ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തകരുടെ സാമ്പത്തികസ്രോതസ്സ് പരിശോധിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ഈ മാസം നടത്തുന്ന യോഗം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അതി നിര്‍ണായകം. നേരത്തെ ആഗോള ഭീകര വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ ശക്തമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പുറമെ എഫ്എടിഎഫ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിലും ഉള്‍പ്പെടുത്തി. ഈ മാസം 21 മുതല്‍ 23 വരെയാണ് യോഗം. ഈ യോഗത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് എഫ്എടിഎഫ് സ്വീകരിക്കുമെന്നാണ് സൂചന.
ഗ്രേ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഇമ്രാന് ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കിയേക്കില്ല. 2019 ഒക്ടോബറിലാണ് പാക്കിസ്ഥാനില്‍ ഭീകരവാദ പ്രവര്‍ത്തനം വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് എഫ്എടിഎഫ് പുറത്തുവിട്ടത്. എന്നാല്‍ റിപ്പോര്‍ട്ടിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്റെ വാദം.
ഗ്രേ പട്ടികയില്‍ തുടര്‍ന്നാല്‍ ലോകബാങ്കില്‍ നിന്നടക്കം സാമ്പത്തിക സഹായം ലഭിക്കാന്‍ ബുദ്ധിമുട്ടായേക്കും. എഫ്എടിഎഫിന്റെ യോഗത്തിന് മുന്നോടിയായി ഭീകര സംഘടനകളുമായി ഇമ്രാന് ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാന് കേന്ദ്രമായ താലിബാന്, ഹഖാനി എന്നീ സംഘടനകളുമായി സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെന്നും പാക്കിസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ 66 സ്ഥാപനങ്ങള്‍ പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു. അഴിമതി, ലഹരിക്കടത്ത്, നികുതി വെട്ടിപ്പ്, കള്ളക്കടത്ത്, മനുഷ്യക്കടത്ത് എന്നിവയിലൂടെയും പണം സ്വരൂപിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതി ആരോപണം ഉള്‍പ്പെടെ വന്‍ പ്രതിഷേധം ഉന്നയിക്കുന്ന സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന എഫ്എടിഎഫ് യോഗം ഇമ്രാന് നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: