂരിലെ ഇത്തരത്തിലുള്ള ആളുകളെ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ശ്രമം എന്നും എസ്ഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: