തിരുവല്ല: സഹകരണസംഘങ്ങളിലൂടെ നെല്ല് സംഭരിക്കാനുള്ള പദ്ധതിയിൽ നിന്ന് പത്തനംതിട്ട ജില്ല പുറത്ത്.കോട്ടയം,പാലക്കാട്,തൃശൂർ,ആലപ്പുഴ ജില്ലകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ അപ്പർകുട്ടനാട് ഉൾപ്പെടുന്ന പത്തനംതിട്ടയെ ഒഴിവാക്കി. നെല്ല് സംഭരണത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ നെൽകർഷകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
അപ്പർകുട്ടനാടൻ മേഖലയിൽ അടക്കം വരുന്ന പുഞ്ചകൃഷിയ്‌ക്കായി ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് നെല്ല് സംഭരണത്തിൽ നിന്ന് ജില്ലയെ മാറ്റിനിർത്തിയത്. സഹകരണസംഘങ്ങൾ 28 രൂപ 5 പൈസ നിരക്കിലാണ് നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്. നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുമെന്നാണ് പറയുന്നത്. സംഭരണത്തിന് നൂറ് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുമെന്നും സർക്കാർ പറയുന്നു.
ജില്ലയിൽ 3,000 ഹെക്ടറിലാണ് നെൽകൃഷിയുള്ളത്.അപ്പർ കുട്ടനാട്ടിൽ മാത്രം നിരണം, പെരിങ്ങര, കൂറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിലായി 2,000 ഹെക്ടറിൽ കൃഷിയിറക്കുന്നുണ്ട്. ആറന്മുള, കോഴഞ്ചേരി മേഖലകളിലും തരിശ് കിടന്ന പാടശേഖരങ്ങൾ കർഷകരുടെ കൂട്ടായ്‌മയിൽ കൃഷിയിറക്കി തുടങ്ങിയിട്ടുണ്ട്. കുറച്ച് വർഷങ്ങളായി മികച്ച് വിളവ് ലഭിക്കാൻ തുടങ്ങിയതോടെ ഒട്ടെറെ കർഷകർ നെൽകൃഷിയിലേക്ക് മടങ്ങി വന്നിട്ടുണ്ട്. എന്നാൽ അവരെയെല്ലാം നിരാശയിലാക്കുന്നതാണ് സർക്കാർ നടപടിയെന്ന് പാടശേഖര സമിതികൾ പറയുന്നു.സ്വകാര്യ മില്ലുകാർക്ക് ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്്ക്കൽ പറഞ്ഞു.
സഹകരണ സംഘങ്ങളുടെ നെല്ല് സംഭരണത്തിൽ നിന്ന് ജില്ലയെ ഒഴിവാക്കിയതോടെ ഇത്തവണയും ജില്ലയിലെ നെല്ല് സംഭരണം സ്വകാര്യ മില്ലുകാരുടെ നിയന്ത്രണത്തിലായിരിക്കും. സപ്ലൈക്കോയ്‌ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന ആക്ഷേപം വ്യാപകമാണ്. സ്വകാര്യമില്ലുകാർക്ക് പിന്തുണയായി സിഐടിയു യൂണിയനും ഉണ്ട്.നെല്ലിലെ ജലാംശത്തിന്റെ പേരിലും തൂക്കത്തിലും സ്വകാര്യ മില്ലുകാർ വലിയ തട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതി കർഷകർക്കുണ്ട്. അതേ സമയം സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണത്തിൽ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് കർഷകർ പറയുന്നു. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാൻ സഹകരണ സംഘങ്ങൾക്ക് ഗോഡൗൺ സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. കൂടാതെ സംഭരിച്ച നെല്ല് പിന്നീട് ആര് ഏറ്റെടുക്കുമെന്നതും പ്രശ്‌നമാണ്.
50 എക്കർ തരിശുഭൂമിയിൽ നെൽകൃഷി
തിരുവല്ല: കുറ്റൂർ കാറ്റാടികുരിശ് 50 ഏക്കർ തരിശ് പാടത്ത് നെൽകൃഷി ഒരുക്കാൻ കർഷക കൂട്ടായ്‌മ. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി 225 എക്കർ ഭൂമിയാണ് കൃഷിക്കായി നൽകിയിട്ടുള്ളത്. ഇതിൽ 175 എക്കർ ഭൂമിയാണ് കൃഷിയ്‌ക്കായി എടുത്തിട്ടുള്ളത്. ഇതിൽ വർഷങ്ങളായി തരിശിട്ട നെൽപ്പാടങ്ങളും കരഭൂമിയുമാണ് കുറ്റൂർ പഞ്ചായത്തിന്റെ ഇടപെടലിലൂടെ കതിരണിയുന്നത്. ഭക്ഷ്യസുരക്ഷയിൽ സ്വയം പര്യാപ്തത കെവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയാണ് നെൽവയലുകളുടെ നാടായ അപ്പർകുട്ടനാടിലെ കുറ്റൂരിന് വീണ്ടെടുക്കാൻ അവസരം ഒരുക്കുന്നത്. തരിശുനിലമായ 50 എക്കറിൽ നിലം ഉഴുകുന്ന ജോലികൾ പൂർത്തിയാക്കി. കർഷകർ, വിവിധ രാഷ്‌ട്രീയ പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതിയുടെയെല്ലാം മേൽനോട്ടത്തിലാണ് കൃഷിയിറക്കുന്നത്. മൂന്നു വർഷത്തിലധികമായി കാർഷിക പ്രവർത്തികൾ ചെയ്തിട്ടില്ലാത്തതോ പൂർണമായി കൃഷിക്ക് ഉപയോഗിക്കാത്ത പുരയിടമോ തരിശായി കണക്കാക്കിയാണ് സുഭിക്ഷ കേരളം പദ്ധതിയിൽ അനുകൂല്യം നൽകുന്നത്. മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങു വർഗങ്ങൾ,വാഴകൃഷി,പച്ചക്കറി,ചെറുധാന്യങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്യാം. ഉടൻ തന്നെ വിത നടക്കുമെന്നും അധികൃതർ അറിയിച്ചു.
പാടശേഖരങ്ങളിൽ പുഞ്ചകൃഷിയ്‌ക്കായി ഒരുക്കം
തിരുവല്ല: വരുന്ന പുഞ്ചകൃഷിയ്‌ക്കായി പാടശേഖരങ്ങളിൽ ഒരുക്കം തുടങ്ങി.അപ്പർകുട്ടനാടൻ മേഖലയിൽ അടുത്ത ആഴ്ചയോടെ വെള്ളം വറ്റിക്കൽ ജോലികൾ തുടങ്ങും.ജലനിരപ്പ് താഴ്ന്ന പാടശേഖരങ്ങളിൽ നിന്ന് കർഷകർ പായലും പോളയും ആമ്പലും മറ്റും നീക്കം ചെയ്ത് തുടങ്ങി.കൂടാതെ ബണ്ട് ബലപ്പെടുത്തുന്ന ജോലികളും നടക്കുകയാണ്.അതേ സമയം കഴിഞ്ഞ പ്രളയത്തിലെ നഷ്ടപരിഹാരം പോലും കർഷകർക്ക് കിട്ടിയിട്ടില്ല. ഇതിനുള്ള അപേക്ഷകൾ കൃഷി ഭവനുകളിൽ തുടർ നടപടികൾ സ്വീകരിക്കാതെ കെട്ടിക്കിടക്കുകയാണെന്നാണ് ആരോപണം.ഒക്ടോബർ അവസാനത്തോടെ വിത ആരംഭിക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: