കൊച്ചി :സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടി. കേസില്‍ പ്രതി ചേര്‍ക്കാന്‍ നിലവിലെ മൊഴികള്‍ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. തുടര്‍ന്ന് നിയമോപദേശ പ്രകാരം നടപടികള്‍ കൈക്കൊള്ളും.
ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുണ്ടെങ്കിലും കാര്യങ്ങളില്‍ ഒന്നുകൂടി വ്യക്തത വരുത്തുന്നതിനാണ് നിയമോപദേശം തേടിയതെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് ദിവസം ശിവശങ്കറിനെ ചോദ്യം ചെയ്തെങ്കിലും ചൊവ്വാഴ്ച വീണ്ടും ഹാജരാകാനും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്.
ശനിയാഴ്ച 11 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് ശിവശങ്കറെ കസ്റ്റംസ് വിട്ടയച്ചത്. സ്വപ്നയ്ക്കായി ലോക്കര്‍ എടുത്തു നല്കിയതും ഇരുവരും തമ്മിലുളള വാട്സ്ആപ് ടെലിഗ്രാം ചാറ്റുകളും സംബന്ധിച്ചാണ് ശനിയാഴ്ച കസ്റ്റംസ് വ്യക്തത തേടിയത്. ശിവശങ്കറിന്റെ മൊഴിയെടുക്കല്‍ നടന്ന അതേസമയത്ത് തന്നെ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നീ പ്രതികളെ വിവിധ ജയിലുകളിലായി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കര്‍ പറയുന്നത് ശരിയാണോ എന്നറിയുന്നതിനായിരുന്നു ഇത്.
അതേസമയം ശിവശങ്കറിനേയും സ്വര്‍ണക്കടത്ത് കേസ് പ്രതികളേയും ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് വ്യക്തമായതായി സൂചന. നയതന്ത്ര ചാനലിലൂടെ സ്വപ്ന മുന്‍കൈയെടുത്ത് എത്തിച്ച നികുതിയടക്കാത്ത 17,000 കിലോ ഈന്തപ്പഴം വിതരണത്തിലെ ഇടപെടലും 8000 കിലോ ഇതില്‍ എവിടേക്ക് എത്തിയെന്നതും സംബന്ധിച്ച വ്യക്തതയ്ക്കായാണ് എം ശിവശങ്കറിനെ നോട്ടീസ് നല്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചതെങ്കിലും അന്വേഷണ പരിധിയിലുള്ള മറ്റ് കാര്യങ്ങളിലും ചോദ്യം ചെയ്യലുണ്ടായി.
സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടുകളിലും, ഒരുമിച്ചുള്ള വിദേശയാത്രകളെ കുറിച്ചും, വിദേശ കറന്‍സികള്‍ സ്വപ്ന യാത്രകളില്‍ കടത്തിയതിനെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നു.ഡിജിറ്റല്‍ തെളിവുകള്‍ കൂടി നിരത്തിയായിരുന്നു രണ്ടാം ദിനവും ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: