അരവിന്ദ-കരുണയുടെ പര്യായമാണിപ്പോള്‍ രോഗികള്‍ക്കിടയില്‍ ഈ പേര്. ആതുരസേവനം കച്ചവടമായി മാറിയ കാലത്ത് സേവനം പുണ്യമായി കരുതുന്ന ഒരു കൂട്ടായ്മ നയിക്കുമ്പോള്‍ അരവിന്ദ ആശുപത്രിക്ക് കരുണയുടെ കാവലാളാകാനേ പറ്റൂ. ഇത് കുറഞ്ഞൊരു നാള്‍കൊണ്ട് ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കിയ പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രിയുടെ നന്മയുടെ നാള്വഴിയിലേക്കൊരു സഞ്ചാരമാണ്.
സമൂഹത്തിന്റെ ദയാവായ്പിനായി കാത്തിരിക്കുന്ന ഒട്ടേറെ രോഗികള്‍. അവരെ കാണാന്‍ കണ്ണുള്ളവര്‍ കുറയുന്ന കാലം. മെച്ചപ്പെട്ട ഒരു ആശുപത്രിയുടെ പടി കടക്കണമെങ്കില്‍ കിടപ്പാടം വില്‍ക്കേണ്ട ഗതികേടുള്ളവര്‍. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാമെന്നുവച്ചാല്‍ കാലം ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഇനിയുമില്ല. രോഗി മരണത്തിന്റെ വഴിയിലേക്ക് സഞ്ചരിക്കുമ്പോഴും കാത്തിരിപ്പ് പട്ടികയില്‍ പോലും ഇടം നല്കാന് അവസരമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികളുടെ നാട്.
ഇവിടെയാണ് അരവിന്ദ കരുണയുടെ പാഠം സമൂഹത്തിന് പകരുന്നത്. വൃക്കരോഗം തകര്‍ത്ത നിരവധി പേരെ കൈപിടിച്ച് നെഞ്ചോടുചേര്‍ത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ച നന്മയാണ് അരവിന്ദയുടെ മുതല്‍ക്കൂട്ട്.
”ഇനിയെന്തു ചെയ്യും. ആരുമില്ല സഹായത്തിന്. ഒരുനേരത്തെ ആഹാരത്തിന് വഴിയില്ലാതെ ഞാനെന്റെ രോഗവുമായി ജീവിക്കുന്നതെന്തിന്? ഞാനിപ്പോള്‍ എന്റെ കുടുംബത്തിന് ബാധ്യതയാകാതിരിക്കണമെങ്കില് ആത്മഹത്യ ചെയ്യണം. അവരുടെ നല്ല ജീവിതത്തെക്കൂടി നശിപ്പിക്കാനുള്ള ജന്മമായല്ലോ ഞാന്‍…” ഇത് മരണത്തെ മുഖാമുഖം കണ്ട ഒരു വൃക്കരോഗിയുടെ വാക്കുകളാണ്. ആതുരസേവനത്തിന്റെ മികവില്‍ അഹങ്കരിക്കുന്ന കേരളത്തിലെ ഒരു സംവിധാനവും ഇവരുടെ രക്ഷക്കെത്തിയില്ല.
ആര്‍എസ്എസില്‍ നിന്ന് ഉയിരെടുക്കുന്ന ആശയം
ഇത് ഒരാളുടെ മാത്രം കഥയല്ല. കഥയെന്ന് പറയാനാകില്ല; ഇത് ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യം കാത്തിരുന്നാല്‍ ജീവന് വിലയില്ലാതാകുന്നത് എങ്ങനെയെന്നതിന് ഉദാഹരണമാകുമായിരുന്ന ജീവിതങ്ങളുടെ സങ്കടകഥ. ഇത് കാണാന്‍ ഒരുപറ്റം നല്ലയാള്‍ക്കാര്‍ ഉണ്ടായി എന്നത് കാലം അവര്‍ക്കായി കരുതി വച്ച കനിവാണ്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ആപ്തവാക്യം ജീവിത വ്രതമാക്കിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇവിടെ ജാതിമത ഭേദങ്ങളില്ല. സഹജീവികളായ ഓരോരുത്തരുടെയും കണ്ണീരൊപ്പാന്‍ കിട്ടുന്ന അവസരം ഈശ്വരസേവയെന്നു കരുതുന്ന അവര്‍ രൂപം കൊടുത്തതാണ് അരവിന്ദ ആശുപത്രി.
നിരന്തരം വേണ്ടിവരുന്ന ഡയാലിസിസ്, അതാണ് രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിന്റെ ചെലവ് സാധാരണക്കാരന് താങ്ങാനാവില്ല. നിശ്ചിത ഇടവേളകളില്‍ ഡയാലിസിസ് നടത്തിയില്ലെങ്കില്‍ ജീവന് അപകടത്തിലാവും. മികച്ച സേവനം ലഭിക്കണമെങ്കില്‍ സ്വകാര്യാശുപത്രികളിലെത്തണം. അതിനാകട്ടെ ഓരോ ഘട്ടത്തിലും പതിനായിരങ്ങള്‍ ചെലവ്.
ചെലവേറിയ ചികിത്സ ഏല്‍പ്പിക്കുന്ന കനത്ത ആഘാതം വൃക്കരോഗികളുടെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് സൗജന്യ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചിന്ത അരവിന്ദ ആശുപത്രി മാനേജ്മെന്റിന് ഉണ്ടായത്. കൊച്ചിന് ഷിപ്പ് യാര്‍ഡ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് ബി. രാധാകൃഷ്ണ മേനോന് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഡയാലിസിസ് യൂണിറ്റിന് ഫണ്ട് അനുവദിക്കുന്നകാര്യം അറിയിച്ചു. തുടര്‍ന്ന് കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സിഎസ്ആര്‍ ഫണ്ടായ 30 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ഡയാലിസസ് മെഷീനുകള്‍ വാങ്ങി. 2019 ഫെബ്രുവരി 16ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഡയാലിസിസ് വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇതുവരെ 1232 ഡയാലിസിസുകള്‍
നിലവില്‍ 10 രോഗികളെയാണ് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് 1200 രൂപ ആശുപത്രിക്ക് ചെലവ് വരുന്നു. യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഇതുവരെ 1232 ഡയാലിസിസുകള്‍ നടത്തിക്കഴിഞ്ഞു.
ഒരു മാസം 100 ഡയാലിസിസുകള്‍ ഇവിടെ നടക്കുന്നുണ്ട്. ഒരു വര്‍ഷം 16 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ആശുപത്രി മാനേജ്മെന്റിന് ചെലവ് വരുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തന ചെലവില്‍ നിന്നായിരുന്നു ഈ സൗജന്യ പദ്ധതിക്കുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശുപത്രി മാനേജ്മെന്റ് സഹായ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുകയാണ്. അടുത്തിടെ സേവാഭാരതി കേരളം നല്കിയ അഞ്ച് ലക്ഷം രൂപയാണ് ഇപ്പോഴത്തെ ആശ്വാസം.
ഇപ്പോള്‍ 40 അപേക്ഷകള്‍ സൗജന്യ സഹായം തേടി എത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പുതിയ അപേക്ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. നിലവില്‍ മൂന്ന് മെഷീനുകള്‍ ഉണ്ടെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരെണ്ണം കരുതലായി വയ്ക്കേണ്ട അവസ്ഥയാണ്. ഒരു രോഗിക്ക് ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് അഞ്ച് മണിക്കൂറോളം വേണ്ടിവരുന്നു. വിവിധ സംഘടനകള്‍ കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ ആശുപത്രിക്ക് നല്‍കാമെന്ന് അറിയിച്ചുണ്ടെങ്കിലും പ്രവര്‍ത്തന ചെലവ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ തടസ്സമാകുന്നതായി ആശുപത്രി മാനേജ്മെന്റ് ഭാരവാഹികള്‍ പറയുന്നു.
കെവിഎംഎസില്‍ നിന്ന് അരവിന്ദയിലേക്ക്
1976-ല്‍ കെവിഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് പിഎന്‍പി മെമ്മോറിയല്‍ ആശുപത്രി പൊന്‍കുന്നത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. 1990-ല്‍ ഇതിന്റെ പ്രവര്‍ത്തനം ആര്‍എസ്എസ് ഏറ്റെടുത്തു. പ്രവര്‍ത്തനം മുന്നോട്ട് പോകുമ്പോള്‍ 2015-ല്‍ ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയിലെ അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൂടുതല്‍ സജ്ജീകരണങ്ങളും മികച്ച ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി. നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം 2016 സെപ്റ്റംബര്‍ എട്ടിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് നിര്‍വ്വഹിച്ചു. നിലവാരമുള്ള ആരോഗ്യരക്ഷ കുറഞ്ഞ ചെലവില്‍ എന്ന ലക്ഷ്യവുമായാണ് ആശുപത്രി മുന്നോട്ടുപോകുന്നത്.
മൂന്ന് പതിറ്റാണ്ടായി കോട്ടയം ജില്ലയിലെ തലയെടുപ്പുള്ള വിദ്യാലയമായി നിലകൊള്ളുന്ന അരവിന്ദ വിദ്യാമന്ദിരം സേവനത്തിന്റെ മറ്റൊരു മുഖമാണ്. പാകതയുള്ള സമൂഹത്തെ വാര്‍ത്തെടുത്ത് രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ശ്രദ്ധ വയ്ക്കുന്ന പ്രസ്ഥാനമാണിത്. അരവിന്ദ വിദ്യാമന്ദിരത്തിന്റെ തുടക്കം ലളിതമായിരുന്നെങ്കിലും പ്രൗഢമായ നിലയിലേക്ക് വളര്‍ന്നു. അതിലൂടെ ഭാരത സംസ്കാരത്തിന്റെ പാരമ്പര്യം തിരിച്ചറിഞ്ഞ് വളര്‍ന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്ന് സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുകയാണ്. ഇതില്‍പ്പരം മറ്റെന്തുവേണം ചാരിതാര്‍ഥ്യത്തിന്.
ഭാസ്കര്‍റാവുജിയുടെ ആഹ്വാനം
വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ഭാരതീയ സംസ്കാരത്തിന്റെ മാധുര്യം പകര്‍ന്നു നല്കുന്ന ഒരു വിദ്യാലയം ആരംഭിക്കണം എന്ന ആഗ്രഹത്തില്‍ നിന്നാണ് അരവിന്ദ വിദ്യാമന്ദിരത്തിന്റെ പിറവി. രാഷ്ട്രീയ സ്വയംസവേക സംഘത്തിന്റെ കേരള പ്രാന്തപ്രചാരകും, പിന്നീട് വനവാസി കല്യാണാശ്രമം അഖിലഭാരതീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന സ്വര്‍ഗ്ഗീയ കെ. ഭാസ്കരറാവു ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി 1990 മാര്‍ച്ച് മാസം രണ്ടാം വാരത്തില്‍ ആനിക്കാട്ടുമെത്തി. സംഘപ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്കും സംഭാഷണത്തിനുമിടയില് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരായ സ്വയം സേവകരുടെ ഒരു നിരയുള്ള ഇവിടെ നിങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ എന്തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കണം. കഴിയുമെങ്കില്‍ ഒരു വിദ്യാലയം ആരംഭിക്കൂ. നേഴ്സറി സ്കൂളായി ആരംഭിച്ചാല്‍ മതി.” ആ കര്‍മ്മയോഗിയുടെ മന്ത്രസമാനമായ വാക്കുള്‍ സാര്‍ത്ഥകമാക്കാന്‍ 1990 മാര്‍ച്ച് 25ന് സംഘ സ്വയംസേവകരുടെയും അഭ്യുദയകാംക്ഷികളുടെയും ഒരു യോഗം ചേരുകയും, 1990 മെയ് 19ന് അരവിന്ദ വിദ്യാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിശ്ചയിക്കുകയും ചെയ്തു.
1995 നവംബര്‍ 10ന് കെ.ഭാസ്കര റാവുവും കവി കുഞ്ഞുണ്ണിമാഷും അരവിന്ദയുടെ വളര്‍ച്ചയിലെ സുപ്രധാന വഴിത്തിരിവിന് ആരംഭം കുറിക്കാനായി വീണ്ടും എത്തി. സ്വന്തമായി ലഭിച്ച സ്ഥലത്ത് പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം അന്ന് ഇരുവും ചേര്‍ന്ന് നടത്തി. അപ്പോഴേക്കും ഇരുന്നൂറ്റി അന്പതില്പരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരായ ഇരുപത് ജീവനക്കാരും ഏതാനും വാഹനങ്ങളുമുള്ള വിദ്യാലയമായി അരവിന്ദ മാറിയിരുന്നു.
പള്ളിക്കത്തോട് കവലയിലെ വാടക കെട്ടിടത്തിന്റെ മുറ്റത്ത് നടന്ന ലളിതവും മനോഹരവുമായ ചടങ്ങില്‍ അരവിന്ദ വിദ്യാമന്ദിരത്തിന്റെ ഉദ്ഘാടന കര്‍മ്മം കുഞ്ഞുണ്ണിമാഷ് നിര്‍വ്വഹിച്ചു. മുപ്പതോളം കുട്ടികളുമായി വാടകകെട്ടിടത്തില് നഴ്സറി വിദ്യാലയമായി ആരംഭിച്ച അരവിന്ദ ഇന്ന് 1700 കുട്ടികളും 75 അദ്ധ്യാപകരും 50 അനദ്ധ്യാപകരുമുള്ള ഹയര്‍ സെക്കന്ററി വിദ്യാലയമായി വളര്‍ന്നിരിക്കുന്നു.
ആയുര്‍വേദത്തിന്റെ മഹത്വം അറിയിച്ച്
മഹത്തായ ചികിത്സാപാരമ്പര്യമുള്ളതാണ് ആയുര്‍വേദം. അതിന്റെ പ്രയോജനം സാധാരണക്കാരന് കുറഞ്ഞ ചെലവില്‍ നല്‍കുന്നതിനും അരവിന്ദ അവസരമൊരുക്കി. അരവിന്ദ ആശുപത്രിയോട് അനുബന്ധിച്ചു തന്നെ ആയുര്‍വേദ ആശുപത്രിയുമുണ്ട്. ഇവിടെയും കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം നല്കാനാകുന്നു. അരവിന്ദയുടെ പിറവിക്ക് സാക്ഷിയായ പള്ളിക്കത്തോട് ഗ്രാമത്തിനുള്ള വരദാനമായി ഇപ്പോള്‍ അരവിന്ദ ക്ലിനിക്കും തുടങ്ങി. ഒപി വിഭാഗം ചികിത്സയാണ് ഇവിടെ നല്‍കുന്നത്.
ആശുപത്രികളില്ലാത്ത പ്രദേശത്ത് ജനങ്ങള്‍ക്ക് കൈത്താങ്ങാകുകയാണ് ഈ ക്ലിനിക്ക്. കൂടുതല്‍ ചികിത്സ വേണ്ടി വരുന്ന രോഗികളെ പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രിയിലെത്തിച്ച് സൗകര്യങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധാലുക്കളാണ് സേവനനിരതരായ സംഘം. ഭൗതിക നേട്ടമല്ല, നിഷ്കാമ കര്‍മത്തിലൂടെ ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള അവസരമാണ് അരവിന്ദയുടെ പ്രവര്‍ത്തകര്‍ ഓരോരുത്തരും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: