സ്വപ്നയും ശിവശങ്കരനും സന്ദീപ് നായരും സ്വര്‍ണക്കടത്തും ലൈഫ് മിഷനുമെല്ലാം കൂടി മുഖ്യമന്ത്രിയെ വളഞ്ഞിട്ട് പിടിക്കുകയാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ ഇമേജില്‍ കുടുംബപ്രേക്ഷകരുടെ ഹരമായി തള്ളിക്കയറിമുന്നേറുന്നതിനിടെയാണ് പിണറായി വിജയന് പെട്ടത്. ഒരു തരത്തിലല്ല, എല്ലാ തരത്തിലും വിജയന് ശനിദശയാണ്. ആള്‍ക്ക് അതില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല, ചിന്തിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ ദൃഷ്ടാന്തങ്ങളേറെയുണ്ട്. സംഗതി ശൗചാലയത്തിന്റെ പരസ്യമെന്ന് തോന്നുമെങ്കിലും ഒരുമാതിരി വെളിയിടവിസര്ജനകേന്ദ്രമായി കേരളത്തെയാകെ പരുവപ്പെടുത്തിയെടുത്തതില്‍ വിജയനും പാര്‍ട്ടി എന്ന കറക്കുകമ്പനിക്കുമുള്ള പങ്ക് ചെറുതായി കാണാനാവില്ല.
ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുംമുമ്പ് ജനാധിപത്യമര്യാദയുടെ പേരില്‍ സംസ്ഥാനങ്ങളോട് ആശയവിനിമയം നടത്താറുണ്ട് മോദി സര്‍ക്കാര്‍. അങ്ങനെ കേട്ടറിഞ്ഞ ആശയങ്ങളൊക്കെ ഒരുനാള്‍ മുമ്പേ വിളിച്ചുകൂവിയാണ് വിജയന് സൂപ്പര്‍ഹീറോയാകാന്‍ ഒരുങ്ങിയത്. വെളിയിട വിസര്‍ജ്യവിമുക്ത സംസ്ഥാനം, എല്ലാ വീടുകളിലും വൈദ്യുതി, ലൈഫ് തുടങ്ങി ഇരുപതിനായിരം കോടിയുടെ കൊറോണ കരുതല്‍ വരെ എല്ലാം അമ്മാതിരി കുറക്കുവഴി പരിപാടികളായിരുന്നു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്നു എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോഴെ വിജയനും പിആര്‍ മുതലാളിമാരും കെട്ടുകഥകളുമായി കുളിച്ചൊരുങ്ങി ആറുമണിത്തള്ളില് എല്ലാം വാരിവിതറും. ഒന്നും തങ്ങളുടെ കൈയിലേക്കല്ല, നേരെ ജനങ്ങള്‍ക്കാണ് പോകുന്നതെന്ന് അറിയുന്ന മാത്രയില്‍ വിജയന് പൊട്ടിത്തെറിക്കും, ഐസക്ക് പൊട്ടിക്കരയും. പിന്നെ മോദിവിരുദ്ധ ചര്‍ച്ചകളുമായി ചാത്തന്മാര് ചാനലുകള്‍ നിറയും. രണ്ടുദിവസത്തെ ആയുസ്സിനൊടുവില്‍ പിആര്‍ വര്‍ക്കുകളെല്ലാം ചീറ്റിപ്പോകുമ്പോള്‍ വിജയനും കൂട്ടരും കരുതലിന്റെ അടുത്ത ക്ലാസ് തുടങ്ങും.
‘എന്തൊരു കരുതലാണീ മന്സന്’ തുടങ്ങിയ വാത്സല്യത്തേന്മൊഴികളില് കുളിച്ചീറനണിഞ്ഞ് കുളിരുകോരി നില്‍ക്കുമ്പോഴാണ് ശിവശങ്കരനും സ്വപ്നയും ജലീലും ഈന്തപ്പഴവുമെല്ലാം കൂടി ചുറ്റിപ്പടരുന്നത്. സംഗതി കുരുക്കാവുമെന്ന് തോന്നിയപ്പോഴേ ആറുമണിത്തള്ളിന് വിജയന് ഷോര്‍ട്ട് ബ്രേക്ക് പ്രഖ്യാപിച്ചു. പിന്നെ ക്വാറന്റൈന്, ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടങ്ങിയ കലാപരിപാടികളിലേക്ക് നീങ്ങി. ഇമ്മാതിരി തരികിടകള്‍ കൊണ്ട് പണ്ടും പല കളികളും കളിച്ചിട്ടുള്ള പാര്‍ട്ടിയാണ് വിജയന്റേത്. അതുകൊണ്ട് ഏത് കളിയും ജനങ്ങള്‍ പ്രതീക്ഷിക്കണം.
പാര്‍ട്ടി കുരുക്കിലായപ്പോഴൊക്കെ ബോംബേറ്, കത്തിക്കുത്ത്, കൊലപാതകം, രക്തസാക്ഷികള്‍ തുടങ്ങി കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ തനിക്കൊണം നിറഞ്ഞുതുളുമ്പുന്ന എപ്പിസോഡുകള്‍ മുമ്പും പിറന്നിട്ടുണ്ട്. ആളെ വട്ടമിട്ട് വെട്ടിക്കൊന്നിട്ട് കാണിക്കുന്ന വൈകാരികപ്രകടനങ്ങളാണ് കേമം. അഭിനയത്തിന് ഓസ്കാറില്‍ കൂടുതലെന്തെങ്കിലുമുണ്ടെങ്കില്‍ അത് വിജയന്റെ പാര്‍ട്ടിക്കാര്‍ക്ക് തന്നെ നല്‍കണം. വിജയന് പിന്നെ പുരസ്കാരങ്ങള്‍ പുത്തരിയല്ല. പിഞ്ഞാണക്കണക്കിനാണ് സഖാവ് അത് വാരിക്കൂട്ടിയിട്ടുള്ളത്.
കൊറോണക്കാലത്ത് പുറത്തുവന്ന സ്വര്‍ണക്കടത്തുമുതല്‍ ലൈഫ് മിഷന് വരെയുള്ള കാട്ടുകൊള്ളയുടെ ഘോരാപരാധത്തില് നിന്ന് ഒളിച്ചോടാന്‍ വിജയനും കൂട്ടരും നടത്തിയ പൊറാട്ടുനാടകങ്ങള്‍ നിരവധിയാണ്. കേന്ദ്രസര്‍ക്കാരിനെ പഴിചാരി മടുത്തപ്പോള്‍ കര്‍ഷകബില്‍ മുതല്‍ ഹഥ്രാസ് വരെയുള്ളവ എടുത്ത് പയറ്റി ആളുകളിക്കാന്‍ നോക്കി. പിണറായി വിജയന്റെ ചെലവില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യനായി വിലസുന്ന യെച്ചൂരിയും കൂട്ടരും എന്‍ഐഎയുടെ സ്കാനറില്‍ പതിഞ്ഞതോടെ പേരിനെങ്കിലും ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയായി.
ഇതരസംസ്ഥാനതൊഴിലാളികള്‍ അതിഥികളായി. സ്വന്തം നാട്ടുകാര്‍ക്കില്ലാത്ത സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ അവര്‍ക്ക് നല്കി. സിഎഎ വിരുദ്ധ സമരമെന്ന പേരില്‍ രാജ്യവിരുദ്ധ കലാപം നടത്തിയവരൊക്കെ പിണറായിക്ക് അതിഥികളായി. അന്താരാഷ്ട്ര ഭീകരന്മാരൊക്കെ ഉണ്ടുറങ്ങി പാര്‍ക്കാന്‍ വിജയന്റെ ലാവണത്തിലേക്ക് വണ്ടിയിറങ്ങി. കൊറോണയുടെ പേരില്‍ മള്ടിനാഷണല് കമ്പനികളെ വിളിച്ചുവരുത്താന്‍ കരാറുണ്ടാക്കി. സ്പ്രിങ്കഌ അടക്കം വിവാദത്തിലായപ്പോള്‍ ‘അടിയന് ലച്ചിപ്പോം’ എന്ന മട്ടില്‍ ശിവശങ്കരന് രംഗത്തെത്തി. പിന്നെ ഒന്നിന് പിറകെ ഒന്നായി വിജയന് നേരെ ജനങ്ങള്‍ ചോദ്യമുയര്‍ത്തി. ചോദ്യങ്ങളെ പേടിച്ച് വിജയന് മാളത്തിലൊളിച്ചു. ‘ഒരു ചോദ്യം മതി, വീണ്ടും വീണ്ടും ചോദിക്കരുത്, ഇങ്ങനൊക്കെ ചോദിച്ചാല്‍ ഞാന്‍ മിണ്ടില്ല, ചോദിക്കുന്നവരെയൊക്കെ എനക്കറിയാം’ തുടങ്ങി കണ്ണുരുട്ടലുമായി വിലപേശാന്‍ നോക്കി. കേന്ദ്രമന്ത്രിക്കെതിരെ അധിക്ഷേപം പറയലായിരുന്നു അടുത്ത ഇനം. തെറിക്കുത്തരം മുറിപ്പത്തലെന്ന മട്ടില്‍ മറുപടി വന്നപ്പോള്‍ പിന്നെ കൊറോണ വ്യാപിപ്പിക്കുന്നത് സമരക്കാരാണെന്നായി. സ്ത്രീകളടക്കമുള്ളവര്‍ ‘സ്വര്‍ണക്കള്ളാ പിണറായീ’ എന്ന് തെരുവില്‍നിന്ന് ആര്‍ത്തുവിളിച്ചപ്പോള്‍ വിജയന് 144 എടുത്ത് വീശി. അതിനിടയില്‍ വെഞ്ഞാറമൂട്ടിലും തൃശൂരിലും വെട്ടുകൊണ്ട് മരിച്ചവന്റെ അവകാശം പറഞ്ഞ് കണ്ണീരൊഴുക്കി നോക്കി. ശവം കൊണ്ട് പിടിച്ചുനില്ക്കാനാകുമോ എന്ന പതിവ് പാര്ട്ടിതന്ത്രത്തിന്റെ നാറിയ മുഖം പുറത്തെടുത്തിട്ടും അന്വേഷണ ഏജന്‍സികള്‍ വിടുന്ന മട്ടില്ല.
സിബിഐ അടക്കമുള്ളവ വിജയന്റെ കറക്കുകമ്പനിക്ക് പിന്നാലെയാണ്. ഊരിപ്പോകാനുള്ള പഴുതുകളൊന്നും കാണുന്നില്ല. അല്ലെങ്കില്പിന്നെ ശിവശങ്കരന് പറഞ്ഞതുപോലെ ‘എനക്കൊന്നുമറിയില്ല, ആരോ പറഞ്ഞിടത്തൊക്കെ ശൂ വരയ്ക്കലായിരുന്നു പണി’ എന്ന് പറഞ്ഞ് അറിവില്ലാപ്പൈതലാകണം. അതിനാദ്യം മാസ്ക് താടിക്ക് തട്ടിവെച്ചുകൊണ്ടുള്ള ഈ തള്ളല്‍ അവസാനിപ്പിച്ച്, പറ്റാത്ത പണിക്കിറങ്ങിയതിന് മാപ്പ് പറഞ്ഞ് നിലത്തിറങ്ങണം. പക്ഷേ അങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍ വിജയന് പണ്ട് പറഞ്ഞതുപോലെ ഒരു സാധനം സ്വന്തമായി വേണം, ‘ഉളുപ്പെന്ന സാധനം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: