ആലപ്പുഴ: വിദ്യാര്‍ത്ഥിയെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളും കുറ്റക്കാരെന്ന് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. സീത കണ്ടെത്തി. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും.
ഹരിപ്പാട് പള്ളിപ്പാട് ശരത് നിവാസില്‍ രാമചന്ദ്രന്റെ മകന് ശരത് ചന്ദ്രന്(ശംഭു-19) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പാട് സ്വദേശികളും, സഹോദരങ്ങളുമായ ശ്യാംദാസ്, ശരോണ്‍ ദാസ് സുഹൃത്തുക്കളായ ഹരീഷ്, സുനില്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍. 2011 മാര്‍ച്ച് 14ന് പള്ളിപ്പാട് പൊയ്യക്കരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികള്‍ കളിക്കുന്ന സ്ഥലത്ത് ചിലര്‍ മദ്യപിക്കുന്നത് ശരത് ചന്ദ്രന് ചോദ്യം ചെയ്തിരുന്നു. സംഭവദിവസം ശ്യാംദാസിന്റെ നേതൃത്വത്തില്‍ കളി തടസ്സപ്പെടുത്തി. ശരത് ചന്ദ്രന് ചോദ്യം ചെയ്തപ്പോള്‍ സ്റ്റമ്പ് ഊരി തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് അച്ഛന് എത്തിയാണ് ശരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ 16ന് മരിച്ചു. ഹരിപ്പാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ 22 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി. പി. ഗീതയും, അഡ്വ. പി.പി. ബൈജുവും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: