ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പു നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന് സമാധാന കൗണ്‍സില്‍ തലവന്‍ ഡോ. അബ്ദുള്ള അബ്ദുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെയാണ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്. അഫ്ഗാനിലെ താലിബാനുമായി ദോഹയില്‍ വച്ച് നടക്കുന്ന സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ അബ്ദുള്ള അബ്ദുള്ള പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ത്യ നല്കിയ സ്വീകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
ബുധനാഴ്ച ഇന്ത്യയിലെത്തിയ അബ്ദുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അത്താഴ വിരുന്നില്‍ വിവിധ സൈനിക തലവന്മാരും പങ്കെടുത്തു. ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനേയും അബ്ദുള്ള സന്ദര്‍ശിക്കും. അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് അഫ്ഗാന് പ്രതിനിധി എത്തിയത്. മൂന്ന് ദിവസത്തെ പാക്കിസ്ഥാന് സന്ദര്‍ശനത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: